thodu

കോട്ടയം: നിയമങ്ങളും നിർദേശങ്ങളും ഒരു വശത്ത് നിൽക്കുമ്പോഴും മാലിന്യം തള്ളലിന് കുറവില്ല. നഗരത്തിന്റെ വിവിധയിടങ്ങളിൽ മാലിന്യം തള്ളുന്നത് തടയാനാവാതെ അധികൃതർ. നഗരസഭ അധികൃതരുടെ മൂക്കിനു കീഴിലാണ് മാലിന്യം തള്ളൽ. ശുചീകരണ തൊഴിലാളികളെത്തി വൃത്തിയാക്കി മടങ്ങും. വീണ്ടും മാലിന്യം തള്ളും. ഇതാണവസ്ഥ. പിടിക്കപ്പെട്ട ചില സാമൂഹ്യവിരുദ്ധർക്കെതിരെ ശിക്ഷാനടപടികൾ ഉൾപ്പെടെ സ്വീകരിച്ചെങ്കിലും മാലിന്യം തള്ളുന്നത് പൂർണമായി തടയാൻ സാധിക്കുന്നില്ല.

തള്ളുന്നത് ഇവിടങ്ങളിൽ

കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെയാണ് ബൈപ്പാസ് റോഡുകളിലും തോടുകളിലും തള്ളുന്നത്. കഴിഞ്ഞദിവസമാണ് നാട്ടകം തിരുവാതുക്കൽ ബൈപ്പാസ് റോഡിൽ ടാങ്കർ ലോറിയിൽ ശുചിമുറി മാലിന്യങ്ങൾ തള്ളിയത്. ഇന്നലെ രാവിലെ മണിപ്പുഴ നാട്ടകം ഗസ്റ്റ് ഹൗസ് റോഡരികിലെ തോട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ വ്യാപകമായി സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളി. തോട്ടിൽ നിന്നും രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാക്കിൽകെട്ടിയ നിലയിൽ മാലിന്യങ്ങൾ കണ്ടെത്തിയത്.

നഗരത്തിൽ ശുചിമുറി മാലിന്യം തള്ളാനെത്തുന്ന വാഹനങ്ങൾക്കും ലോറികൾക്കും സംഘങ്ങൾക്കും ലൈസൻസില്ല. ലോറികളിൽ വ്യാജ നമ്പർ പ്ലേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഭീമമായ തുകയാണ് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഇതിനായി ഈടാക്കുന്നത്. അന്യജില്ലകളിലെ വാഹനങ്ങളുടെ നമ്പരാണ് കൂടുതലായും സ്ഥാപിച്ചിരിക്കുന്നത്.

ശക്തമാക്കണം ഇവ


മാലിന്യം തള്ളുന്നത് തടയാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം.

-ഷീജ അനിൽ, നഗരസഭാംഗം