
വൈക്കം: നഗരസഭയിൽ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കിഴക്കേ നടയിലെ ആറാട്ടുകുളം ശുചീകരിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും തീരുമാനമായി. തൃക്കാർത്തിക ഉത്സവത്തിന് ശേഷം ഉദയനാപുരത്തപ്പൻ ആറാടുന്ന കുളമാണിത്. കഴിഞ്ഞ 23 വർഷമായി ശുചീകരണം നടത്താത്ത ഈ കുളം പ്രദേശവാസികളായ നിരവധി ആൾക്കാരാണ് കുളിക്കുന്നതിന് ഉപയോഗിക്കുന്നത്..
ആറാട്ടുകടവിലെ കുളപ്പുര ജീർണ്ണിച്ച് ഇടിഞ്ഞു വീഴാറായ നിലയിലാണ്. ഈ കാര്യങ്ങൾ കാണിച്ചു കൊണ്ട് നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷും മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എസ്. ഹരിദാസൻ നായരും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശാന്തിന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് എത്രയും വേഗം എസ്റ്റിമേറ്റ് എടുത്ത് ആറാട്ടുകുളം അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ശുചീകരിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചത്.