
കോട്ടയം: കാരാപ്പുഴ പാലത്തിന്റെ കൈവരി തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വർഷം കുറേയായി. അപകടാവസ്ഥയിൽ കോൺക്രീറ്റ് കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്നു. പാലത്തിന്റെ മദ്ധ്യഭാഗത്തെ കോൺക്രീറ്റ് തൂൺ തകർന്നൊടിഞ്ഞ് നടപ്പാതയിലേക്കും തള്ളിനിൽക്കുന്നു. ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
പാലത്തിന്റെ കൈവരി ഉൾപ്പെടെ പല ഭാഗത്തും കോൺക്രീറ്റ് അടർന്ന് മാറിയിട്ടും നാളിതുവരെ പുനർനിർമ്മിക്കുന്നതിന് നടപടിയില്ല. നിരവധി പേരാണ് തകർന്നു കിടക്കുന്ന കൈവരിയ്ക്ക് സമീപത്തെ നടപ്പാതയിലൂടെ കടന്നു പോകുന്നത്. കോൺക്രീറ്റ് തകർന്ന ഭാഗത്ത് പുല്ലുപടർന്ന് പിടിച്ച നിലയിലുമാണ്. കൂടാതെ കാലപ്പഴക്കം ചെന്ന പാലത്തിന്റെ കൈവരിയുടെ സിമന്റ് പലഭാഗത്തും ഇളകി മാറിയ നിലയിലുമാണ്. സിമന്റ് അടർന്ന് മാറിയ ഭാഗത്ത് കോൺക്രീറ്റ് കമ്പി പുറത്തേക്ക് തള്ളിനിൽക്കുന്നത് അപകടത്തിനും ഇടയാക്കുന്നു. നടപ്പാതയിലെ ടൈൽ ഇളകി മാറിയ നിലയിലുമാണ്. അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു. 2010 ൽ വി.എൻ വാസവൻ എം.എൽ.എ ആയിരുന്ന കാലത്താണ് കാരാപ്പുഴ പാലത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നത്.
കാരാപ്പുഴ റോഡിന്റെ വശങ്ങളിൽ ഓടകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനം പുരോഗതിയിലാണ്. ഇതിന് സമീപത്തായാണ് പാലത്തിന്റെ കൈവരി തകർന്നുകിടക്കുന്നതും. ഓടനവീകരണത്തിനൊപ്പം തകർന്ന കൈവരി പുനർനിർമ്മിക്കണമെന്ന ആവശ്യവും ഉയരുന്നു.