
കാനായി! ഓർമ്മകളിൽ തെളിയുക മനുഷ്യശരീരത്തിന്റെ അഴകളവുകളും ക്ഷണിക്കുന്ന കണ്ണുകളുമുള്ള ഒരു ശില്പം! തെക്കിന്റെയും വടക്കിന്റെയും അതിർത്തികളിൽ മലയാളിയുടെ വിശ്രമയിടങ്ങളിലെല്ലാം കാനായിയുണ്ട്. കുഞ്ഞിരാമന്റെ പെൺമക്കൾ ഉയർന്നുനിൽക്കുന്നുണ്ട്. 'യക്ഷി"യിൽ തുടങ്ങുന്ന ശില്പയാത്ര, തെക്ക് ശംഖുമുഖത്തെ സാഗര കന്യകയും വേളിയിലെ ശംഖും കൊച്ചിയിലെ മുക്കോല പെരുമാളും കോട്ടയത്തെ അക്ഷരശില്പവും കാസർകോട്ടെ എൻഡോസൾഫാൻ ദുരന്ത ശില്പവുമൊക്കെ ചേർന്നായിരിക്കും കാലത്തിനപ്പുറം മലയാളിയിടം അടയാളപ്പെടുത്തുക.
എൺപത്തിയെട്ടാം വയസിന്റെ ക്ഷീണം മറന്ന്, ശില്പങ്ങൾ വിട്ട് ആദ്യമായി ഒരു ഓപ്പൺ എയർ ആംഫി തിയേറ്റർ ഒരുക്കുന്ന തിരക്കിലാണ് കാനായി. നടക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും ചുറുചുറുക്കോടെ കോട്ടയം പബ്ലിക് ലൈബ്രറി വളപ്പിൽ തന്റെ ആദ്യ ഓപ്പൺ എയർ തിയേറ്റർ യാഥാർത്ഥ്യമാക്കുകയാണ് കാനായി. ലൈബ്രറി വളപ്പിൽ, 36 അടി ഉയരത്തിൽ കാനായി തന്നെ നിർമിച്ച അമ്മയും കുട്ടികളും ചേർന്നുള്ള അക്ഷരശില്പത്തെ നോക്കി നിൽക്കുന്നതു പോലാണ് എതിർ വശത്ത് ഓപ്പൺ എയർ തിയേറ്റർ. 45 അടി നീളവും 40 അടി വീതീയും നാലടിയോളം ഉയരവുമുള്ള സ്റ്റേജ് രണ്ടു മാസത്തിനകം പൂർത്തിയാക്കാൻ ഭാര്യ നളിനിക്കൊപ്പം പബ്ലിക് ലൈബ്രറി ഗസ്റ്റ് ഹൗസിൽ താമസിച്ചാണ് പണികൾക്ക് നേതൃത്വം.
മേലെ ആകാശം, താഴെ ഭൂമി, സ്റ്റേജിനു പിന്നിൽ പുല്ലും ചെടികളുമായി പച്ചപ്പ്. കാണികൾക്കു മുന്നിൽ തുറന്ന പ്രപഞ്ചമെന്നു വിശേഷിപ്പിക്കാവുന്ന ഓപ്പൺ എയർ തിയേറ്റർ സ്റ്റേജ് കേരളത്തിലെ ഏറ്റവും വലിയ സ്റ്റേജായിരിക്കുമെന്ന് കാനായി പറയുന്നു. പണ്ട്, കൊയ്തൊഴിഞ്ഞ പാടങ്ങളിൽ തുറന്ന വേദിയിലായിരുന്നു കാക്കാരിശി നാടകവും നാടകങ്ങളുമൊക്കെ അരങ്ങേറിയിരുന്നത്. നിലത്ത് കുത്തിയിരുന്നും കിടന്നുമായിരുന്നു സാധാരണക്കാർ ഇതൊക്കെ ആസ്വദിച്ചിരുന്നത്. സായിപ്പിൽ നിന്നു കടമെടുത്തതാണ് ഇപ്പോഴത്തെ ഹാളുകളും അടഞ്ഞ തിയേറ്ററും. അതിനൊരു മാറ്റമാണ് ഓപ്പൺ എയർ തിയേറ്ററിലൂടെ ലക്ഷ്യമിടുന്നത്. ഇത് കലാസാംസ്കാരിക പരിപാടികൾക്കു മാത്രമേ കൊടുക്കാവൂ എന്നാണ് കാനായിയുടെ അഭ്യർത്ഥന.
നല്ല കലാസ്വാദകൻ കൂടിയായ കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയയുടെ നിരന്തര അഭ്യർത്ഥന മാനിച്ചാണ്, ലൈബ്രറി വളപ്പിൽ കേരളത്തിലെ ഏറ്റവും വലിയ ശില്പമായ അക്ഷരശില്പം കാനായി മാസങ്ങളോളം താമസിച്ചു പൂർത്തിയാക്കിയത്. അദ്ദേഹത്തിന്റെ തന്നെ നിർദ്ദേശ പ്രകാരമാണ് അക്ഷരശില്പത്തെ മുഖം നോക്കി നിൽക്കുന്ന ഓപ്പൺ എയർ തിയേറ്റർ.ശാസ്ത്രി റോഡിൽ പബ്ലിക് ലൈബ്രറിക്കു മുന്നിൽ കേരളീയ വാസ്തുശില്പ മാതൃകയിലുള്ള പ്രവേശന കവാടവും കാനായി പൂർത്തിയാക്കും.
കാനായിയെ
കൊത്തിയത്
പഠിക്കാൻവേണ്ടി നാടുവിട്ടുപോയ ആളാണ്. വളരെ കഷ്ടപ്പെട്ടാണ് അന്ന് ജീവിച്ചിരുന്നത്. അച്ഛൻ പൈസയൊന്നും തരുമായിരുന്നില്ല. ഹോട്ടലിൽ പണിയെടുത്താണ് പഠിച്ചത്. മദ്രാസിലെയും ബ്രിട്ടനിലെയും പഠനമാണ് എന്റെ കണ്ണും മനസും തുറപ്പിച്ചത്. ബ്രിട്ടനിൽ, ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ശില്പി പ്രൊഫ. ബട്‌ലറുടെ കീഴിൽ പഠിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. ബ്രിട്ടനിൽ പോയില്ലായിരുന്നുവെങ്കിൽ ഞാൻ ശില്പിയാകുമായിരുന്നില്ല. എല്ലാ സൗകര്യവും അവിടെയുണ്ടായിരുന്നുവെങ്കിലും പഠനശേഷം എന്റെ ആത്മാവ് പറഞ്ഞു: നീ ഇവിടത്തുകാരനല്ല. ഇന്ത്യക്കാരനാണ്. കേരളീയനാണ്. ഇനി നിന്റെ കർമം, തിരിച്ചുപോയി സ്വന്തം നാടിനെ ഉണർത്തലാണ്. അതാണ് ഞാൻ ആദ്യമായി ചെയ്തത്.
കാസർകോട് ചെറുവത്തൂർ കുട്ടമത്ത് രാമന്റെയും മാധവിയുടെയും മൂത്ത പുത്രനായി ജനനം. കുട്ടിക്കാലത്ത് ചുവരിലെഴുതിയ ചിത്രങ്ങൾക്ക് ഒരേസമയം അച്‌ഛന്റെ കോപവും അമ്മയുടെ വാത്സല്യവും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ദേഷ്യക്കാരനായ അച്‌ഛനോട് പൊരുത്തപ്പെടാനാകാതെ അമ്മ സ്വന്തം വീട്ടിലേക്കു മടങ്ങി. അച്‌ഛന്റെ രണ്ടാം വിവാഹത്തോടെ ബാല്യകാലം ദുരിതപൂർണമായി. അപ്പോഴെല്ലാം സന്തോഷം കണ്ടെത്തിയിരുന്നത് മണ്ണിലും കല്ലിലും ശില്‌പങ്ങൾ കൊത്തിവരഞ്ഞായിരുന്നു. നീലേശ്വരം രാജാ സ്‌കൂളിലെ പഠനകാലത്ത് ചിത്രകലാദ്ധ്യാപകനായ കൃഷ്‌ണക്കുട്ടൻ മാഷാണ് പ്രോത്സാഹിപ്പിച്ചത്. അമ്മാവനായ കുഞ്ഞപ്പു മാഷും പിന്തുണയേകി.
മദ്രാസിലെ സ്‌കൂൾ ഒഫ് ആർട്സിൽ ശില്പകല ഐച്ഛിക വിഷയമായെടുത്തതാണ് വഴിത്തിരിവായത്. ചിത്രകാരനായ റോയ് ചൗധരിയായിരുന്നു പ്രിൻസിപ്പൽ. കെ.സി.എസ് പണിക്കർ കരുത്തും തണലും പകർന്നു. ചെമ്പു തകിടിൽ മാതൃസങ്കല്‌പ ശില്‌പം ചെയ്‌ത് പഠനസമയത്തു തന്നെ തകരശില്‌പ നിർമ്മാണരംഗത്തെ തുടക്കക്കാരനായി. ഒന്നാം ക്ലാസോടെ ജയിച്ച് മദ്രാസിലെ എത്തിരാജാ വനിതാ കോളേജിൽ അദ്ധ്യാപകനായി. 1961-ൽ ദേശീയ സ്കോളർഷിപ്പോടെ പഠനം തുടർന്നു. പിന്നീട് കോമൺവെൽത്ത് സ്കോളർഷിപ്പോടെ 1965-ൽ ലണ്ടൻ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള സ്‌ളേഡ് സ്‌കൂൾ ഒഫ് ആർട്സിൽ. വെൽഡിംഗ് ശില്‌പനിർമ്മിതി അഭ്യസിച്ചത് ഇവിടെ വച്ചാണ്.
അതിലുള്ളത്
അശ്ലീലമല്ല
'പുരുഷന്റെയും സ്ത്രീയുടെയും ശരീരശാസ്ത്രം പഠിക്കുകയെന്നത് ശില്പകലയുടെ പാഠ്യഭാഗമാണ്. സ്ത്രൈണത ലൈംഗികത ഉണർത്തും, ഇത് അശ്ലീലമല്ല. സന്താനോത്പാദനത്തിനു വേണ്ടിയുള്ള പ്രകൃതി നിയമമാണ്."എന്റെ ശില്പങ്ങളിലൊന്നും അശ്ലീലം കാണേണ്ടതില്ല. എറണാകുളം ജി.സി.ഡി.എ വളപ്പിലുള്ള മുക്കോല പെരുമാൾ ശില്‌പം ഭാവി,ഭൂത, വർത്തമാന കാലങ്ങളായ മൂന്ന് കോലങ്ങൾ ഒരേ വേദിയിൽ ഒന്നിച്ചിരുന്ന് വിധി പറയുന്നു. കിഴക്കു പടിഞ്ഞാറൻ ശൈലികളിലൂടെ ആധുനികത കൈവന്ന ആദ്യത്തെ ഇൻസ്റ്റലേഷനാണത്. കൊല്ലം കാർത്തിക ഹോട്ടലിനു മുന്നിലുള്ള ദ്വാരപാലകശില്‌പം രണ്ടു നഗ്നസ്ത്രീകൾക്കിടയിൽ നഗ്നനായി കുളിക്കുന്ന പുരുഷസങ്കല്‌പവും ചേർന്നതാണ്. കോട്ടയത്ത് പബ്ലിക് ലൈബ്രറിക്കു വേണ്ടി നിർമ്മിച്ച അക്ഷരശില്പം ലിപി ചരിത്രത്തിന്റെ ആകത്തുകയാണ്. മോഹൻജദാരോയിൽ തുടങ്ങി വട്ടെഴുത്തിലും കോലെഴുത്തിലും എഴുതി കമ്പ്യൂട്ടർ ഭാഷയിലെത്തി നിൽക്കുന്നു, ഈ ശില്‌പം.
നേതാജി, ശ്രീനാരായണ ഗുരു, കുമാരനാശാൻ, വിക്രം സാരാഭായ്, പട്ടം താണുപിള്ള, ശ്രീചിത്തിര തിരുനാൾ, മന്നത്ത് പത്മനാഭൻ, രവീന്ദ്രനാഥ ടാഗോർ, ഇ.എം.എസ് തുടങ്ങി പല പ്രമുഖരും കാനായി ശില്‌പങ്ങളിലൂടെ കാലത്തിന്റെ മുഖം നോക്കി നില്ക്കുന്നു. 'കാലത്തെ അതിജീവിക്കുന്നവയാണ് ശില്പങ്ങൾ. അവയുടെ ആയുസ് വർദ്ധിപ്പിക്കാനും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ത്രിമാനരൂപത്തിൽ കല്ല്, മണ്ണ്, മരം, ലോഹം, പ്ലാസ്റ്റിക്, സിമന്റ് തുടങ്ങിയവയൊക്കെ നിർമ്മാണ വസ്‌തുക്കളാകാം. സവിശേഷ വസ്‌തുക്കൾ ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നതും യഥാസമയങ്ങളിലുള്ള അറ്റകുറ്റപ്പണികളും ശില്‌പങ്ങളുടെ ആയുർദൈർഘ്യം കൂട്ടും- കാനായി ശില്പങ്ങളുടെ ആയുർരേഖ തെളിക്കുന്നു.
പാടത്താണ് ഞാൻ ആദ്യമായി ശില്പം ചെയ്യുന്നത്. പണിയെടുക്കുന്നവരുടെ ഇടയിൽ. അവിടെനിന്ന് ചെളിയെടുത്ത് ഞാൻ ശില്പങ്ങളുണ്ടാക്കി. അത് പണിക്കാരുടെതന്നെ ശില്പങ്ങളായിരുന്നു. എന്റെ ആദ്യത്തെ ആസ്വാദകർ അവരായിരുന്നു. അവർക്കു വേണ്ടിയിട്ടാണ് ഞാനിന്ന് ജീവിക്കുന്നതും പബ്ലിക് ആർട്ട് ചെയ്യുന്നതും.
ഒരിക്കൽ, പാടത്തെ ചെളികൊണ്ട് കയ്പയും പാവയ്ക്കയും വെണ്ടയുമെല്ലാം ഉണ്ടാക്കി. എന്നിട്ട് പെയിന്റ് ചെയ്ത് ഉണങ്ങാൻ കളത്തിൽവച്ചു. ശരിക്കുള്ള പച്ചക്കറി വെയിലത്തിട്ടതാണെന്നു കരുതി അച്ഛൻ അമ്മയെ ചീത്തപറഞ്ഞു. ഞാൻ കളിമണ്ണുകൊണ്ട് ഉണ്ടാക്കിയതാണെന്ന് അമ്മ പറഞ്ഞു. പിന്നെ അച്ഛൻ മിണ്ടിയില്ല.
ശത്രുവായത്
അച്ഛൻ!
ചെറുപ്പം മുതലേ എന്റെ കലയുടെ ശത്രു അച്ഛനായിരുന്നു. അമ്മ നേരേ തിരിച്ചും. വരയും കളിമൺ ശില്പവുമൊന്നും എന്നെ ആരും പഠിപ്പിച്ചിരുന്നില്ല. നമ്മുടെ ആദ്യഭാഷ കലയാണ്. മാതൃഭാഷ രണ്ടാം ഭാഷയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ചിത്രകല പഠിക്കാൻ പോയ എന്നെ ശില്പകലയിലേക്ക് വഴിതിരിച്ചു വിടുന്നത് കെ.സി.എസ്. പണിക്കരാണ്. പെയിന്റിംഗ് മാത്രം അഭ്യസിച്ചിരുന്നെങ്കിൽ എനിക്ക് ഇത്രയൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു.
ഫൈൻ ആർട്‌സ് പഠനം കഴിഞ്ഞപ്പോൾ കോമൺവെൽത്ത് സ്‌കോളർഷിപ്പ് ലഭിച്ചു. പഠനത്തിനു പുറമേ യൂറോപ്പ് മുഴുവൻ യാത്ര ചെയ്യാനുള്ള സ്‌കീമും അതിലുണ്ടായിരുന്നു. കഴിവു മാത്രമല്ല. ഭാഗ്യം കൂടിയുണ്ടായിട്ടാണ് എനിക്ക് ഇതൊക്ക ലഭിച്ചത്. ഞാൻ ഒന്നും തേടിപ്പോയിട്ടില്ല. 'യക്ഷി"യും 'ജലകന്യക"യുമെല്ലാം എന്നെ തേടിവന്നതാണ്.
കെ.സി.എസ്. പണിക്കർ കലാഗ്രാമം ഉണ്ടാക്കിയത് കലാകാരന്മാർക്കു വേണ്ടിയാണ്. പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് പുറത്തുപോയാൽ ജോലി കിട്ടില്ല. അവർക്കും ജീവിക്കേണ്ടേ? എന്തെങ്കിലും ക്രാഫ്റ്റും മറ്റുമൊക്കെ ചെയ്തു പഠിക്കാം എന്ന ഉദ്ദേശ്യത്തിലാണ് അവിടെ സ്ഥലം വാങ്ങിയിടുന്നത്. പത്തിരുപത് ആർട്ടിസ്റ്റുകൾ ചേർന്നാണത് തുടങ്ങുന്നത്. അപ്പോഴേക്കും സ്‌കോളർഷിപ്പ് കിട്ടി ഞാൻ ഇംഗ്ലണ്ടിലേക്കു പോയിരുന്നു. തിരിച്ചു വരുമ്പോഴേക്ക് അവിടം വലിയ കലാഗ്രാമമായി മാറിയിട്ടുണ്ടായിരുന്നു.
യക്ഷിയായി
മലമകൾ
കലാഗ്രാമത്തിൽ വച്ചാണ് കെ.സി.എസ്. പണിക്കർ, പാലക്കാട്ട് ഒരു ശില്പം ചെയ്യാമോ എന്നു ചോദിച്ചത്. വലിയ ശില്പങ്ങൾ ചെയ്യാൻ എനിക്കിഷ്ടമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഞാൻ ചെയ്യാമെന്നേറ്റു. അങ്ങനെയാണ് മലമ്പുഴയിലെ 'യക്ഷി"ചെയ്യുന്നത്. മലമ്പുഴ ഉദ്യാനത്തിൽ എന്തു ശില്പം വേണമെന്ന് രണ്ടു മാസം ആലോചിച്ചു. കുന്നിൻ മുകളിൽ പൂർണചന്ദ്രനുള്ള ഒരു ദിവസം മലമകൾ യക്ഷിയായി എന്റെ മനസിൽ വന്നു. ക്ഷേത്രത്തിലെ നഗ്ന ശരീരം എന്തുകൊണ്ട് പൊതുസ്ഥലത്ത് ആയിക്കൂടാ എന്ന ചിന്തയിലാണ് യക്ഷിയുടെ രൂപം തെളിഞ്ഞത്. കൺമുന്നിൽ തെളിഞ്ഞ രൂപം പൂർത്തിയാക്കി. ആ രൂപവും കാഴ്‌ചയും പലരിലും അസ്വസ്ഥതയുണർത്തി. യക്ഷിയെ വസ്ത്രം ധരിപ്പിക്കാത്തതിന് രാത്രി റൗഡികളുടെ അടി കൊണ്ടിട്ടുണ്ട്. എന്റെ സ്ഥാനത്ത് മറ്റേതൊരു ശില്പിയായിരുന്നെങ്കിലും യക്ഷിയെ പാതിവഴിയിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടേനെ! ശില്പം പൂർത്തിയായതിനു ശേഷം നാട്ടുകാർ ചെമ്പരത്തിപ്പൂവിട്ട് തൊഴുകൈകളോടെ യക്ഷിയ്ക്ക് വലംവച്ചതു കണ്ടപ്പോൾ സന്തോഷമായി.
കാലുകൾ നീട്ടി, മാറിടം ഉയർത്തി, അർദ്ധമയക്കത്തിൽ ആകാശത്തേക്ക് കണ്ണുകളുയർത്തി, മുടിയിഴകളിൽ വിരലോടിക്കുന്ന യക്ഷിരൂപത്തിന് അംഗീകാരങ്ങളേക്കാൾ ഏറെ കിട്ടിയത് വിമർശനങ്ങളായിരുന്നു. ആറു പതിറ്റാണ്ടിനു ശേഷം യക്ഷി നിർമ്മാണത്തിന്റെ വാർഷികാഘോഷം വലിയ ചടങ്ങായി. ഇന്നും അത് എന്റെ മാസ്റ്റർ പീസായി ജനങ്ങൾ കാണുന്നുവെന്നത് സന്തോഷം. തിരുവനന്തപുരത്ത് ചിപ്പിക്കുള്ളിൽ നിന്ന് സാഗരകന്യക പുറന്തോടു പൊട്ടിച്ച് കടൽത്തീരത്ത് തിരശ്ചീന തലത്തിൽ വിശ്രമിക്കാനൊരുങ്ങിയപ്പോൾ പലരും കണ്ണുപൊത്തി. ശില്പം പൂർത്തിയാക്കാനുള്ള സൗകര്യങ്ങൾ നൽകാൻ കളക്‌ടർ നളിനി നെറ്റോയോട് നിർദ്ദേശിച്ചത് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു.
കലഹിക്കാത്ത
കാനായിസം
കലയുടെ നവോത്ഥാന കാലഘട്ടമാണ് കാനായി കേരളത്തിൽ സൃഷ്‌ടിച്ചത്. 1975-ൽ ഫൈൻ ആർട്സ് കോളേജിൽ ശില്പകലാ വിഭാഗം പ്രൊഫസറായി, സിലബസും ടൈം ടേബിളുമൊന്നുമില്ലാതെ കടന്നുചെന്നപ്പോൾ വിവാദങ്ങളും വിമർശനങ്ങളുമുയർന്നു. 1978-ൽ ലളിതകലാ അക്കാഡമി ചെയർമാനായി. അക്കാലത്ത് എല്ലാ ഗ്രാമങ്ങളിലും ക്യാമ്പുകളും എക്‌സിബിഷനും സംഘടിപ്പിച്ചു. ആർട്ട് ഗാലറിയും നിർമ്മിച്ചു. വീട്ടിലൊരു ചിത്രം, മുറ്റത്തൊരു ശില്പം എന്നതായിരുന്നു ലളിതകലാ അക്കാഡമി ചെയർമാനായിരുന്ന കാനായിയുടെ മുദ്രാവാക്യം. ശില്പകലയേയും ചിത്രകലയേയും ജനകീയമാക്കാനായിരുന്നു ശ്രമം.
|
|
|
|
2005-ൽ, സംസ്ഥാന സർക്കാരിന്റെ പരമോന്നത ബഹുമതിയായ രാജാരവിവർമ്മ പുരസ്‌കാരം കാനായിക്കു ലഭിച്ചപ്പോൾ സ്വന്തമായി രൂപകല്‌പന ചെയ്‌ത ശില്‌പം ഏറ്റുവാങ്ങാനുള്ള അപൂർവ ഭാഗ്യവുമുണ്ടായി. സർക്കാരിന്റെ പ്രധാനപ്പെട്ട അവാർഡു ശില്പങ്ങൾ രൂപകല്‌പന ചെയ്തതും കാനായിയാണ്. ''ലോകത്ത് സ്വർഗം പണിയുന്നത് കലയുള്ള വീടുകളാണ്. മുറ്റം അലങ്കരിക്കാനൊരു ശില്‌പവും അകത്തളത്തിലൊരു ചിത്രവും വേണം. കലഹമില്ലാത്തതാവണം കുടുംബം."" ഇതാണ് കാനായിസം.
ശില്പങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം സർക്കാർ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച്, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കേരളശ്രീ പുരസ്‌കാരം കാനായി സ്വീകരിച്ചിട്ടില്ല. ശംഖുമുഖത്ത് ശില്പം മറച്ച് ഒരു ഹെലികോപ്‌ടർ കൊണ്ടുവന്നു വച്ച് അവിടം വികൃമാക്കി. വേളിയിൽ നിർമ്മിച്ച ശംഖും തകർച്ചയുടെ വക്കിലാണ്. കണ്ണൂർ പയ്യാമ്പലത്തെ പാർക്കും അവഗണിക്കപ്പെട്ടു കിടക്കുന്നു. കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രതീകമായി നിർമ്മിക്കുന്ന അമ്മയും കുഞ്ഞും ശില്പത്തിന്റെ പ്രഭ കെടുത്തി സമീപത്ത് കെട്ടിട സമുച്ചയം ഉയരുകയാണ്.
'എന്റെ എല്ലാ ശില്പവും പൊതുജനങ്ങൾ കാണണമെന്ന ആഗ്രഹമുള്ളതിനാൽ പൊതുസ്ഥലങ്ങളിലാണ് ശില്പങ്ങളെല്ലാം ചെയ്തിട്ടുള്ളത്. ശില്പനിർമിതിക്കുള്ള ഫോട്ടോ കാണുമ്പോൾ നമുക്കു തന്നെ ഒരു ജീവൻ വരും. മോഡലും ഞാനും ഒന്നായി മാറും."- നിർമ്മിതിയുടെ രചനാതന്ത്രം പറയുകയാണ് കാനായി. ആറു പതിറ്റാണ്ട് നീണ്ട കലാ ജീവിതത്തിനൊപ്പം സാഹിത്യലോകത്തും ശ്രദ്ധേയനായ കാനായിയുടെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരവും ഇതിനിടെ പുറത്തിറങ്ങി.