നഗരത്തിലെ സ്ഥലങ്ങളുടെ പഴയ പേര് എന്തായിരുന്നു? എങ്ങനെ മാറി.പുതിയ തലമുറ അറിയാൻ

--------------------------------------------------------------------------------------------

കേരളത്തിലെ ആദ്യത്തെ ആധുനിക ആസൂത്രിത വി.ഐ.പി ജനവാസമേഖലയാണ് തിരുവനന്തപുരത്തെ 'ജവഹർ നഗർ' .
കേരള സംസ്ഥാന രൂപീകരണത്തോടെ തലസ്ഥാനം കൊച്ചിയിലേക്കു മാറ്റാൻ ഒരുവിഭാഗം 'പാർലമെന്റ്റി - ജുഡീഷ്യറി - ബ്യൂറോക്രാറ്റ് " സംയുക്ത നീക്കത്തെ തടയിടാൻ ഒരു മാർഗമെന്ന നിലയിൽ പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച "സിറ്റി ഇംപ്രൂവ്മെൻറ് ട്രസ്റ്റിന്റെ " ആദ്യ സംരംഭങ്ങളിൽ മുഖ്യമായിരുന്നു തിരുവനന്തപുരത്തെ "ജവഹർ നഗർ ".
"ബ്രിട്ടീഷ് ഹൗസിങ്ങ് സ്കീം " മാതൃകയിൽ ചീഫ് ടൗൺ പ്ലാനർമാരായിരുന്ന ജെ.സി അലക്സാണ്ടർ , തോമസ് പൗലോസ് എന്നിവർ നേതൃത്വം നൽകിയ സംഘമായിരുന്നു ഈ നഗർ രൂപകല്പന ചെയ്തത് . 1964 നവംബർ 14ന് ഉദ്ഘാടനം ഔദ്യോഗികമായി നടന്നു . ഈ റസിഡൻഷ്യൽ ഏരിയയ്ക്ക് "ജവഹർ നഗർ " എന്നു പേരിട്ടത് ,ഇവിടെ ആദ്യ സൗധം പണിഞ്ഞവരിൽ ഒരാളായ " ബ്രൂക്ക് ബോണ്ടിന്റെ" ജനറൽ മാനേജരായിരുന്ന കെ.പി.കെ മേനോന്റെ ഭാര്യ സേതുഭായിയാണ് .

ജവഹർനഗർ റസിഡന്റ്സ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റായിരുന്ന കെ.പി.കെ മേനോനും സ്ഥാപക സെക്രട്ടറിയായിരുന്ന തോമസ് പൗലോസും ആ സ്ഥാനങ്ങൾ വളരെക്കാലം മാറിമാറി വഹിച്ചിരുന്നു .

ഈ പ്രദേശത്ത് ആദ്യമെത്തിയ "വി.ഐ.പി " ശ്രീവിശാഖം തിരുനാൾ രാമവർമ്മ മഹാരാജാവാകണം .

1880 മുതൽ 1885 വരെ തിരുവിതാംകൂർ ഭരിച്ച വിശാഖം തിരുനാൾ യുവരാജാവായിരുന്ന കാലത്തുതന്നെ തിരുവിതാംകൂറിൽ ഒട്ടേറെ വികസനങ്ങൾക്ക് തുടക്കം കുറിച്ചു . കാർഷികരംഗത്ത് അദ്ദേഹം നൽകിയ സംഭാവനകളിലൊന്നാണ് മരച്ചീനി കൃഷി ആദ്യമായി വ്യാപകമാക്കിയത് . അത് വിപുലമായി കൃഷി ചെയ്യാൻ നഗരസമീപത്തായി അദ്ദേഹം കണ്ടെത്തിയ പ്രദേശത്തെ പിന്നീട് "മരച്ചീനിവിള " എന്നറിയപ്പെടുകയും , അവിടെ ആദ്യമായി ഒരു കിഴങ്ങുഗവേഷണകേന്ദ്രം ആരംഭിക്കുകയുമുണ്ടായി . ചരിത്രത്തിലെ ആ
" മരച്ചീനി വിളയാണ് " പിന്നീട് ജവഹർ നഗറായി മാറിയത്.

ബോക്സ്

ജവഹർ നഗറിൽ നിന്ന് പുറപ്പെട്ട
പഴയൊരു അംബാസഡർ കാർ

എല്ലാ രംഗങ്ങളിലും പ്രവർത്തിച്ച പ്രതിഭകളടക്കം ,എത്രയോ വി.ഐ.പികളുടെ ആവാസഗേഹങ്ങൾ നിലകൊള്ളുന്ന ജവഹർ നഗറിലെ ഒരു "വി.വി.ഐ.പി " യായിരുന്നു മലയാള സിനിമയിലെ കാരണവരായിരുന്ന തിക്കുറിശ്ശി സുകുമാരൻ നായർ.

അദ്ദേഹത്തിന്റെ കാറിന്റെ മുന്നിലും പിന്നിലും ''അംബാസഡർ " എന്നെഴുതിയത് ഇളക്കിമാറ്റി ആ സ്ഥാനത്ത് " തിക്കുറിശ്ശി " എന്ന് ഇംഗ്ലീഷ് അക്ഷരങ്ങളാൽ ഘടിപ്പിച്ചിരുന്നു. ഒരിക്കൽ തന്റെ കാറിൽ ഒരു കൊടിയും വച്ച് രാജവീഥിയിലൂടെ യാത്ര ചെയ്ത തിക്കുറിശ്ശിയെ ഓർക്കുന്നവർ ഇന്നുമുണ്ട് . കവടിയാർ കൊട്ടാരത്തിൽ നിന്ന് ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ രാവിലെ ക്ഷേത്രദർശനത്തിനായി പോകുന്ന സന്ദർഭംനോക്കി ഒരു "പൈലറ്റ് "വാഹന മെന്നപോലെ , രാജ്ഭവനു സമീപത്തെ ജവഹർ നഗറിന്റെ പടിഞ്ഞാറെ എൻട്രൻസിലൂടെ പുറത്തിറങ്ങി തിക്കുറിശ്ശിയുടെ കാർ മുന്നിലായിട്ടുപോയി !" രാജഭക്തികൊണ്ടാണോ ഇങ്ങനെ " എന്നു ചോദിച്ചവരോടു തിക്കുറിശ്ശിയുടെ മറുപടി ...
''രാജഭക്തി കൊണ്ടല്ലാ . മഹാരാജാവു പോകുന്നതും കാത്ത് സ്ഥിരമായി ഇന്നും റോഡിൽ നിൽക്കുന്ന രാജഭക്തന്മാർ എന്നെ നോക്കി
"തിക്കുറിശ്ശി ഇതാ പോകുന്നു" എന്ന് വിളിച്ചു പറയുമ്പോൾ കേൾക്കാൻ ഒരു സുഖം " .എന്നായിരുന്നു.

( ലേഖകൻ ചരിത്ര ഗവേഷകനാണ് : ഫോൺ-8075747710)

നാളെ: ജവഹർനഗറിന് വേണ്ടത്