
പാലാ: പാലാ പൊൻകുന്നം റോഡിൽ കടയം ഭാഗത്ത് റോഡിന് സംരക്ഷണ ഭിത്തിയില്ലാത്തത് അപകടഭീതി ഉയർത്തുന്നു. ശബരിമല സീസൺ ഉടൻ ആരംഭിക്കാനിരിക്കേ അപകടസാദ്ധ്യത വർദ്ധിപ്പിക്കും. തീർത്ഥാടന പാതയിലെ ഈ അപകടക്കെണികളൊഴിവാക്കാൻ നടപടി ഉണ്ടാവാത്തതിൽ പ്രതിഷേധമുയരുന്നുണ്ട്. തീർത്ഥാടകരുടെ തിരക്കേറെയുള്ള പ്രധാന പാതയായ കടയം ഭാഗത്ത് മീനച്ചിൽ തോടിനാണ് സംരക്ഷണഭിത്തി ഇല്ലാത്തത്.
പ്രധാന ഇടത്താവളമായ കടപ്പാട്ടൂരിൽ വിരിവച്ച് മലയാത്ര തുടരുന്നവർ ആശ്രയിക്കുന്ന ഏക വഴിയാണിത്.
പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ ഈ റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന കടന്നുപോകുന്നത്. തീർത്ഥാടന കാലമാകുമ്പോഴേക്കും വാഹനങ്ങളുടെ എണ്ണം ആയിരക്കണക്കായി വർദ്ധിക്കും. ഈ ഭാഗത്ത് നിരവധി അപകടങ്ങളാണ് അടുത്തകാലത്ത് ഉണ്ടായത്.
സംരക്ഷണ ഭിത്തി നിർമ്മാണം വൈകുന്ന സാഹചര്യത്തിൽ ക്രാഷ് ബാരിയർ ഉടനടി സ്ഥാപിച്ച് അപകടസാദ്ധ്യത ഒഴിവാക്കണം. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാദ്ധ്യതയേറെയാണ്. അടുത്തിടെയും ഈ ഭാഗത്ത് ഒരു കാർ തോട്ടിലേക്ക് മറിഞ്ഞിരുന്നു.
ഇന്ന് നിവേദനം നൽകും
പാലാ നഗരസഭയുടെ അതിർത്തിയിലുള്ള ഭാഗത്താണ് തോടിന് സംരക്ഷണഭിത്തിയില്ലാത്ത്. മുത്തോലി പഞ്ചായത്തും പാലാ നഗരസഭയും അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. ഇവിടെ എത്രയും വേഗം സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ദേവസ്വം മന്ത്രി വി.എൻ. വാസവനും കോട്ടയം ജില്ലാ കളക്ടർക്കും ഇന്നുതന്നെ നിവേദനം നൽകും.
പ്രൊഫ. സതീശ് ചൊള്ളാനി, പാലാ നഗരസഭാ പ്രതിപക്ഷ നേതാവ്.