midhun-chakravarthi

അഞ്ചു പതി​റ്റാണ്ട് നീണ്ട അഭിനയ ജീവിതം. ആദ്യ ചിത്രത്തിൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം. കലാമൂല്യമുള്ള ചിത്രങ്ങളിലും വാണിജ്യ സിനിമകളിലും ഒരേപോലെ തിളങ്ങി. മാർഷൽ ആർട്സ് മുതൽ ചടുലമായ നൃത്തം വരെ.... ആരും കൊതിക്കുന്ന അവിസ്മരണീയ നേട്ടങ്ങളാണ് മിഥുൻ ചക്രവർത്തിയെന്ന നടൻ ഇന്ത്യൻ സിനിമയിൽ നേടിയെടുത്തത്.

സിനിമാ പാരമ്പര്യമില്ലാതെ സ്വന്തം നിലയ്ക്ക് സൂപ്പർ സ്റ്റാറായ വ്യക്തി. 'സ്റ്റാർ കിഡ്സ്" അരങ്ങുവാഴുന്ന ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുന്നത് ഒരർത്ഥത്തിൽ കൊടുമുടി കീഴടക്കുന്നതു പോലെയാണ്. താൻ നേരിട്ട വെല്ലുവിളികൾ പല അവസരങ്ങളിലും മിഥുൻ തുറന്നു പറഞ്ഞിട്ടുണ്ട്. ഇന്നലെ, ഫാൽകെ പുരസ്കാര നേട്ടത്തിനു പിന്നാലെയും കൊൽക്കത്തയിലെ ഇടുങ്ങിയ പാതയിൽ നിന്നാണ് താൻ ഇവിടെ വരെ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

മുംബയിലെ തെരുവുകളിൽ പട്ടിണിയിൽ കിടന്നുറങ്ങിയ കാലം മിഥുനുണ്ടായിരുന്നു. ചാൻസ് തേടിയലഞ്ഞ തനിക്ക് നിറത്തിന്റെ പേരിൽ നേരിട്ട വിവേചനങ്ങളും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ഒരുഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചു. എഴുപതുകളിൽ നക്‌സലൈറ്റ് പ്രസ്ഥാനത്തോട് ആവേശം തോന്നി വീടുവിട്ടിറങ്ങിയ ആളാണ് മിഥുൻ. സഹോദരന്റെ അകാല മരണം മിഥുനെ തിരികെ വീട്ടിലെത്തിച്ചു. അവിടെ നിന്നാണ് മിഥുൻ ചക്രവർത്തിയെന്ന നടന്റെ ഉദയം. നക്‌സൽ പ്രസ്ഥാനം വിട്ടിട്ടും 'നക്‌സലൈറ്റ്" ലേബൽ ഗൗരംഗ ചക്രബർത്തി എന്ന മിഥുനെ പിന്തുടർന്നിരുന്നു.

ബോളിവുഡിലെ ഐക്കണിക് നടന്മാരിൽ ഒരാളാണ് മിഥുൻ. വിഖ്യാത ചലച്ചിത്രകാരൻ മൃണാൾ സെന്നിന്റെ 'മൃഗയ" (1976) മിഥുന്റെ തലവര മാറ്റി. ആദിവാസി യുവാവിന്റെ വേഷം അവതരിപ്പിച്ച മിഥുൻ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. 1980കളിൽ 'ഡിസ്കോ ഡാൻസർ" പോലുള്ള സിനിമകളിലൂടെ ബോളിവുഡിലും തരംഗമായി. 'ഐ ആം എ ഡിസ്കോ ഡാൻസർ... " എന്ന പാട്ട് കേൾക്കാത്ത ഇന്ത്യക്കാർ കാണില്ല.


പാശ്ചാത്യലോകത്ത് പ്രസിദ്ധിയാർജ്ജിച്ച ഡിസ്കോ എന്ന സംഗീതരൂപത്തിന് ഇന്ത്യൻ ഹൃദയങ്ങളിൽ സ്ഥാനം നേടിക്കൊടുത്ത ഹിറ്റ് ഗാനം. ബപ്പി ലാഹിരിയുടെ മാസ്മരിക സംഗീതത്തിൽ മിഥുൻ ചക്രവർത്തി ഡാൻസ് ഫ്ലോറിൽ ചുവടുവച്ചപ്പോൾ പിറന്നത് ചരിത്രം. 'ഡിസ്കോ ഡാൻസറിലെ" (1982 ) ഒറ്റ ഗാനത്തിലൂടെ മിഥുൻ ബോളിവുഡ് കീഴടക്കി. ഇന്ത്യയ്ക്കു പുറമേ സോവിയറ്റ് യൂണിയനിലും ഡിസ്കോ ഡാൻസർ അന്ന് തരംഗമായി. പിൻകാലത്ത് ഇന്ത്യയുടെ മൈക്കൽ ജാക്സണെന്നു വരെ വിശേഷണം ചാർത്തപ്പെട്ടു.

1989ൽ മിഥുൻ കേന്ദ്ര കഥാപാത്രമായ 19 സിനിമകളാണ് റിലീസായത്. ലിംക ബുക്ക് ഒഫ് റെക്കാർഡ്സിൽ ഇടംനേടിയ ഈ നേട്ടം ഇന്നും തകർക്കപ്പെട്ടിട്ടില്ല. അഗ്നിപഥ്, ഗുരു, ജല്ലാദ് തുടങ്ങിയ സിനിമകളിലെ അഭിനയവും ശ്രദ്ധിക്കപ്പെട്ടു. ബംഗാളി ചിത്രമായ 'തഹാദർ കഥ" യിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം വീണ്ടും നേടി. സ്വാമി വിവേകാനന്ദ എന്ന ചിത്രം മികച്ച നഹനടനുള്ള ദേശീയ പുരസ്കാരവും നേടിക്കൊടുത്തു. ഒടുവിൽ പുറത്തിറങ്ങിയ 'കാബൂളിവാല" എന്ന ബംഗാളി ചിത്രവും ശ്രദ്ധിക്കപ്പെട്ടു. 2014ൽ തൃണമൂൽ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലേക്കിറങ്ങിയ മിഥുൻ രാജ്യസഭാംഗമായി. 2021ൽ ബി.ജെ.പിയിലേക്കു മാറി.