
കോട്ടയം: നടുവൊടിയ്ക്കുന്ന കുഴികൾ, പൊടിശല്യം അതിലേറെ... എന്ന് തീരും ഈ ദുരിതം താണ്ടിയുള്ള യാത്ര... കാരാപ്പുഴ ഭാരതീ വിലാസം ഗ്രന്ഥശാല റോഡിന്റെ ആരംഭം മുതൽ മാക്കിപാലം റോഡ് വരെയുള്ള ഭാഗം തകർന്ന് തരിപ്പണമായിട്ട് നാളുകളായി. റോഡിന്റെ പ്രവേശന ഭാഗം മുതൽ ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ട നിലയിലാണ്. കാരാപ്പുഴ ഒന്നാം പൊക്കുപാലത്തിലേയ്ക്കുള്ള റോഡ് കൂടിയാണിത്. സ്‌കൂൾ വിദ്യാർത്ഥികൾ, പ്രായമായവർ, പ്രദേശവാസികൾ തുടങ്ങി നിരവധി പേരാണ് റോഡിലൂടെ യാത്ര ചെയ്യുന്നത്. പ്രദേശവാസികൾക്ക് ടൗണിലേയ്ക്ക് പോകുന്നതിനായി തകർന്ന ഈ റോഡിലൂടെ സഞ്ചരിച്ച് വേണം കാരാപ്പുഴ ഗ്രന്ഥശാല റോഡിലെ ബസ് സ്‌റ്റോപ്പിലെത്താൻ.
റോഡിൽ നിറയെ പൊടിയും കുഴിയും
റോഡിൽ പലഭാഗങ്ങളിലായി ടാറിംഗിനായി മെറ്റൽ വിരിച്ചിട്ടുണ്ടെങ്കിലും നാളിതുവരെ ടാറിംഗ് നടത്തിയിട്ടില്ല. വേനൽക്കാലത്ത് പൊടിയും മഴക്കാലത്ത് ചളിയും റോഡിൽ നിറയുന്ന സ്ഥിതിയാണ്. മെറ്റൽ വിരിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകുന്നതിനും പ്രയാസമനുഭവപ്പെടുന്നു. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ റോഡിൽ നിയന്ത്രണം വിട്ട് മറിയുന്നതിനും ഇടയാക്കുന്നു.
റോഡിലൂടെ രാത്രികാല യാത്ര ഏറെ ദുരിതം നിറഞ്ഞതാണ്. റോഡ് പരിചയമില്ലാതെ എത്തുന്നവരാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. നഗരത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന റോഡാണ് ഇത്തരത്തിൽ സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്നത്. പ്രധാന റോഡുകൾ ഉൾപ്പെടെ നന്നാക്കുമ്പോഴും ഉൾപ്രദേശങ്ങളിലെ റോഡുകൾ പലപ്പോഴും അവഗണനയുടെ വക്കിലാണ്.
തകർന്ന് കുഴികൾ നിറഞ്ഞ് കിടക്കുന്ന റോഡ് നന്നാക്കുകയും മെറ്റൽ നിരത്തിയഭാഗം ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണം. -പ്രദേശവാസികൾ.