
എലിക്കുളം: പ്ലൈവുഡ് ഫാക്ടറിയുടെ നിർമ്മാണത്തിനെന്ന പേരിൽ വൻതോതിൽ അനധികൃത മണ്ണെടുപ്പും പാറ പൊട്ടിക്കലും നടത്തുകയാണെന്നും ഇത് ആളുറമ്പ് മേഖലയ്ക്ക് ഭീഷണിയാണെന്നും ആരോപിച്ച് ആക്ഷൻ കൗൺസിൽ സമരരംഗത്തേക്ക്. എലിക്കുളം പഞ്ചായത്തിലെ നാലാം വാർഡിലെ ആളുറമ്പിലാണ് മണ്ണെടുപ്പും, പാറ പൊട്ടിക്കലും. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകർക്കുന്ന മണ്ണെടുപ്പും, പാറ പൊട്ടിക്കലും നിറുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അനധികൃത നിർമ്മാണത്തിനെതിരെ പഞ്ചായത്തംഗമായ മാത്യൂസ് പെരുമനങ്ങാട് അടിയന്തിര പ്രമേയം അവതരിപ്പിച്ചുവെങ്കിലും പ്രമേയം പാസാകാതെ പോവുകയായിരുന്നു. തുടർന്നാണ് പ്രദേശവാസികൾ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. രക്ഷാധികാരികളായി തോമാച്ചൻ പാലക്കുടിയിൽ, പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, ജയിംസ് ജീരകത്തിൽ, എം.ആർ.സരീഷ്‌കുമാർ എന്നിവരെ തെരഞ്ഞെടുത്തു. സോജൻ പാലക്കുടിയിൽ (ചെയർമാൻ), തൊമ്മച്ചൻ ഈറ്റത്തോട്ട് (കൺവീനർ), ജിമ്മിച്ചൻ മണ്ഡപത്തിൽ (വൈ.ചെയർമാൻ) എന്നിവരുൾപ്പടുന്ന കമ്മിറ്റിയേയും തെരഞ്ഞെടുത്തു.