
കാൺപൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് ജയം,
ബംഗ്ളാദേശിനെതിരായ പരമ്പര 2-0ത്തിന് തൂത്തുവാരി
കാൺപൂർ : മഴയും വെളിച്ചക്കുറവും മൂലം രണ്ട് ദിവസം നഷ്ടപ്പെട്ടെങ്കിലും ട്വന്റി-20 പോലെ ത്രില്ലർ ശൈലിയിൽ കളിച്ച ഇന്ത്യ ബംഗ്ളാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഏഴുവിക്കറ്റിന്റെ തകർപ്പൻ വിജയം നേടി രണ്ട് മത്സരപരമ്പര 2-0ത്തിന് തൂത്തുവാരി. കാൺപൂർ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ മത്സരത്തിന്റെ അവസാന ദിവസമായ ഇന്നലെ ബംഗ്ളാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 146 റൺസിൽ അവസാനിപ്പിച്ച ശേഷം വിജയലക്ഷ്യമായ 95 റൺസ് ഇന്ത്യ 17.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ മറികടക്കുകയായിരുന്നു.
ആദ്യ ദിവസം ലഞ്ചിന് ശേഷം തടസമായെത്തിയ മഴ രണ്ടും മൂന്നും ദിവസങ്ങൾ പൂർണമായി തട്ടിയെടുത്തിയിരുന്നു. ആദ്യ ദിവസം 107/3 എന്ന നിലയിലായിരുന്ന സന്ദർശകരെ നാലാം ദിവസം 233 റൺസിൽ ആൾഔട്ടാക്കിയ ഇന്ത്യ അതിവേഗത്തിൽ ബാറ്റുചെയ്ത് 285/9 എന്ന സ്കോറിൽ ഡിക്ളയർ ചെയ്താണ് മത്സരം ആവേശകരമാക്കി മാറ്റിയത്. നാലാം ദിവസത്തിന്റെ അവസാന മിനിട്ടുകളിൽ രണ്ടാം ഇന്നിംഗ്സ് തുടങ്ങിവച്ച ബംഗ്ളാദേശ് കളിനിറുത്തുമ്പോൾ 26/2 എന്ന നിലയിലായിരുന്നു. ഇന്നലെ ഈ സ്കോറിൽ ബാറ്റിംഗ് തുടരാനെത്തിയ ബംഗ്ളാദേശുകാരെ 146 റൺസിൽ ആൾഔട്ടാക്കിയശേഷം ലഞ്ചിന് പിരിഞ്ഞ ഇന്ത്യ മടങ്ങിയെത്തി വിജയം നേടുകയായിരുന്നു.
ഇരു ഇന്നിംഗ്സുകളിലും അർദ്ധസെഞ്ച്വറി നേടിയ (72,51) ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളാണ് മാൻ ഒഫ് ദ മാച്ച്. രണ്ട് മത്സരങ്ങളിൽ നിന്ന് 114 റൺസും 11 വിക്കറ്റുകളും നേടിയ രവിചന്ദ്രൻ അശ്വിൻ മാൻ ഒഫ് ദ സിരീസായി.
മഴയേയും മറികടന്ന മത്സരാവേശം
മഴ മത്സരത്തിന് ഫലമുണ്ടാകുന്നതിന് വെല്ലുവിളിയാകുമോ എന്ന സംശയങ്ങളെ കാറ്റിൽപറത്തുന്ന പ്രകടനമാണ് ഇന്ത്യ കാൺപൂരിൽ കാഴ്ചവച്ചത്. ആദ്യ ദിനം 35 ഓവറുകൾ മാത്രമാണ് പൂർത്തിയാക്കാനായത്. ടോസ് നേടിയ ഇന്ത്യ ബംഗ്ളാദേശിനെ ബാറ്റിംഗിന് വിളിക്കുകയായിരുന്നു. 107/3 എന്ന നിലയിലാണ് ആദ്യ ദിനം പിരിഞ്ഞത്.
നാലാം ദിനം കളി പുനരാരംഭിച്ചപ്പോൾ 126 റൺസ് കൂടി നേടുന്നതിനിടയിൽ ബംഗ്ളാദേശിനെ ആൾഔട്ടാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം നേടിയ ആകാശ് ദീപും അശ്വിനും സിറാജും ഒരു വിക്കറ്റ് നേടിയ ജഡേജയും ചേർന്നാണ് ബംഗ്ളാദേശിനെ ചുരുട്ടിയത്. പുറത്താകാതെ സെഞ്ച്വറി നേടിയ മോമിനുൽ ഹഖ് (107) ആയിരുന്നു ബംഗ്ളാദേശിന്റെ ടോപ് സ്കോററർ.
തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ യശസ്വി ജയ്സ്വാൾ (51 പന്തുകളിൽ 72 റൺസ്),രോഹിത് ശർമ്മ (11 പന്തുകളിൽ 23),ശുഭ്മാൻ ഗിൽ (36 പന്തുകളിൽ 39),വിരാട് കൊഹ്‌ലി (35 പന്തുകളിൽ 47),കെ.എൽ രാഹുൽ (43 പന്തുകളിൽ 68 റൺസ്) എന്നിവരുടെ അതിവേഗ ബാറ്റിംഗ് മികവിൽ 34.4 ഓവറിൽ 285/9ന് ഡിക്ളയർ ചെയ്തു.
നാലാം ദിവസം അവസാനിക്കുന്നതിന് മുമ്പ് ബംഗ്ളാദേശിനെ വീണ്ടും ബാറ്റിംഗിനിറക്കിയ ഇന്ത്യ 26 റൺസ് എടുക്കുന്നതിനടെ രണ്ട് വിക്കറ്റുകൾ കൂടി പിഴുതെടുത്തശേഷമാണ് കളത്തിൽ നിന്ന് മടങ്ങിയത്.
അഞ്ചാം ദിവസത്തെ കളി
26/2 എന്ന സ്കോറിൽ ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയ ബംഗ്ളാദേശിന് ഇന്നലെ ആദ്യ പ്രഹരമേൽപ്പിച്ചത് അശ്വിനാണ്. ആദ്യ
ഇന്നിംഗ്സിലെ സെഞ്ച്വറിക്കാരൻ മോമിനുലിനെ (2) 14-ാം ഓവറിൽ രാഹുലിന്റെ കയ്യിലെത്തിച്ച് അശ്വിൻ സന്ദർശകരെ 36/3 എന്ന നിലയിലാക്കി. തുടർന്ന് ക്രീസിൽ ഒരുമിച്ച ഷദ്മാനും (50) നായകൻ ഷാന്റോയും (19) സമനില ലക്ഷ്യമിട്ട് പ്രതിരോധിക്കാൻ തുടങ്ങി. 28-ാം ഓവർ വരെ ഈ സഖ്യം ക്രീസിൽ നിലയുറപ്പിച്ചപ്പോൾ മത്സരത്തിന് ഫലമുണ്ടാകുമോയെന്ന ആശങ്കയുണ്ടായി.എന്നാൽ 28-ാം ഓവറിൽ ഷാന്റോയെ ക്ളീൻ ബൗൾഡാക്കി ജഡേജയും തൊട്ടുപിന്നാലെ ഷദ്മാനെ കൂടാരം കയറ്റിയ ആകാശ് ദീപും കളി വീണ്ടും ഇന്ത്യയുടെ കയ്യിലാക്കി.
തുടർന്ന് മുഷ്ഫിഖുറിനെ (37) ഒരറ്റത്ത്നിറുത്തി ലിട്ടൺ ദാസ് (1), ഷാക്കിബ് (0) എന്നിവരെ ജഡേജയും പുറത്താക്കി. മെഹ്ദിയെ (9)ക്കൂട്ടി മുഷ്ഫിഖുർ 100 കടത്തിയെങ്കിലും 118ലെത്തിയപ്പോൾ ബുംറയെക്കൊണ്ടുവന്ന് രോഹിത് മെഹ്ദിയെ മടക്കിഅയച്ചു. തുടർന്ന് തൈജുലിനെ (0)ക്കൂടി ബുംറ വീഴ്ത്തിയതോടെ ലഞ്ചിന് പിരിയുന്നത് അരമണിക്കൂർ വൈകിപ്പിച്ച് ഇന്ത്യ ബൗളിംഗ് തുടർന്നു. ഒടുവിൽ ലഞ്ചിന് പിരിയേണ്ട അവസാന ഓവറിൽ മുഷ്ഫിഖുറിനെ ക്ളീൻ ബൗൾഡാക്കി ബുംറതന്നെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ലാസ്റ്റ് ഡേയിലെ ട്വന്റി-20
അവസാന ദിവസം ബംഗ്ളാദേശ് ബാറ്റ് ചെയ്തത് 37 ഓവർ, ഇന്ത്യ ബാറ്റ് ചെയ്തത് 17.2 ഓവർ
90
ഈ കലണ്ടർ വർഷം ടെസ്റ്റിൽ 90 സിക്സുകളാണ് ഇന്ത്യൻ ടീം നേടിയത്. 1877 മുതലുള്ള ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ഒരുവർഷം 90 സിക്‌സുകൾ നേടുന്നത്. ന്യൂസിലാൻഡിന് എതിരെ  ഈ വർഷം മൂന്ന് ടെസ്റ്റുകൾ ബാക്കിയുള്ളതിനാൽ ഇക്കാര്യത്തിൽ സെഞ്ച്വറി തികയ്ക്കാൻ സാദ്ധ്യതയുണ്ട്.
കളി ജയിപ്പിച്ച
തീരുമാനങ്ങൾ
1. കാൺപൂരിൽ മഴ മുന്നറിയിപ്പുണ്ടായിരുന്നതിനാൽ അതനുസരിച്ച് ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മയും കോച്ച് ഗൗതം ഗംഭീറും ആവിഷ്കരിച്ച തന്ത്രങ്ങളാണ് ഇന്ത്യയ്ക്ക് ജയം നൽകിയത്.
2. ടോസ് നേടിയ ഇന്ത്യ ബംഗ്ളാദേശിനെ കിട്ടുന്ന സമയത്ത് എറിഞ്ഞൊതുക്കാനായി ആദ്യ ബാറ്റിംഗിന് അയച്ചത് വിപ്ളവകരമായ തീരുമാനമായിരുന്നു. 2015ന് ശേഷം ആദ്യമായാണ് ഇന്ത്യ ഹോംഗ്രൗണ്ടിൽ ടോസ് കിട്ടിയശേഷം ഫീൽഡിംഗ് തിരഞ്ഞെടുത്തത്.
3. നാലാം ദിനം ബംഗ്ളാദേശിനെ ആൾഔട്ടാക്കിയശേഷം ട്വന്റി-20ശൈലിയിൽ ബാറ്റ് ചെയ്യാൻ തുടക്കമിട്ടത് രോഹിതാണ്. വിക്കറ്റ് പോയാലും റൺസ് കിട്ടിയാൽ മതിയെന്ന രീതിയിൽ ഇന്ത്യൻ താരങ്ങൾ ബാറ്റുവീശിയപ്പോൾ 34.4 ഓവറിൽ പിറന്നത് 285 റൺസാണ്. 8.22 ആയിരുന്നു ഇന്ത്യയുടെ റൺറേറ്റ്.
4. നാലാം ദിനം ആൾഔട്ടാകാൻ കാത്തുനിൽക്കാതെ ഡിക്ളയർ ചെയ്തതും മികച്ച തീരുമാനമായി. രണ്ട് വിക്കറ്റുകൾ നാലാം ദിനം നഷ്ടമായത് ബംഗ്ളാദേശിനെ ഉലച്ചു.
5. അഞ്ചാം ദിനം ബംഗ്ളാദേശ് പ്രതിരോധിക്കുമെന്ന് കണക്കുകൂട്ടി കൃത്യമായ ബൗളിംഗ് ചെയ്ഞ്ചുകൾ നടത്തിയത് മറ്റൊരു മികച്ച തന്ത്രമായിരുന്നു. ബുംറയും അശ്വിനും ജഡേജയും മാറിമാറി എറിഞ്ഞപ്പോഴാണ് വിക്കറ്റുകൾ വീണത്.