
കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളേജിൽ ഡോക്ടർ ക്രൂരമാനഭംഗത്തിനിരയായ സംഭവത്തിൽ സമരം പുനരാരംഭിക്കാനൊരുങ്ങി ജൂനിയർ ഡോക്ടർമാർ. കേസിൽ സി.ബി. ഐ അന്വേഷണം മെല്ലെപ്പോക്കിലാണെന്ന് ആരോപിച്ച ഡോക്ടർമാർ ജുഡിഷ്യൽ പ്രക്രിയയിൽ നിരാശ തോന്നുന്നുവെന്നും പ്രതികരിച്ചു. മുഖ്യമന്ത്രി മമത ബാനർജിയുമായി നിരവധി തവണ ചർച്ച നടത്തിയതിനുശേഷമാണ് ഏറെ നാളത്തെ സമരം അവസാനിപ്പിച്ചത്. എന്നാൽ വാഗ്ദാനങ്ങൾ നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സംഘടനകൾ ആരോപിച്ചു.
നീതി നടപ്പാക്കണം
പത്ത് ആവശ്യങ്ങൾ സർക്കാർ ഉടൻ നടപ്പാക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു.
1. കൊല്ലപ്പെട്ട ഡോക്ടർക്ക് ഉടൻ നീതി നടപ്പാക്കണം. ജുഡിഷ്യൽ നടപടികൾ വലിച്ചുനീട്ടരുത്
2. ഭരണപരാജയമാണ് ക്രൂരതയ്ക്ക് പിന്നിലെ പ്രധാന കാരണം. ആരോഗ്യ സെക്രട്ടറിയെ ഉടൻ നീക്കണം
3. എല്ലാ ആശുപത്രികളിലും മെഡിക്കൽ സ്ഥാപനങ്ങളിലും ഒരു കേന്ദ്രീകൃത റഫറൽ സംവിധാനം വേണം
4. നിരീക്ഷണത്തിന് മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ഡിജിറ്റൽ സംവിധാനം
5. സി.സി ടിവികൾ, കാൾ റൂമുകൾ, ടോയ്‌ലെറ്റ് സൗകര്യങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ജൂനിയർ ഡോക്ടർമാരുടെ പ്രതിനിധികളുള്ള ടാസ്‌ക് ഫോഴ്സ് രൂപീകരിക്കണം
6. സ്ഥിരം ഉദ്യോഗസ്ഥരെ നിയമിക്കണം. ആശുപത്രികളിൽ പൊലീസ് സുരക്ഷ ശക്തമാക്കണം
7. ആരോഗ്യ പ്രവർത്തകരുടെ ഒഴിവുള്ള എല്ലാ തസ്തികകളും നികത്താൻ അടിയന്തര നടപടി
8. ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിലുൾപ്പെട്ടവരെക്കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ കോളേജുകളിൽ അന്വേഷണ സമിതികൾ രൂപീകരിക്കണം
9. എല്ലാ മെഡിക്കൽ കോളേജുകളിലും സ്റ്റുഡന്റ് കൗൺസിൽ തിരഞ്ഞെടുപ്പ് കാലതാമസമില്ലാതെ നടത്തണം, ആർ.ഡി.എമാരുടെ അംഗീകാരവും തീരുമാനമെടുക്കുന്ന ബോഡികളിൽ വിദ്യാർത്ഥി, ജൂനിയർ ഡോക്ടർ പ്രാതിനിധ്യവും
10. ബംഗാൾ മെഡിക്കൽ കൗൺസിലിലും ബംഗാൾ ഹെൽത്ത് റിക്രൂട്ട്‌മെന്റ് ബോർഡിലും അഴിമതിയും ക്രമക്കേടും സംബന്ധിച്ച് അടിയന്തര അന്വേഷണം
മെല്ലെപ്പോക്കിൽ ഇടപെട്ട്
സുപ്രീംകോടതിയും
ആശുപത്രികളിൽ സിസി ടി.വികളും ടോയ്‌ലെറ്റുകളും വിശ്രമ മുറികളും സ്ഥാപിക്കാത്ത ബംഗാൾ സർക്കാറിന്റെ മെല്ലെപ്പോക്കിനെ കഴിഞ്ഞ ദിവസം സുപ്രീംകോടതി വിമർശിച്ചിരുന്നു. ഈ മാസം 15നകം ഇവ പൂർത്തിയാക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചു. ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് നിർദ്ദേശം.
16ന് കേസ് വീണ്ടും പരിഗണിക്കും. ഇരയുടെ പേരും ചിത്രവും ഒരുകാരണവശാലും പ്രസിദ്ധീകരിക്കരുതെന്ന് നിരീക്ഷിച്ചു.