
അബുജ: തെക്കു-പടിഞ്ഞാറൻ നൈജീരിയയിൽ മൃഗശാല ജീവനക്കാരനെ സിംഹം കടിച്ചു കൊന്നു. ശനിയാഴ്ച വൈകിട്ട് ഒഗുൻ സംസ്ഥാനത്തെ പ്രസിഡൻഷ്യൽ ലൈബ്രറി വൈൽഡ്‌ലൈഫ് പാർക്കിലാണ് സംഭവം. മുൻ നൈജീരിയൻ പ്രസിഡന്റ് ഒലുസെഗൻ ഒബാസാൻജോയുടെ ഉടമസ്ഥതയിലുള്ളതാണ് പാർക്ക്. 35കാരനായ ജീവനക്കാരൻ കൂടിനുള്ളിലെ സുരക്ഷാ ഗേറ്റ് തുറന്ന് സിംഹത്തിന് ഭക്ഷണം നൽകിയതാണ് അപകടത്തിലേക്ക് നയിച്ചത്. യുവാവിന്റെ കഴുത്തിൽ സിംഹം ചാടിക്കടിച്ചു. യുവാവ് തത്ക്ഷണം മരിച്ചു. അധികൃതരെത്തി സിംഹത്തെ വെടിവച്ച് കൊന്നതോടെയാണ് യുവാവിന്റെ ശരീരം വീണ്ടെടുത്തത്. സന്ദർശകർ നോക്കിനിൽക്കെയായിരുന്നു സംഭവം. മരിച്ചയാൾക്ക് സിംഹങ്ങളെ പരിപാലിക്കുന്നതിൽ നല്ല അറിവുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരിയിൽ നൈജീരിയയിലെ മറ്റൊരു മൃഗശാലയിലും ജീവനക്കാരനെ സിംഹം കൊന്നിരുന്നു.