കോട്ടയം: ജില്ലയിൽ പുഞ്ചകൃഷിക്ക് തുടക്കമായി. വിവിധ പാടശേഖരങ്ങളിലായി പമ്പിംഗ് ജോലികൾ പുരോഗമിക്കുകയാണ്. പലയിടത്തും വിത്തുകൾ വിതച്ചു. നവംബർ പകുതിയോടെ വിതയും ഞാറുനടീലും കഴിയും. മലരിക്കൽ, തിരുവായ്ക്കരി, പാറേച്ചാൽ, ചങ്ങനാശേരി, കുമരകം, കൈപ്പുഴ ഭാഗങ്ങളിലെ പുഞ്ചപ്പാടങ്ങളിലാണ് ജില്ലയിൽ പ്രധാനമായും കൃഷിയിറക്കുന്നത്.
12,000ത്തോളം ഹെക്ടറിൽ കൃഷി
12,000 ത്തോളം ഹെക്ടറിലാണ് ജില്ലയിൽ ഇത്തവണ കൃഷി നടത്തുന്നത്. ഉമ നെൽവിത്താണ് കൂടുതലായും വിതയ്ക്കുന്നത്. മനുരത്‌ന, ജ്യോതി തുടങ്ങിയവയും ഉപയോഗിക്കാറുണ്ട്. രക്തശാലിപോലുള്ള നാടൻ നെൽവിത്തുകളും കർഷകർ വിതയ്ക്കാറുണ്ട്. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വിത്ത് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയായി.
കഴിഞ്ഞ വർഷവും ജില്ലയിൽ 12,000 ഹെക്ടറിൽ പുഞ്ചകൃഷി നടത്തിയിരുന്നു. മികച്ച വിളവ് തന്നെ ലഭിച്ചിരുന്നു. ഇത്തവണയും മികച്ച വിളവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. (കർഷകർ)