വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോൽസവത്തിന് 12 ന് കൊടിയേറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ രാവിലെ 8നും 8.45 നും ഇടയിലാണ് കൊടിയേറ്റ്. തുടർന്ന് കെടാവിളക്കിലും കലാ മണ്ഡപത്തിലും ദീപ പ്രകാശനവും അഷ്ടമിയുടെ ആദ്യ ശ്രീബലിയെഴുന്നള്ളിപ്പും നടക്കും. ചട്ടമില്ലാതെ ശ്രീബലി തിടമ്പ് മാത്രം ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പ് ആനപുറത്തായിരിക്കും. കലവറയിൽ അഹസിനുള്ള അരിയളക്കലും നടത്തും.
ഒന്നും രണ്ടും ഉത്സവ ദിനങ്ങൾ എൻ.എസ്.എസ് യുണിയന്റെ അഹസും മൂന്നാം ഉത്സവം എസ്.എൻ.ഡി.പി യോഗം യൂണിയന്റെ അഹസുമായാണ് നടക്കുക. കൊടിയേറ്റ് നാളിൽ രാത്രി 9 ന് കൊടിപുറത്ത് വിളക്കും ഉണ്ടായിരിക്കും. അഷ്ടമിയുടെ താന്ത്രിക ക്രിയകൾക്കും എഴുന്നള്ളിപ്പുകൾക്കുമാണ് പ്രാധാന്യമെങ്കിലും സംഗീതപ്രിയനായ വൈക്കത്തപ്പന്റെ സന്നിധിയിൽ അഷ്ടമി നാളുകളിൽ വിവിധ കലാപരിപാടികളും അരങ്ങേറും.
അഷ്ടമിയുടെ പ്രധാന ശ്രീബലികൾ ആരംഭിക്കുന്നത് മൂന്നാം ഉത്സവദിനമായ 14 മുതലാണ്. തലപ്പൊക്കത്തിൽ മുൻപരായ ഗജവീരന്മാർ പങ്കെടുക്കുന്ന പ്രഭാത ശ്രീബലി എഴുന്നള്ളിപ്പ് കിഴക്കേ ആനപ്പന്തലിലായിരിക്കും നടക്കുക. വൈകിട്ട് നടക്കുന്ന കാഴ്ച ശ്രീബലിയും വിളക്കെഴുന്നള്ളിപ്പും പനച്ചിക്കൽ നടക്ക് മുൻവശം ഒരുക്കുന്ന സേവ പന്തലിലായിരിക്കും. ഏഴാം ഉത്സവദിനമായ 18 മുതലാണ് ദേവസ്വം ബോർഡിന്റെ പ്രാതൽ ആരംഭിക്കുക. അഷ്ടമി നാളിൽ 121 പറ അരിയുടെ പ്രാതലാണ് നടത്തിവരുന്നത്. 5, 6, 8, 11
ഉത്സവ ദിനങ്ങളിൽ ഉച്ചക്ക് 12 ന് നടക്കുന്ന ഉൽസവബലി, ആറാം ഉത്സവ ദിനമായ 17 ന് രാത്രി 11 ന് നടക്കുന്ന കൂടിപ്പൂജ വിളക്ക്, ഏഴാം ഉൽസവത്തിന് രാവിലെ 8ന് നടക്കുന്ന പ്രഭാത ശ്രീബലി, രാത്രി 11 ന് നടക്കുന്ന ഋഷഭ വാഹനമെഴുന്നള്ളിപ്പ്, എട്ടാം ഉത്സവദിനത്തിൽ നടക്കുന്ന വടക്കുംചേരിമേൽ എഴുന്നള്ളിപ്പ്, ഒൻപതാം ഉത്സവ നാളിലെ തെക്കുംചേരിമേൽ എഴുന്നള്ളിപ്പ്, വൈകിട്ട് നടക്കുന്ന കാഴ്ച ശ്രീബലി, പത്താം ഉത്സവത്തിന് രാവിലെ 10 ന് നടക്കുന്ന വലിയശ്രീബലി, രാത്രി 11 ന് നടക്കുന്ന വലിയവിളക്ക്, പതിനൊന്നാം ഉത്സവദിനം വൈകിട്ട് 6.30 ന് ക്ഷേത്ര കലവറയിൽ നടക്കുന്ന അഷ്ടമി പ്രാതലിനായുള്ള അരിയളക്കൽ, അഷ്ടമി ദിനമായ 23 ന് രാവിലെ നടക്കുന്ന അഷ്ടമി ദർശനം, 11 ന് നടക്കുന്ന അഷ്ടമിപ്രാതൽ, രാത്രി 10 ന് ദേശദേവതമാർ ഒരുമിക്കുന്ന അഷ്ടമി വിളക്ക്, ഉദയനാപുരത്തപ്പന്റെ വരവ്, എഴുന്നള്ളത്ത്, വലിയ കാണിക്ക, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്, 24ന് വൈകിട്ട് 5 ന് നടക്കുന്ന ആറാട്ടെഴുന്നുള്ളിപ്പ്, 25ന് നടക്കുന്ന മുക്കുടി നിവേദ്യം എന്നിവ പ്രധാനമാണ്.
താൽക്കാലിക അലങ്കാര പന്തലിന്റെ കാൽ നാട്ടുകാർമ്മം
അഷ്ടമിക്കായി മഹാദേവ ക്ഷേത്രത്തിൽ ഒരുക്കുന്ന താൽക്കാലിക അലങ്കാര പന്തലിന്റെ കാൽ നാട്ടുകാർമ്മം ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ കെ.ആർ. ശ്രീലത നിർവഹിച്ചു. അസി. കമ്മിഷണർ എം.ജി. മധു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി. ഈശ്വരൻ പോറ്റി, പൊതുമരാമത്ത് വിഭാഗം എൻജിനിയർ സി. ജസ്ന എന്നിവർ പങ്കെടുത്തു. നാലമ്പലത്തിന് പുറത്ത് വടക്കു ഭാഗത്തായി 35000 ചതുരശ്ര അടിയിൽ 25 അടി ഉയരത്തിലാണ് പന്തൽ ഒരുക്കുന്നത്. വടക്കുഭാഗത്ത് ഒരുക്കുന്ന പന്തലിൽ പൊലിസ് സഹായകേന്ദ്രവും കുടിവെളള കേന്ദ്രവും ഉണ്ടാവും.
കിഴക്കുഭാഗത്ത് രണ്ട് ആനപ്പന്തലുകളും ചേരുന്ന രീതിയിലും പന്തൽ തയ്യാറാക്കുന്നുണ്ട്. പനച്ചിക്കൽ നടയുടെ മുൻവശം സേവാപന്തലും നാലമ്പലത്തിനകത്ത് വിരിപ്പന്തലും ഉയരും. കലാമണ്ഡപത്തിന് സമീപമായി ഒരുക്കുന്ന പന്തലിൽ ആരോഗ്യ വകുപ്പ്, എക്‌സൈസ് വകുപ്, മീഡിയ എന്നിവയുടെ കൗണ്ടറുകളും ഉണ്ടാവും.
ക്ഷേത്രത്തിനകത്ത് ജില്ലാ ഭരണകൂടത്തിന്റെ ഓഫിസിനായി സൗകര്യങ്ങൾ നല്കും. അഗ്നി രക്ഷാ സേനയുടെ വിഭാഗം പ്രവർത്തിക്കുന്നതിനായി വടക്കേ നടയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ സംവിധാനം എർപ്പെടുത്തും.
വടക്കേ ഗോപുരത്തിനോട് ചേർന്ന് ചെറിയ പന്തലും ഒരുക്കുന്നുണ്ട്.
കൊടിയേറ്ററിയിപ്പ്
അഷ്ടമിയുടെ പ്രധാന ചടങ്ങായ കൊടിയേറ്ററിയിപ്പ് 11 ന് നടക്കും. വൈക്കം ക്ഷേത്രത്തിലെ പ്രഭാത പുജകൾക്ക് ശേഷം രാവിലെ 8ന് ആചാരപ്രകാരം അവകാശിയായ കിഴക്കേടത്ത് മൂസത് ഓലക്കുട ചൂടി ചമയങ്ങളില്ലാത്ത ആനപ്പുറത്തെഴുന്നള്ളിപ്പ് ഉദയനാപുരം ക്ഷേത്രത്തിൽ കൊടിയേറ്ററിയിക്കും.
ഉദയനാപുരം ക്ഷേത്രത്തിലെ പന്തീരടി പൂജയ്ക്ക് ശേഷമാണ് മുഹൂർത്ത ചാർത്ത് വായിച്ച് കൊടിയേറ്ററിയിക്കുന്നത്. പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധീകരിച്ച് അയ്യർ കുളങ്ങര കുന്തി ദേവി ക്ഷേത്രത്തിലും ഇണ്ടംതുരുത്തി മനയിലും എത്തി ആചാര പ്രകാരം കൊടിയേറ്ററിയിക്കും.അതാത് അവസരങ്ങളിലെ ഊരാഴ്മക്കാർ ഉത്സവ വിവരം ഔദ്യോഗികമായി ക്ഷേത്ര ഉടമസ്ഥരായ മറ്റു ഊരാഴ്മക്കാരെ അറിയിക്കുന്നതാണ് ചടങ്ങ്. വൈക്കം ക്ഷേത്രത്തിലെ കൊടിയേറ്റ് വിവരം ഉദയനാപുരം ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലെ അറിയിപ്പ് വൈക്കത്തും നടത്തും.