
റി റിലീസിൽ പുതിയ റെക്കോർഡ് ഇട്ടിരിക്കുകയാണ് മണിച്ചിത്രത്താഴ്. ആഗോള തലത്തിൽ 4.71 കോടി രൂപയാണ് ചിത്രം നേടിയത്. ഇതിൽ 3.15 കോടിരൂപയാണ് കേരളത്തിൽ നിന്ന് സ്വന്തമാക്കിയത്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും ഒാവർസീസ് കളക്ഷനുമെല്ലാം ചേർന്ന് 1.56 കോടിയും ചിത്രം നേടി. ഇതോടെ മണിച്ചിത്രത്താഴിന്റെ ആജീവനാന്ത കളക്ഷൻ 7.5 കോടിയായി. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രത്തെ കൾട്ട് ക്ളാസിക് എന്നാണ് വിശേഷിപ്പിക്കുന്നത്. ഫാസിലിന്റെ സംവിധാനത്തിൽ 1993 ൽ ആണ് റിലീസ് ചെയ്തത്.
മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, തിലകൻ, നെടുമുടിവേണു, ഇന്നസെന്റ്, സുധീഷ്, കെ.പി.എ.സി ലളിത തുടങ്ങിയവർ തകർത്തഭിനയിച്ചു. ആ വർഷം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ശോഭന നേടിയിരുന്നു.
കന്നടയിൽ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ദൂൽ ദുലയ്യ എന്നീ പേരുകളിൽ ചിത്രം റീമേക്ക് ചെയ്തു.