vchoor

വൈക്കം: വൈക്കം വെച്ചൂർ ഔട്ട് പോസ്റ്റിന് സമീപം വിക്രമൻ തോടിനു കുറുകെ വെച്ചൂർ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച നാലുതോട് കോയിത്തറ പാലം നാടിന് സമർപ്പിച്ചു. ഇതോടെ പ്രദേശവാസികളുടെ നാളുകളായുള്ള കാത്തിരിപ്പിന് വിരാമമായി. മറുകരയെത്താനുള്ള ദുരിതവും അവസാനിച്ചു.

വെച്ചൂർ പഞ്ചായത്തിൽ തോടുകൾക്ക് സമീപം താമസിക്കുന്ന കുടുംബങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടുന്നതിന് ഓട്ടോറിക്ഷ പോകുന്ന വിധത്തിലാണ് പാലം നിർമ്മിച്ചത്. 18 ലക്ഷം രൂപ വിനിയോഗിച്ച് മൂന്ന് താത്കാലിക പാലം നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നാലുതോട് കോയിത്തറ പാലം നിർമ്മിച്ചത്. വിക്രമൻ തോടിന് കുറുകെയുള്ള ഉയരമുള്ള കോൺക്രീറ്റ് നടപ്പാലത്തിന്റെ പടവുകൾ കയറിപ്പോകാൻ വിദ്യാർത്ഥികൾക്കും വയോധികർക്കും ഏറെ പ്രയാസമായിരുന്നു. അസുഖ ബാധിതരെ തോടിനു മറുകരയിലുള്ള റോഡിലെത്തിച്ച് വാഹനത്തിലേറ്റാൻ കസേരയിലിരുത്തി ഉയരമുള്ള പാലത്തിലൂടെ ചുമന്ന് കൊണ്ടുപോകണമായിരുന്നു. പാലം യാഥാർത്ഥ്യമായതോടെ ഇനി വീടുകളിലേയ്ക്ക് ചെറുവാഹനങ്ങളിൽ നിർമ്മാണ സാമഗ്രികളടക്കം കൊണ്ടുപോകാനാകും.
പാലത്തിന്റെ ഉദ്ഘാടനം വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ, പ്രദേശവാസിയായ ശാരദാമ്മ എന്നിവർ ചേർന്ന് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സോജി ജോർജ്, പഞ്ചായത്ത് അംഗങ്ങളായ ആൻസി തങ്കച്ചൻ, ബിന്ദു രാജു, സ്വപ്ന മനോജ്, വി.ടി സണ്ണി, പി.വി ജയന്തൻ, രാമചന്ദ്രൻ കോയിത്തറ, ഷാജി മുഹമ്മദ്, പി.ഒ വിനയചന്ദ്രൻ, യു.ബാബു, ടി.ഒ വർഗീസ്, പി.ജി ഷാജി, പി.തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

സമാന രീതിയിൽ ദുരിതമനുഭവിക്കുന്ന 11ാം വാർഡിലെ ഭാഗങ്ങളെ ബന്ധിപ്പിച്ചും അഞ്ച്, ആറ് വാർഡുകളെ ബന്ധിപ്പിച്ചും വലിയപുതുക്കരി, ഇട്ടിയേക്കാടൻകരി പാടശേഖരങ്ങളുടെ സമീപം അഞ്ചേരിച്ചിറയിലും പാലം നിർമ്മിക്കുന്നുണ്ട്. (കെ.ആർ.ഷൈലകുമാർ പഞ്ചായത്ത് പ്രസിഡന്റ് )