
ഗുരു നിത്യചൈതന്യയതി എന്തായിരുന്നു എന്നല്ല, എന്തല്ലായിരുന്നുവെന്ന ചോദ്യമാണ് യഥാർത്ഥ ശരി. നൂറുവർഷമെന്നത് കാലത്തിന്റെ ഒരു നാഴികക്കല്ലായിരിക്കെ ചോദ്യത്തിന് വീണ്ടുമൊരു തിരുത്ത്: സഞ്ചരിക്കുന്ന കാലത്തിന് ഗുരു നിത്യചൈതന്യ യതി എന്താണ്? സന്യാസിക്ക് പരിത്യാഗി എന്നൊരു വിശേഷണം പറഞ്ഞാൽ ഗുരു ചിരിക്കുമായിരുന്നു: സന്യാസിക്കെന്നല്ല, ആർക്കും എന്തിൽ നിന്നെങ്കിലും മാറിനിൽക്കാനാകുമോ? ആത്മീയത മുതൽ ആശാൻ സാഹിത്യം വരെയും, ഉണ്മയുടെ രഹസ്യം മുതൽ ഊർജ്ജതന്ത്ര സിദ്ധാന്തങ്ങൾ വരെയും, മനുഷ്യപരിണാമം മുതൽ മനോവിജ്ഞാനീയം വരെയും മനനത്തിന്റെയും ജ്ഞാനത്തിന്റെയും ഗിരിനിരകൾക്കു മീതെ നടക്കുകയും, ചോദ്യങ്ങളുടെ മഹാസമുദ്രങ്ങൾക്കു നടുവിൽ ഉത്തരങ്ങളുടെ ഏകാന്ത ദ്വീപുകളിലേക്ക് തുഴഞ്ഞുചെല്ലുകയും ചെയ്ത ഗുരു നിത്യചൈതന്യ യതിയുടെ ജന്മശതാബ്ദി, ആഘോഷങ്ങളുടേത് എന്നതിനേക്കാൾ ആലോചനകളുടേതാകട്ടെ. ആലോചനകൾ സ്വയം അമൃതം കടഞ്ഞെടുക്കട്ടെ.
ഗുരു നിത്യചൈതന്യയതി എന്നു കേൾക്കുമ്പോൾ, ഊട്ടിയിലെ ഫേൺഹില്ലിൽ അദ്ദേഹത്തിന് ഒരു ആശ്രമമില്ലേ എന്നാണ് പലരുടെയും ചോദ്യം. അദ്ദേഹം അവസാനകാലം ചെലവിട്ടതും സമാധിയായതും അവിടെയായിരുന്നു. അവിടെ അദ്ദേഹത്തിനൊപ്പം ഇരുപത്തിയൊന്നു വർഷം അടുത്തിടപഴകാൻ ഭാഗ്യം കിട്ടിയ എനിക്ക്, ആ കാലമത്രയും അന്വേഷണങ്ങളുടേതും തിരിച്ചറിവുകളുടേതുമായിരുന്നു. ലോകത്തിന്റെ ഏതൊക്കെയോ കോണുകളിൽ നിന്നുള്ള പത്ര മാദ്ധ്യമ പ്രതിനിധികളും പ്രമുഖ പുസ്തക പ്രസിദ്ധീകരണക്കാരുമൊക്കെ അദ്ദേഹത്തിന്റ ലേഖനങ്ങൾക്കും പുസ്തകങ്ങൾക്കുമായി ഫേൺഹിൽ ആശ്രമത്തിൽ കാത്തുകെട്ടിക്കിടന്നിരുന്നത് ഇപ്പോഴും ഓർമ്മയുണ്ട്. എനിക്കു പരിചിതരല്ലാതിരുന്ന പലരെയും ഗുരു പരിചയപ്പെടുത്തിത്തന്നതും ഓർമ്മയുണ്ട്.
യഥാർത്ഥത്തിൽ ഊട്ടിയിലെ ആ ആശ്രമം സ്ഥാപിച്ചത് നടരാജഗുരു ആയിരുന്നു. നടരാജഗുരു തന്റെ പ്രിയപ്പെട്ട ഗുരുവിന്റെ നാമധേയത്തിൽ 1923-ൽ സ്ഥാപിച്ച നാരായണ ഗുരുകുലമാണ് പിന്നീട് ഫേൺഹിൽ ആശ്രമം എന്ന പേരിൽ ലോകപ്രസിദ്ധമായത്. നടരാജഗുരു കോളേജ് പഠനകാലത്ത് കുട്ടനാട്ടിലെ ഒരു ഗ്രാമപ്രദേശത്തുകൂടി നടന്നുപോകുമ്പോൾ ഒരു ഗുരുവിന്റെ ശിക്ഷണത്തിൽ ശിഷ്യന്മാർ സംസ്‌കൃതം പഠിക്കുന്നതു കണ്ടു. ശിഷ്യന്മാർ ഗുരുവിന്റെ വസ്ത്രങ്ങൾ അലക്കിക്കൊടുക്കുന്നതും അദ്ദേഹത്തെ സ്‌നേഹത്തോടെ പരിചരിക്കുന്നതും കണ്ടു. ഗുരു-ശിഷ്യ ബന്ധത്തിന്റെ മാതൃക അദ്ദേഹത്തിന്റെ മനസിനെ വല്ലാതെ സ്വാധീനിച്ചു. ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ഉൾപ്പെടുത്തി അതുപോലൊരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങണമെന്ന ആശയവും ആഗ്രഹവുമാണ് പിന്നീട് നാരായണ ഗുരുകുലമായി പരിണമിച്ചത്.
ഗുരുപരമ്പരയുടെ നടപടിക്രമം അനുസരിച്ച് നടരാജഗുരുവിന്റെ സമാധിക്കു ശേഷം ഗുരു നിത്യചൈതന്യ യതിക്കായിരുന്നു ആശ്രമത്തിന്റെ ചുമതല. ഗുരുകുലത്തെ 'ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റി ഒഫ് ബ്രഹ്മവിദ്യ" എന്ന വലിയ പ്രസ്ഥാനമാക്കി യതി വളർത്തി. ലോകം മുഴുവൻ ആരാധകവൃന്ദവും ശിഷ്യസമ്പത്തുമുണ്ടായിരുന്ന അദ്ദേഹം ഒരു മാതൃകാ ഗുരുകുലമാക്കി അതിനെ മാറ്റിയെഴുതി. തന്റെ ഗുരുക്കന്മാരുടെ ആശയങ്ങളെ കടുകിട വ്യത്യാസം വരാതെ പ്രാവർത്തികമാക്കുകയായിരുന്നു യതി. മനുഷ്യകുലം എന്ന ഒറ്റജാതി മാത്രമേയുള്ളൂ എന്ന് ലോകത്തെയും എല്ലാ കാലത്തെയും പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെയും, ഏകലോകം എന്ന സിദ്ധാന്തത്തിന്റെ വക്താവായിരുന്ന നടരാജ ഗുരുവിന്റെയും ആശയങ്ങൾക്കു വേണ്ടിയായിരുന്നു, യതിയുടെ ജീവിതവും പ്രഭാഷണങ്ങളും പഠനങ്ങളും പുസ്തകങ്ങളുമെല്ലാം.
ജയചന്ദ്രൻ
യതിയായി
പത്തനംതിട്ടയിലെ മുറിഞ്ഞകല്ലിൽ, അദ്ധ്യാപകനും കവിയുമായിരുന്ന താഴത്തേരിൽ വീട്ടിൽ പന്തളം രാഘവപ്പണിക്കരുടെയും വാമാക്ഷിഅമ്മയുടെയും മകനായി 1924 നവംബർ രണ്ടിനായിരുന്നു, ഗുരു നിത്യചൈതന്യ യതിയെന്ന് പിന്നീട് ലോകം ആദരപൂർവം വിളിച്ച ജയചന്ദ്രന്റെ ജനനം. 1940- ൽ സ്‌കൂൾ ഫൈനൽ പാസായി. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യൻ റോയൽ എയർ ഫോഴ്സിലും ഇന്ത്യൻ ആർമിയിലും സേവനം. 1946-ൽ ആറുമാസം മഹാത്മാഗാന്ധിയുടെ സേവാഗ്രാമിൽ താമസിച്ചു. അതേവർഷം ഡോക്ടർ ജി.എച്ച്. മീസിന്റെ (സ്വാമി ഏകരസ) വർക്കലയിലുള്ള കണ്വാശ്രമത്തിൽ ചേർന്നു. തുടർന്ന് ആലുവ യു.സി കോളേജിൽ പഠനം പൂർത്തിയാക്കി. ഈ സമയത്തായിരുന്നു ആലുവ അദ്വൈതാശ്രമത്തിലെ ലോക മത മഹാസമ്മേളനം.
നടരാജഗുരുവും ജോൺസ് പിയേഴ്സും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അന്നാണ് നടരാജഗുരുവുമായി നിത്യചൈതന്യ യതി ബന്ധം സ്ഥാപിക്കുന്നത്. 1948-ൽ യൂണിവേഴ്സിറ്റി കോളേജിൽ ബി.എ ഓണേഴ്സിനു ചേർന്നു.1952-ൽ എം.എയും പാസായി. ഈ കാലയളവിൽ രമണ മഹർഷിയെ പലതവണ സന്ദർശിച്ചു. അവസാന സന്ദർശനം മഹർഷി സമാധിയടയുന്നതിന് കുറച്ചു ദിവസം മുമ്പായിരുന്നു. രമണ മഹർഷി ആർക്കും സന്യാസം നല്കുകയോ ആരെയും ശിഷ്യന്മാരായി കരുതുകയോ ചെയ്തിരുന്നില്ല. എന്നാൽ, ആരെങ്കിലും അദ്ദേഹത്തെ ഗുരുവായി കരുതുന്നതിൽ വിരോധവുമില്ലായിരുന്നു. ഗുരുവായി രമണ മഹർഷിയെ സങ്കല്പിച്ച് മഹർഷിയുടെ ആശ്രമത്തിലുള്ള സ്വാമി രാമദേവാനന്ദയിൽ നിന്ന് സന്യാസം സ്വീകരിച്ച ജയചന്ദ്രൻ, അന്നുതൊട്ടാണ് നിത്യചൈതന്യ യതി എന്ന പേര് സ്വീകരിച്ചത്.
1952- ൽ നടരാജഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചു. അതേവർഷം കൊല്ലത്തും മദ്രാസിലും കുറച്ചുനാളത്തെ അദ്ധ്യാപന കാലത്തിനു ശേഷം 1957 മുതൽ 1959 വരെ മുംബയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസിൽ റിസർച്ച് ഫെലോ. 1960-ൽ കൊളംബോ വിദ്യോദയ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ. 1963 മുതൽ 67 വരെ ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സൈക്കിക് ആൻഡ് സ്പിരിച്വൽ റിസർച്ച് ഡയറക്ടർ. 1965-ൽ ആദ്യ സിംഗപ്പൂർ സന്ദർശനം. നാലു വർഷം കഴിഞ്ഞ് 'ഗുരുകുലം" മാസികയുടെ പത്രാധിപത്യം ഏറ്റെടുത്തു . 1969 മുതൽ ഓസ്‌ട്രേലിയ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസർ ആയും ഗസ്റ്റ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു.
അമേരിക്കയിലെ
ഗീതാ പ്രഭാഷണം
1970-ൽ പോർട്ട് ലാൻഡിൽ അദ്ദേഹം നടത്തിയ 22 ഗീതാ പ്രഭാഷണങ്ങൾ അമേരിക്കയിലെ എല്ലാ പ്രധാന നഗരങ്ങളിലെയും റേഡിയോ സ്റ്റേഷനുകൾ പ്രക്ഷേപണം ചെയ്തു. അമേരിക്കൻ റേഡിയോ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഭാഷണ പരമ്പരയായിരുന്നു അത്. 1973-ൽ വത്തിക്കാനിൽ പോപ്പിനൊപ്പം അതിഥിയായി വേദി പങ്കിട്ടു. 1973 മാർച്ച് 19-ന് നടരാജഗുരു സമാധിയാകുമ്പോൾ നിത്യചൈതന്യ യതി ഇംഗ്ലണ്ടിലായിരുന്നു. ഒക്ടോബറിൽ ഫേൺഹിൽ ഗുരുകുലത്തിൽ തിരിച്ചെത്തിയ അദ്ദേഹം ഗുരുപീഠത്തിൽ അവരോധിതനായി. 1981-ൽ മോസ്‌കോയിൽ നടന്ന 'ഗിഫ്റ്റ് ഒഫ് ലൈഫ്" കോൺഫറൻസിൽ ഇന്ത്യയുടെ പ്രതിനിധി. 85 ൽ ഗുരുകുലം മാസികയുടെ ഇംഗ്ലീഷ് പതിപ്പ് അമേരിക്കയിലെ ബ്രയ്ൻ ബ്രിഡ്ജ് ഗുരുകുലത്തിൽ നിന്ന് പ്രസിദ്ധീകരണം തുടങ്ങി.1993-ൽ ബൃഹദാരണ്യകോപനിഷത്ത് ഭാഷ്യങ്ങൾ രചിക്കാൻ ആരംഭിക്കുകയും മൂന്നു വാല്യങ്ങളായി മൂന്നു വർഷത്തിനകം അത് പൂർത്തിയാക്കുകയും ചെയ്തു.
വിദേശയാത്രകൾ മതിയാക്കി, യതി എഴുപതുകളുടെ അവസാനത്തോടെ ഫേൺഹില്ലിൽ സ്ഥിരതാമസമാക്കി. അവിടെവച്ചാണ് അദ്ദേഹവുമായി എനിക്ക് കൂടുതൽ അടുപ്പമുണ്ടായത്. പുസ്തക രചനയ്ക്കൊപ്പം പഠന ക്ളാസുകളും സ്‌നേഹസംവാദങ്ങളുമായി അദ്ദേഹം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഇടപെട്ടുകൊണ്ടിരുന്നു. വസന്തോത്സവത്തിന്റെ ഭാഗമായി ഫേൺഹിൽ ഗുരുകുലത്തിൽ വർഷംതോറും നടത്തിയിരുന്ന മേയ് ഫെസ്റ്റിവൽ ഏറെ പ്രസിദ്ധമായിരുന്നു. ശാസ്ത്രം, കല, സാഹിത്യം, നൃത്തം, സംഗീതം തുടങ്ങിയ രംഗങ്ങളിലെ പ്രതിഭകളെ ആശ്രമത്തിലേക്ക് ക്ഷണിച്ചുവരുത്തി താമസിപ്പിച്ച് വിപുലമായ പരിപാടികൾ നടത്തി.
ഫേൺഹില്ലിലെ
ആദ്യകാലം
നല്ല കുളിരും തണുപ്പുമുള്ള ഊട്ടിയിലെ മഞ്ചനക്കുറൈ എന്ന തമിഴ്നാടൻ ഗ്രാമത്തിലെ ഒരു കുന്നിൻമുകളിൽ, ആർഭാടങ്ങളോ ആഡംബരങ്ങളോ ഇല്ലാത്ത ഫേൺഹിൽ നാരായണ ഗുരുകുലത്തിൽ ഞാൻ ആദ്യമെത്തിയ കാലം. ഗുരുഭക്തരും അന്തേവാസികളുമായി ധാരാളം പേരുണ്ട്, അന്ന്. തലശ്ശേരിയിൽ തഹസിൽദാരായിരുന്ന അനന്തൻ എന്നയാളുടെ മകൾ ഗുരുശരൺ ജ്യോതി ആയിരുന്നു അതിൽ പ്രധാനി. ഗുരുവിന്റെ എഴുത്തുകുത്തുകൾക്കും ആശ്രമ കാര്യങ്ങൾക്കുമെല്ലാം സഹായിച്ചിരുന്നത് ജ്യോതിയാണ്. പിൽക്കാലത്ത് വ്യാസപ്രസാദ് എന്ന പേരിൽ അറിയപ്പെട്ട വിനോദ് വ്യാസ് ആണ് മറ്റൊരാൾ. ഊട്ടിയിലെ പ്രസിദ്ധമായ ലൗഡേൽസ്‌കൂൾ പ്രിസിപ്പലിന്റെ മകനായിരുന്നു അദ്ദേഹം. ഇപ്പോൾ ഫേൺഹിൽ ആശ്രമത്തിലുള്ളത് അദ്ദേഹമാണ്.
സ്വാമി ത്യാഗീശ്വരൻ എന്ന് ഇപ്പോൾ അറിയപ്പെടുന്ന ഗിരിധരൻ ആയിരുന്നു മറ്റൊരാൾ. പിന്നെയുള്ളത് തന്മയ സ്വാമിയെന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന ഡോക്ടർ തമ്പാനാണ്. ഡോക്ടറായിരുന്ന ഇദ്ദേഹം ജോലി രാജിവച്ച്, ശ്രീനാരായണ ദർശനം ആഴത്തിൽ പഠിക്കാനും അദ്വൈത, വേദാന്ത വിഷയങ്ങളിൽ പ്രാവീണ്യം നേടാനുമാണ് ഗുരുകുലത്തിലെത്തിയത്. ഇവരെക്കൂടാതെ,അന്തേവാസിയായി കഴിയുന്ന മിയാക്കോ കമാട്ട എന്ന ജപ്പാൻ വനിതയുമാണ് ആശ്രമത്തിൽ സ്ഥിരമായി ഉണ്ടായിരുന്നത്. വിനയ ചൈതന്യ, മാർഗരറ്റ് ചൈതന്യ, ഗോപിദാസ്, ചാൾസ് ചൈതന്യ, മന്ത്രചൈതന്യ, വിദ്യാധിരാജ സ്വാമി തുടങ്ങിയവരും അന്തേവാസികളായി ഉണ്ടായിരുന്നെങ്കി ലും മറ്റ് ഗുരുകുലങ്ങളുടെ ആവശ്യങ്ങൾക്കായി പോകുമായിരുന്നതുകൊണ്ട് എപ്പോഴും അവിടെ ഉണ്ടാകാറില്ല.
ഗുരു തന്ന
ആ ചെക്ക്
സെൽഫോണും മറ്റും സാർവ്വത്രികമായ ഇക്കാലത്ത് പരസ്യമായും രഹസ്യമായുമൊക്കെ ആരും ഏതു പ്രമുഖരുടെയും ഫോട്ടോ എവിടെവച്ചും എടുക്കും. ഒരു വ്യക്തിയുടെ ഫോട്ടോ എടുക്കുമ്പോൾ അവരുടെ സമ്മതം വാങ്ങണമെന്നുണ്ട്. വലിയ വി.ഐ.പി കൾ ആകുമ്പോൾ ഇതു കൂടുതൽ കർക്കശമാണ്. അന്തർദ്ദേശീയ തലത്തിൽ നിലവിലുള്ളതാണ് 'മോഡൽ റിലീസ്" എന്ന ഈ നിയമം. എന്നാൽ വലിയ പൊതുസ്ഥലങ്ങളിലോ ആൾക്കൂട്ടങ്ങളിലോ വച്ച് ഫോട്ടോ എടുക്കുന്നതിന് ഈ വിലക്ക് ബാധകമല്ല. ഇതറിയാവുന്നതു കൊണ്ട് ആദ്യസന്ദർശനത്തിൽത്തന്നെ ഗുരുവിന്റെ അനുവാദം വാങ്ങിയ ശേഷം ഞാൻ ചില ഫോട്ടോകൾ എടുത്തു. പത്രമാസികകളിലും മറ്റും നിരന്തരം ഗുരുവിന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന കാലം. ഫോട്ടോകൾ കുറേദിസം കഴിഞ്ഞ് വലുതാക്കി പ്രിന്റടിച്ച് ഗുരുവിനു കൊടുത്തു. പ്രതിഫലമായി എത്ര രൂപ വേണമെന്ന് ഗുരു ചോദിച്ചു. ഒന്നും വേണ്ടെന്ന് ഞാൻ പറഞ്ഞു. 'ഫിലിമിനും പ്രിന്റിംഗ് പേപ്പറിനുമൊക്കെ ചെലവുള്ളതല്ലേ" എന്നു പറഞ്ഞ് വലിയ തുകയ്ക്കുള്ള ഒരു ചെക്ക് എഴുതി എനിക്കു തന്നു.
വാങ്ങാതിരുന്നാൽ ഗുരുനിന്ദയാകുമെന്നു കരുതി അപ്പോൾ ഞാൻ അത് വാങ്ങിപ്പോന്നു. എങ്കിലും അത് മനസ്സിനെ വല്ലാതെ പ്രയാസപ്പെടുത്തികൊണ്ടിരുന്നു. കുറച്ചുദിവസം കഴിഞ്ഞ് വീണ്ടും ഗുരുവിന്റെ അടുക്കൽ ചെപ്പോൾ, ആ ചെക്ക് മാറി പണമാക്കുകയില്ലെന്നും, അതു വാങ്ങിയതിൽ മനപ്രയാസം തോന്നുന്നെന്നും, ഗുരുവിന്റെ സമ്മാനമായി കരുതി ആ ചെക്ക് ഫ്രെയിം ചെയ്ത് സൂക്ഷിക്കുമെന്നും പറഞ്ഞു. ദത്തന് പിന്നെ ഞാൻ എന്താണ് തരേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. അനുഗ്രഹം മാത്രം മതിയെന്നും ചെറിയ ഒരപേക്ഷയുള്ളത്, ഗുരുവിന്റെ ചിത്രങ്ങൾ എടുക്കാൻ അനുവദിക്കണം എന്നതു മാത്രണെന്നും പറഞ്ഞപ്പോൾ ഗുരു ചിരിച്ചു: 'അത്
എപ്പോഴേ തന്നിരിക്കുന്നു. ദത്തന് എപ്പോൾ വേണമെങ്കിലും എന്റെ ഫോട്ടോകളെടുക്കാം."
പ്രാർത്ഥനയുടെ
പുസ്തകം
എന്റെ സ്റ്റുഡിയോ ഉത്ഘാടനത്തിന് എത്തിയ ഗുരുവിനെ ചടങ്ങുകളെല്ലാം കഴിഞ്ഞശേഷം ഭക്ഷണത്തിനായി ഒരു ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയത് ഓർമ്മയുണ്ട്. ഗുരുവിനൊപ്പം ഓസ്‌ട്രേലിയൻ എഴുത്തുകാരി എഡേവാക്കറുടെ മകൾ എമ്മ വാക്കറും ഞാനും ഗുരുകുലത്തിൽ നിന്നുള്ള രണ്ടുപേരുമാണ് ഉണ്ടായിരുന്നത്. ഗുരുവിന് മസാല ദോശയാണ് വേണ്ടതെന്നു പറഞ്ഞു. എല്ലാവർക്കും ഞാൻ മസാലദോശ ഓർഡർചെയ്തപ്പോൾ ഗുരുവിന്റെ ചോദ്യം: 'ദത്തൻ മാംസഭക്ഷണമൊക്കെ കഴിക്കുന്ന ആളല്ലേ?"ഗുരുവിനൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അതു ശരിയല്ലെന്ന് നിർബന്ധപൂർവം പറഞ്ഞെങ്കിലും ഗുരു സമ്മതിച്ചില്ല. സപ്ലയറെ തിരികെ വിളിച്ച് 'പ്രോൺസ് ഉണ്ടെങ്കിൽ രണ്ട് പ്‌ളേറ്റു കൂടി കൊണ്ടുപോരൂ" എന്ന് ഗുരു തന്നെ ഓർഡർ ചെയ്തു. 'എമ്മയും നോൺവെജ് കഴിക്കും; നിങ്ങൾ രണ്ടുപേരും അതു കഴിച്ചോളൂ" എന്നു പറഞ്ഞു. എങ്കിൽ ഞങ്ങൾ മറ്റൊരു ടേബിളിലേക്ക് മാറിയിരിക്കാമെന്നു പറഞ്ഞിട്ടും ഗുരു സമ്മതിച്ചില്ല. അവരവർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിൽ എന്താണ് തെറ്റ് എന്ന ചോദ്യത്തിന് എനിക്ക് മറുപടിയില്ലായിരുന്നു.
1999 മേയ് 14 ന് ഫേൺഹിൽ ആശ്രമത്തിൽ അദ്ദേഹം സമാധിയായി. സമാധിയുടെ തലേന്നു സന്ധ്യവരെ ഞാൻ അദ്ദേഹത്തിന്റെ ചിത്രങ്ങളെടുത്തിരുന്നു. ദേഹത്തിൽ നിന്ന് ദേഹി വേർപെട്ടു കഴിഞ്ഞാൽപ്പിന്നെ അത് ജഡം മാത്രമാണെന്നും, മരണശേഷമുള്ള തന്റെ ഫോട്ടോകൾ എടുക്കരുതെന്നും അദ്ദേഹം നിഷ്‌കർഷിച്ചിരുന്നു. അതുകൊണ്ട് സമാധിക്കു ശേഷം പത്രമാദ്ധ്യമങ്ങൾ വന്ന് ചിത്രങ്ങൾ എടുക്കാൻ ശ്ര മിച്ചപ്പോൾ അവരെ തടയേണ്ടിയും വന്നു. വിവരങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തി, തലേന്ന് ഞാൻ തന്നെയെടുത്ത ചിത്രങ്ങൾ കൊടുത്താണ് പ്രശ്നം പരിഹരിച്ചത്. സമാധിയിരുത്തൽ ചടങ്ങുകളെല്ലാം കഴിഞ്ഞതിനു ശേഷമേ ഞാൻ പിന്നെ ക്യാമറ തുറന്നുള്ളൂ. 'അസത്യങ്ങളുടെ ലോകത്ത് സത്യത്തിനായുള്ള ആഗ്രഹങ്ങളാണ് എന്റെ പ്രാർത്ഥനകൾ" എന്ന ഗുരുവിന്റെ വാക്കുകളാണ് അദ്ദേഹത്തിന്റേതായി ഞാൻ വായിച്ചിട്ടുള്ള ഏറ്റവും വലിയ പുസ്തകം.