
വില്പനയിൽ പ്രകടനം മെച്ചപ്പെടുത്തി കാർ കമ്പനികൾ
കൊച്ചി: ഉത്സവകാലത്തിന് മുന്നോടിയായി സെപ്‌തംബറിൽ രാജ്യത്തെ വാഹന വിപണി മികച്ച ഉണർവ് നേടുന്നു. കഴിഞ്ഞ മാസം ടാറ്റ മോട്ടോഴ്സ് ഒഴികെയുള്ള പ്രമുഖ കമ്പനികകളെല്ലാം കാർ വില്പനയിൽ മികച്ച നേട്ടമുണ്ടാക്കി, ദീപാവലി, നവരാത്രി, ക്രിസ്‌മസ് ആഘോഷങ്ങൾ ആവേശമാക്കാൻ വിതരണക്കാർ സ്‌റ്റോക്ക് വർദ്ധിപ്പിക്കുകയാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വില്പന കഴിഞ്ഞ മാസം 24 ശതമാനം ഉയർന്ന് 51,062 യൂണിറ്റുകളിലെത്തി ചരിത്രം സൃഷ്‌ടിച്ചു. ടൊയോട്ട കിർലോസ്‌കറിന്റെ കാർ വില്പന 14 ശതമാനം വർദ്ധനയോടെ 26,847 യൂണിറ്റുകളായി. കിയ മോട്ടോറിന്റെ കാർ വില്പന 14 ശതമാനം കൂടി 23,523ൽ എത്തി. മാരുതി സുസുക്കിയുടെ വാഹന വില്പന സെപ്തംബറിൽ രണ്ട് ശതമാനം ഉയർന്ന് 1,84,727 യൂണിറ്റുകളായി. അതേസമയം വൈദ്യുതി വാഹനങ്ങളുടെ നികുതിയിലുണ്ടായ മാറ്റം മൂലം ടാറ്റ മോട്ടോഴ്‌സിന്റെ കാർ വില്പനയിൽ എട്ടുശതമാനം കുറവുണ്ടായി. എം.ജി മോട്ടോറിന്റെ വില്പനയും എട്ട് ശതമാനം ഇടിഞ്ഞു.
ജി.എസ്.ടി വരുമാനം @1.73 ലക്ഷം കോടി രൂപ
സെപ്തംബറിൽ ഇന്ത്യയിലെ ചരക്ക്, സേവന നികുതി(ജി.എസ്.ടി) വരുമാനം 6.5 ശതമാനം വർദ്ധനയോടെ 1.73 ലക്ഷം കോടി രൂപയിലെത്തി. ആഗസ്‌റ്റിൽ ജി.എസ്.ടി വരുമാനം 1.75 ലക്ഷം കോടി രൂപയായിരുന്നു. നടപ്പുവർഷം ഇതുവരെ മൊത്തം ജി.എസ്.ടി വരുമാനം 10.1 ശതമാനം ഉയർന്ന് 9.13 ലക്ഷം കോടി രൂപയിലെത്തി.
ജി.എസ്.ടി കുതിപ്പ്
മാസം വരുമാനം(രൂപയിൽ)
ഏപ്രിൽ 2.10 ലക്ഷം കോടി
മേയ് 1.73 ലക്ഷം കോടി
ജൂൺ 1.74 ലക്ഷം കോടി
ജൂലായ് 1.82 ലക്ഷം കോടി
ആഗസ്‌റ്റ് 1.75 ലക്ഷം കോടി
സെപ്‌തംബർ 1.73 ലക്ഷം കോടി
ഡോളർ സമ്മർദ്ദത്തിൽ തളരാതെ രൂപ
കരുത്തോടെ കുതിക്കുന്ന ഡോളറിനെതിരെ രൂപ ശക്തമായി പിടിച്ചുനിൽക്കുന്നു. മാസാവസാനത്തിൽ കയറ്റുമതിക്കാർ ഡോളർ വിറ്റഴിച്ചതാണ് ഗുണമായത്. ഏഷ്യൻ നാണയങ്ങൾ ഇന്നലെ ഡോളറിനെതിരെ ദുർബലമായിരുന്നു. അമേരിക്കയിൽ ഈ വർഷം വീണ്ടും പലിശ നിരക്ക് കുറയ്ക്കുമെന്ന ഫെഡറൽ റിസർവിന്റെ സൂചനയാണ് ഡോളറിന് കരുത്തായത്. ഡോളറിനെതിരെ രൂപ ഇന്നലെ 83.79ൽ വ്യാപാരം അവസാനിപ്പിച്ചു.