വൈക്കം: ജനമൈത്രി പൊലീസ് സ്റ്റേഷനാണ് വൈക്കത്തേത്. ജനങ്ങളോടുള്ള മൈത്രി നഷ്ടമാകാതെ തന്നെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന സ്റ്റേഷനുകളിലൊന്ന്. പക്ഷേ ചരിത്രം ഒരു വശത്ത് ഉറങ്ങുമ്പോഴും ജനമൈത്രി പിൻതുടരുമ്പോഴും പരാധീനതകൾ ഇവിടെയും ഏറെയുണ്ട്.

സ്റ്റേഷൻ ഹൗസ് ഓഫീസർ മുതൽ സിവിൽ പൊലീസ് ഓഫീസർ വരെയായി 72 ഉദ്യോഗസ്ഥർ ഇവിടെയുണ്ട്. ഇത്രയും പേർക്ക് ജനങ്ങളിലേക്കിറങ്ങിച്ചെല്ലാൻ ഉള്ളതാകട്ടെ കാലപ്പഴക്കം ചെന്ന മൂന്ന് വാഹനങ്ങൾ. അറ്റകുറ്റപ്പണികൾ ഒഴിഞ്ഞ നേരമില്ല. ചെറിയ പണികളൊക്കെ പൊലീസുകാർ സ്വന്തം പോക്കറ്റിൽ നിന്ന് പണംമുടക്കി തീർക്കും. അല്ലാതെ നിർവാഹമില്ല. കേസുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ വലിയ തോതിൽ പേപ്പർ സ്വന്തമായി വാങ്ങണം. സ്റ്റേഷനിലെ ഒട്ടുമിക്ക പർച്ചേസും ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നാണ്. പണ്ടൊക്കെ കക്ഷികളെക്കൊണ്ട് വാങ്ങിപ്പിക്കുന്ന പതിവുണ്ടായിരുന്നു. ഇപ്പോൾ കാലം മാറി. പൊലീസുകാരും മാറി. കക്ഷികളും മാറി.

ക്യാമറകൾ നോക്കുകുത്തി

സി.കെ. ആശ എം.എൽ.എ അനുവദിച്ച മുപ്പതിലേറെ സി.സി ക്യാമറകൾ നഗരത്തിലെമ്പാടുമായി സ്ഥാപിച്ചിരുന്നു. ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണത്തിലുമെല്ലാം ഈ കാമറകൾ വലിയ സഹായമാണ് പൊലീസിന് നൽകിയിരുന്നത്. പക്ഷേ ക്യാമറകൾ ഒന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അറ്റകുറ്റപണിയുടെ അഭാവമാണ് കാരണം.

ചോർന്നൊലിക്കും...
വനിതാ പൊലീസിന്റെ വിശ്രമമുറി ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് നാളുകളായി. സ്ത്രീകൾക്കും കുട്ടികൾക്കുമായി ഒരു വനിതാസെൽ ഉണ്ടായിരുന്നത് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ടോയ്ലറ്റ് സൗകര്യങ്ങളുണ്ടെങ്കിലും അത് കൃത്യമായി ശുചീകരിക്കാനും ജീവനക്കാരില്ല.അതിനായി ഒരു താത്കാലിക ജീവനക്കാരൻ മാത്രമാണുള്ളത്.

എന്നും ചരിത്രത്തോടൊപ്പം

നാടിന്റെ നവോത്ഥാന ചരിത്രത്തിലെ തന്നെ തിളക്കമാർന്ന അദ്ധ്യായമായ വൈക്കം സത്യഗ്രഹത്തിലൂടെ വൈക്കം പൊലീസ് സ്റ്റേഷൻ ഭാരത ചരിത്രത്തിന്റെ തന്നെ ഭാഗമായതാണ്. 1902 ലാണ് വൈക്കം പൊലീസ് സ്റ്റേഷൻ സ്ഥാപിതമായത്. സത്യഗ്രഹസമര സേനാനികളിൽ നിരവധി പേരെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചത് ഇവിടെയാണ്. അവരിൽ പ്രധാനിയാണ് തമിഴകത്തെ ദ്രാവിഡ നേതാവ് തന്തൈ പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കർ. അന്ന് പെരിയാറിനെയടക്കം അടച്ചിട്ട സ്റ്റേഷൻ കെട്ടിടവും തടവറയുമെല്ലാം ഇപ്പോഴുമുണ്ട്. ആ പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൽ നിലവിൽ പഴയ ഫയലുകളും മറ്റും സൂക്ഷിക്കുകയാണ്.