beauty

ഇന്ന് മിക്കയാളുകളും നേരിടുന്ന സൗന്ദര്യ പ്രശ്നമാണ് അകാല നര. മാനസിക സമ്മർദം, പാരമ്പര്യം, പോഷകാഹാരക്കുറവ്, കെമിക്കലുകളുടെ ഉപയോഗം തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ടാണ് നര ഉണ്ടാകുന്നത്. കടകളിൽ കിട്ടുന്ന ഡൈ ഉപയോഗിച്ച് അകാലനരയെ ചെറുക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. എന്നാൽ, ഇത് പിന്നീട് വലിയ രീതിയിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ, വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു ഫലപ്രദമായ ഡൈ പരിചയപ്പെടാം.

ആവശ്യമായ സാധനങ്ങൾ

വെള്ളം - അരക്കപ്പ്

ബീറ്റ്‌റൂട്ട് - പകുതി (ചെറിയ കഷ്‌ണങ്ങളാക്കി മുറിച്ചത്)

ചായപ്പൊടി - 3 ടീസ്‌പൂൺ

ഉലുവ - 1 ടീസ്‌പൂൺ

കടുക് - 3 ടീസ്‌പൂൺ

കരിംജീരകം - 1 ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

വെള്ളത്തിൽ ബീറ്റ്‌റൂട്ട് ചേർത്ത് നന്നായി തിളച്ച് വരുമ്പോൾ അതിലേക്ക് ചായപ്പൊടി ചേ‌ർത്തുകൊടുക്കുക. ഇതിനെ നന്നായി തിളപ്പിച്ച് കുറുക്കി അരിച്ചെടുത്ത് തണുക്കാനായി മാറ്റിവയ്‌ക്കുക. ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടി ചൂടാക്കി അതിലേക്ക് ഉലുവയും കടുകും കരിംജീരകവും ചേർത്ത് നന്നായി ചൂടാക്കുക. കടുകും ഉലുവയുമെല്ലാം പൊട്ടാൻ തുടങ്ങുമ്പോൾ അതിലേക്ക് ഒരുപിടി കറിവേപ്പില കൂടി ചേ‌ക്കണം. കറിവേപ്പില നന്നായി ചൂടായി വരുമ്പോൾ അടുപ്പിൽ നിന്ന് മാറ്റണം. ചൂടാറുമ്പോൾ പൊടിച്ചെടുക്കണം. ഈ കൂട്ടും നേരത്തേ തയ്യാറാക്കി വച്ച വെള്ളവും യോജിപ്പിച്ച് ഇരുമ്പ് പാത്രത്തിലാക്കി ഒരു ദിവസം മുഴുവൻ അടച്ചുവയ്‌ക്കുക.

ഉപയോഗിക്കേണ്ട വിധം

ഷാംപൂ ചെയ്‌ത് കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് ഡൈ പുരട്ടി ഒരു മണിക്കൂറെങ്കിലും വച്ചശേഷം കഴുകി കളയാവുന്നതാണ്. ഡൈ പുരട്ടിയ ശേഷം ഷാംപൂ ഉപയോഗിക്കാൻ പാടുള്ളതല്ല.