nadapatha

പാലാ: നഗരത്തിലെ നടപ്പാത കൈയ്യേറ്റങ്ങൾക്കെതിരേ പ്രതിഷേധം വ്യാപകമാകുന്നു. മുഴുവൻ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തുവരുന്നുണ്ട്. വി ഫോർ പാലാ രൂപീകരണ യോഗം ഈ ആവശ്യം ഉന്നയിച്ച് പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. നിരവധി പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ നടപ്പാതകൾ കൈയ്യടക്കി വച്ചിരിക്കുകയാണെന്നും അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം നടപടികളെന്നും അവർ ചൂണ്ടിക്കാട്ടി.

ചിലയിടങ്ങളിൽ നടപ്പാതകൾ സ്ഥാപനങ്ങളുടെ താത്പര്യാർത്ഥം കോൺക്രീറ്റിംഗ് വരെ നടത്തി സ്വന്തമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങൾക്കു പുറമേ സ്വകാര്യ വാഹനങ്ങളും സർക്കാർ വാഹനങ്ങളും നടപ്പാത കൈയ്യേറി പാർക്കിംഗ് നടത്തുന്നത് നിത്യ സംഭവമാണ്. ഇതുമൂലം വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാരും ദുരിതത്തിലായി. മിക്കയിടത്തും അനധികൃത പാർക്കിംഗും കൈയ്യേറ്റവുംമൂലം കാൽനടയാത്രക്കാർ അപകടകരമായ രീതിയിൽ റോഡിലൂടെ നടക്കേണ്ടി വരുന്നു.

കാൽനടയാത്രികർ പലപ്പോഴും വലിയ അപകടങ്ങളിൽ നിന്നും രക്ഷപ്പെടുന്നത് ഭാഗ്യത്തിനാണ്. ചിലയിടങ്ങളിൽ റോഡും നടപ്പാതയും വേർതിരിച്ചു കൊണ്ട് സ്ഥാപിച്ചിരുന്ന റെയിലിംഗുകൾ സ്ഥാപനമുടമകൾക്കു വേണ്ടി പൊളിച്ചുമാറ്റി നൽകിയിട്ടുണ്ട്. മറ്റു ചിലയിടങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാർ വാഹനങ്ങൾ തടഞ്ഞ് ഗതാഗതം നിയന്ത്രിക്കുന്നുമുണ്ട്. കെട്ടിട നിർമ്മാണ ചട്ടത്തിനു വിരുദ്ധമായി പാർക്കിംഗ് ഏരിയകൾ കെട്ടിമറച്ചെടുത്ത ചില സ്ഥാപനങ്ങളും ഫുട്പാത്തുകൾ കൈയ്യേറി പാർക്കിംഗ് നടത്തുന്നുണ്ട്.

കൺവീനർ എബി ജെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. ബിനു പെരുമന, അനൂപ് ചെറിയാൻ, ജോബി മാത്യു, അമൽ ജോസഫ്, ജോസ് തോമസ്, വിദ്യാധരൻ വി.റ്റി തുടങ്ങിയവർ പ്രസംഗിച്ചു.

കെട്ടിട നിർമ്മാണ ചട്ടപ്രകാരമുള്ള പാർക്കിംഗ് ഏരിയകൾ ഇല്ലാത്ത കെട്ടിടങ്ങളുടെ പെർമിറ്റ് റദ്ദാക്കണം.നടപ്പാത കൈയ്യേറ്റം, അനധികൃത പാർക്കിംഗ് ഇവയുടെ ചിത്രങ്ങൾ തയ്യാറാക്കി അധികൃതർക്കു കൈമാറും. നടപ്പാത കാൽനടയാത്രികർക്ക് എന്ന പേരിൽ പ്രചാരണം ആരംഭിക്കും

-വി ഫോർ പാലാ