
കോട്ടയം: ഭീതിയോടെ മാത്രമേ യാത്ര ചെയ്യാൻ കഴിയൂ... ചിലരുടെ അശ്ര എം.സി റോഡിൽ അപകടം വിളിച്ചുവരുത്തും. നിരത്തിൽ ചോരപ്പാട് വീഴും. നടുറോഡിൽ മരണത്തിന് കീഴടങ്ങുന്നവരുടെ നിരയും നീളും. ഇന്നലെ പള്ളം കെ.എസ്.ഇബി ചാർജിംഗ് സ്റ്റേഷന് സമീപം നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് മതിലിൽ ഇടിച്ചു കയറി ബൈക്ക് യാത്രക്കാരനായ തിരുവനന്തപുരം സ്വദേശി മരിച്ചതാണ് എം.സി റോഡിൽ സംഭവിച്ച ഒടുവിലത്തെ അപകടം. കിളിമാനൂർ പുതിയകാവ് ഗവ.ഹൈസ്‌കൂളിന് സമീപം ഹസൻ മൻസിലിൽ മുഹമ്മദ് അസ്ലം (52) ആണ് മരിച്ചത്. കെ.കെ റോഡിൽ പാമ്പാടി ആർ.ഐ.ടിയ്ക്ക് സമീപം ബുധനാഴ്ച്ച രാത്രി ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കോത്തല സ്വദേശി അച്ചു അനിൽ (19) ഇന്നലെ മരണത്തിന് കീഴടങ്ങി
റോഡ് നവീകരണത്തിന് ശേഷമാണ് എം.സി റോഡിൽ അപകടങ്ങൾ വർദ്ധിച്ചത്. അമിതവേഗതയും അശ്രദ്ധയുമാണ് പല അപകടങ്ങൾക്കും കാരണം. സെപ്തംബറിൽ മാത്രം പൊലിഞ്ഞത് മൂന്ന് ജീവനുകളാണ്. പരിക്കേറ്റവരുമുണ്ട്. പരിശോധനകളും വേഗനിയന്ത്രണ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കിയാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ
നാട്ടകത്ത് ഗ്യാസ് ടാങ്ക് ലോറിയും ബൈക്കും കൂട്ടിയിടിച്ച് പാക്കിൽ സ്വദേശി നിഖിൽ ജോൺസൺ മരിച്ചു.
മണിപ്പുഴയിൽ ദോസ്ത് പിക്കപ്പ് വാൻ സ്‌കൂട്ടറിലിടിച്ച് മൂലവട്ടം സ്വദേശികളായ ദമ്പതികൾ മരിച്ചു.
മാവിളങ്ങിൽ ബൈക്ക് യാത്രികരായിരുന്ന കാവാലം സ്വദേശികളായ അച്ഛനും മകൾക്കും പരിക്ക്
നാഗമ്പടത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ കുഞ്ഞുമോന് പരിക്ക്
അപകടത്തുരുത്ത്
പാലാത്ര ബൈപ്പാസ്, ളായിക്കാട്, പുത്തൻപാലം, കുറിച്ചി, തുരുത്തി, കോടിമത ബൈപ്പാസ്, കോടിമത മണിപ്പുഴ, ഈരയിൽക്കടവ് ബൈപ്പാസ്, നാഗമ്പടം, ബേക്കർ ജംഗ്ഷൻ, കഞ്ഞിക്കുഴി, കെ.കെ റോഡ്, ഏറ്റുമാനൂർ, കാണക്കാരി.