
വാർസോ: വിമാനത്തിൽ ടോയിലറ്റിൽ പോകാൻ വീൽ ചെയർ നൽകാത്തതിനെ തുടർന്ന് നിലത്തുകൂടി ഇഴഞ്ഞു പോകേണ്ടി വന്ന അവസ്ഥ വിവരിച്ച് ബ്രിട്ടീഷ് മാദ്ധ്യമ പ്രവർത്തകൻ. ബിബിസി ലേഖകൻ ഫ്രാങ്ക് ഗാർനറിനാണ് ഈ ദുരവസ്ഥ നേരിടേണ്ടിവന്നത്. എൽ.ഒ.ടി പോളിഷ് എയർലൈൻസ് വിമാനത്തിൽ പോളണ്ടിന്റെ തലസ്ഥാനമായ വാർസോയിൽ നിന്ന് യാത്ര ചെയ്യവെയാണ് ഈ ദുരവസ്ഥയുണ്ടായത്.യാത്രയ്ക്കിടെ ഫ്രാങ്കിന് വാഷ്റൂമിൽ പോകേണ്ടിവന്നപ്പോൾ വീൽ ചെയർ ചോദിച്ചു. അപ്പോഴാണ് വിമാനത്തിനകത്ത് വീൽ ചെയർ അനുവദിക്കില്ലെന്ന് അവർ അറിയിച്ചത്. ഇതോടെ മറ്റ് വഴിയില്ലാതെ നിലത്തുകൂടി ഇഴഞ്ഞ് അദ്ദേഹത്തിന് ടോയിലറ്റിലേക്ക് പോകേണ്ടി വന്നു. 2024 ആയിട്ടും ഒരു ഭിന്നശേഷിക്കാരന് വിമാനത്തിൽ നിലത്തുകൂടി ഇഴഞ്ഞ് നീങ്ങേണ്ടി വന്ന അവസ്ഥയും പോളിഷ് എയർലൈൻ ഭിന്നശേഷിക്കാരോട് കാണിക്കുന്ന സമീപത്തിന്റെ അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു. താൻ നേരിട്ട പ്രശ്നം യാത്രക്കാരൻ എക്സ് വഴിയാണ് ലോകത്തെ അറിയിച്ചത്. ഭിന്നശേഷിക്കാരോട് ക്രൂരമായ സമീപനം സ്വീകരിച്ച വിമാനക്കമ്പനിയുടെ നടപടിയിൽ രൂക്ഷമായ പ്രതികരണമാണ് എക്സിൽ പിന്നാലെ ഉണ്ടായത്. അതേസമയം വിമാനത്തിലെ ജീവനക്കാർ തന്നെ പരമാവധി സഹായിച്ചെന്നും തന്നോട് ക്ഷമാപണം നടത്തിയെന്നും വിശദീകരിച്ച അദ്ദേഹം, ഇത് ജീവനക്കാരുടെ പ്രശ്നം കൊണ്ടല്ല മറിച്ച് വിമാനക്കമ്പനിയുടെ നയം കാരണമാണ് സംഭവിച്ചതെന്നും പോസ്റ്റിൽ പറയുന്നു. 2004ലെ യുദ്ധ റിപ്പോർട്ടിംഗിനിയെയാണ് ഫ്രാങ്ക് ഗാർനറിന് കാലുകൾ നഷ്ടമായത്.