headmistress

പാലാ: ഭക്ഷണവും വസ്ത്രവും കളറാക്കി കലോത്സവ വേദിയിൽ തിളങ്ങി പ്രഥമാദ്ധ്യാപികമാർ. വിളക്കുമാടം സെന്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പാലാ വിദ്യാഭ്യാസ ഉപജില്ല സ്‌കൂൾ കലോത്സവത്തിലാണ് ഒരേ വേഷത്തോടെ എത്തിയ പ്രഥമാദ്ധ്യാപികമാർ ശ്രദ്ധേയരായത്. മേളയിലെ ഫുഡ് കമ്മറ്റിയുടെ ചുമതലയായിരുന്നു ഇവർക്ക്. പീച്ച് നിറത്തിലുള്ള ചുരിദാറായിരുന്നു എട്ട് പ്രഥമാദ്ധ്യാപകരുടെയും വേഷം. ഫുഡ് കമ്മറ്റിയിലെ ഒരാൾ മാത്രം സാരിയുടുത്തു.

അളനാട് ഗവ. യു.പി. സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ബിന്ദു എം.എൻ, പാലാ സൗത്ത് കടയം ഗവ. എൽ.പി. സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ബിന്ദു ജി, അരുണാപുരം ഗവ. എൽ.പി. സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ഡെയ്‌സി, പാറപ്പള്ളി ഗവ. എൽ.പി. സ്‌കൂളിലെ ഹെഡ്മിസ്ട്രസ് സുമ ബി. നായർ, ന്യൂ പുലിയന്നൂർ ഗവ. എൽ.പി. സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ആശ ബാലകൃഷ്ണൻ, വെള്ളിയേപ്പള്ളി ഗവ. എൽ.പി. സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ടി.കെ. മഞ്ജുറാണി, കയ്യൂർ ഗവ. എൽ.പി. സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ഗിരിജ കെ.എം., നെച്ചിപ്പുഴൂർ ഡി.വി. എൻ.എസ്.എസ്. എൽ.പി. സ്‌കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ജി. നായർ എന്നിവരാണ് ഒരേ നിറത്തിലുള്ള ചുരിദാറണിഞ്ഞത്. മേലമ്പാറ ഗവ. എൽ.പി. സ്‌കൂളിലെ ഹെഡ്മിസ്ട്രസ് എ.പി. ഇന്ദുലേഖയായിരുന്നു ഇവരിലെ ഏക സാരിക്കാരി.

''കുട്ടികൾക്കൊപ്പം കലോത്സവം ഞങ്ങൾക്കും ഹരമാണ്. അതുകൊണ്ടുതന്നെ ഒരേ വേഷം അണിഞ്ഞ് കലോത്സവത്തിന് എത്തണമെന്ന പാലാ വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂളുകളിലെ ഹെഡ്മിസ്ട്രസുമാരായ ഞങ്ങൾ നേരത്തെതന്നെ തീരുമാനിച്ചിരുന്നു'' അളനാട് ഗവ. യു.പി. സ്‌കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു എം.എൻഉം നെച്ചിപ്പുഴൂർ ഡി.വി. എൻ.എസ്.എസ്. എൽ.പി. സ്‌കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ജി. നായരും, ''കേരള കൗമുദി''യോട് പറഞ്ഞു.