
കോട്ടയം: നടപ്പാതയ്ക്ക് നടുവിൽ ക്രാഷ് ബാരിയർ നിർമ്മിച്ച് അധികൃതർ. വൈക്കം വെച്ചൂർ റോഡിൽ അഞ്ചുമനപാലത്തിലാണ് വ്യത്യസ്തമായ ഈ നിർമാണം. അടുത്തകാലത്താണ് പാലത്തിന്റെ അപ്രോച്ച് റോഡ് മണ്ണിട്ടുയർത്തി ടാർ ചെയ്തത്. റോഡിൽ നടപ്പാതയും നിർമ്മിച്ചു. കൂടാതെ, വാഹനങ്ങൾ അപകടത്തിൽപ്പെട്ട് താഴേയ്ക്ക് പതിക്കാതിരിക്കാൻ ക്രാഷ് ബാരിയറും സ്ഥാപിച്ചു. സാധാരണ റോഡ് അവസാനിക്കുന്ന ഭാഗത്തും നടപ്പാത ആരംഭിക്കുന്ന ഭാഗത്തുമാണ് ബാരിയർ സ്ഥാപിക്കുന്നത്. എന്നാൽ അഞ്ചുമനപാലത്തിൽ മദ്ധ്യഭാഗത്താണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.
1956ൽ നിർമ്മിച്ച പാലം അപകടഭീഷണിയെ തുടർന്ന് 2020 ഒക്ടോബറിലാണ് പൊളിച്ചുമാറ്റിയത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 3.31 കോടി രൂപ മുതൽ മുടക്കിൽ 18 മീറ്റർ നീളത്തിൽ ഒരു വർഷത്തിനകം പാലത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പാലത്തിന് മതിയായ ഉയരമില്ല, വെച്ചൂർ പൊലീസ് ഔട്ട് പോസ്റ്റിന് സമീപത്തെ സ്ഥലം ഏറ്റടുക്കൽ സംബന്ധിച്ച് ഉടമയുമായി തർക്കം തുടങ്ങി വിവിധ കാരണങ്ങളാൽ നിർമാണം നീണ്ടുപോയി. കുമരകം ജി.20 ഉച്ചകോടിയുടെ ഷെർപ്പ സംഗമത്തോട് അനുബന്ധിച്ച് നിർമ്മാണം നിലച്ച പാലം കൂറ്റൻ ഫ്‌ളെക്‌സ് ഉപയോഗിച്ച് മറച്ചു വെച്ചതും ഏറെ ചർച്ചയ്ക്ക് കാരണമായി. തുടർന്നും ഇതുപോലുള്ള സമ്മേളനങ്ങൾ നടക്കുമ്പോൾ നടപ്പാതയിലെ ക്രാഷ് ബാരിയറും മറച്ചുവെയ്ക്കുമോയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
നാല് വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത്. നടപ്പാതയിലൂടെ നടക്കാൻ യാത്രികർ പ്രയാസമനുഭവപ്പെടുന്നു. ഇത്തരത്തിലുള്ള അനാസ്ഥ നിറഞ്ഞ പ്രവർത്തനം മൂലം കാൽനടയാത്രികർ റോഡിലേക്ക് ഇറങ്ങിനടക്കേണ്ട ഗതികേടിലാണ്. -കെ.ആർ ഷൈലകുമാർ, വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ്.