nagarasabha

പാലാ: നഗരത്തിലെ മിനി സിവിൽ സ്റ്റേഷന് എതിർവശത്തുള്ള നടപ്പാതയിലെ കൈയ്യേറ്റം തന്റെ ശ്രദ്ധയിൽപെട്ടുവെന്നും ഇത് ഗുരുതരമായ നിയമലംഘനമാണെന്ന് ബോധ്യപ്പെട്ടുവെന്നും നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തൻ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ ഈ കൈയ്യേറ്റം ഒഴിപ്പിച്ചിരിക്കുമെന്നും ചെയർമാൻ കൗൺസിലിനെ അറിയിച്ചു.

ഇന്നലെ കൗൺസിൽ യോഗം ആരംഭിച്ചയുടൻ ഇതു സംബന്ധിച്ച് ''കേരള കൗമുദി'' പ്രസിദ്ധീകരിച്ച ''തകൃതിയായ കൈയ്യേറ്റം, തടയാതെ ഉദ്യോഗസ്ഥർ'' എന്ന വാർത്ത ഉയർത്തിക്കാട്ടി പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയാണ് വിഷയം കൗൺസിൽ യോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. കൈയ്യേറ്റം ബോധ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത മുനിസിപ്പൽ ഉദ്യോഗസ്ഥരുടെ നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇതോടെയാണ് പ്രശ്‌നം തന്റെ ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും താൻ നേരിട്ട് സ്ഥലം സന്ദർശിച്ചുവെന്നും ചെയർമാൻ കൗൺസിലിനെ അറിയിച്ചത്.

റവന്യു അധികാരികളുടെ മൂക്കിൻതുമ്പിൽ ഇങ്ങനെയൊരു കൈയ്യേറ്റം നടന്നിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതാണ് വിചിത്രമായത്. പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ ഇത് സംബന്ധിച്ച് തുടരെ പരാതികൾ കൊടുക്കുകയും നഗരസഭയിൽ വിവരാവകാശ പ്രകാരം അപേക്ഷ നൽകുകയും ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തിന് കിട്ടിയ മറുപടിയിൽ ഈ ഭാഗത്ത് നടപ്പാതയിൽ കൈയ്യേറ്റമുണ്ടെന്ന് നഗരസഭാ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കിയിരുന്നു.
നിയമവിരുദ്ധമായാണ് ഒരു വ്യാപാരസ്ഥാപനം ഫുട്പാത്ത് കൈയ്യേറിയിട്ടുള്ളത്. ഇത് യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതോടൊപ്പം നടപ്പാതയിലെ അനധികൃത സ്ലാബും മാറ്റേണ്ടതുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ ഇവ മാറ്റിയിരിക്കും. ഇത്തരം അനധികൃത കൈയ്യേറ്റങ്ങൾ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും ചെയർമാൻ വ്യക്തമാക്കി.

ധർണസമരം ഇന്ന്

നിയമലംഘനം കണ്ടിട്ടും നടപടി സ്വീകരിക്കാത്ത മുനിസിപ്പൽ ഉദ്യോഗസ്ഥരുടെ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്ന് രാവിലെ 10 ന് അനധികൃത നിർമ്മാണമുള്ള സ്ഥലത്ത് ഒറ്റയാൾ സമരം നടത്തുമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ മുന്നറിയിപ്പ് നൽകി.