
കോട്ടയം: ഗായകൻ യേശുദാസ്, മലയാളികളുടെ വാനമ്പാടി കെ.എസ് ചിത്ര, നിത്യഹരിത നായകൻ പ്രേംനസീർ എല്ലാം സത്യന്റെ കൊച്ചുകടയിലുണ്ട്. തോട്ടയ്ക്കാട് കോട്ടുകുന്നേൽ പി.വി സത്യന്റെ മാടക്കടയിലാണ് ഇവരുടെയെല്ലാം ജീവസുറ്റ ചിത്രങ്ങളുളളത്.
ഒന്നരവർഷം മുമ്പാണ് തോട്ടക്കാട് അമ്പല കവലയ്ക്ക് സമീപത്തായി സത്യൻ കട ആരംഭിച്ചത്. കോട്ടയത്ത് ആർട്ടിസ്റ്റ് വാസന്റെ ശിക്ഷണത്തിലാണ് ചിത്രകലയുടെ ബാലപാഠങ്ങൾ അഭ്യസിച്ചത്. പിന്നീട്, ജീവിതം കാർപെൻഡർ ജോലിയിലായി. വർഷങ്ങളോളം ഈ ജോലിയിൽ തുടർന്നതിന് ശേഷമാണ് സത്യൻ മാടക്കട ആരംഭിക്കുന്നത്. ഒഴിവു സമയങ്ങളിലാണ് വരയ്ക്കാൻ സമയം കണ്ടെത്തുന്നത്. കളർ പെൻസിൽ കൊണ്ട് മിഴിവാർന്ന ചിത്രങ്ങളാണ് പിറവിയെടുക്കുന്നത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ചിത്രം വരയ്ക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിട്ടുണ്ട്. സെലിബ്രിറ്റികളുടെ മാത്രമല്ല സാധാരണക്കാരുടെ ചിത്രങ്ങളും വരച്ചു നൽകും. ചിത്രം വരച്ചു നൽകണമെന്നാവശ്യപ്പെട്ട് നിരവധി പേർ സമീപിക്കുന്നുണ്ട്. കുടുംബത്തിന്റെ പരിപൂർണ്ണ പിന്തുണയുമുണ്ട് സത്യന്റെ വിജയത്തിന് പിന്നിൽ. ഉഷയാണ് ഭാര്യ. ശരത്തും ശില്പയുമാണ് മക്കൾ. ഇരുവർക്കും ചിത്രകലയിൽ വാസനയുണ്ട്.