
വിദ്യാഭ്യാസം നമ്മുടെ രാജ്യത്ത് ഒരു കച്ചവടച്ചരക്കായി മാറിയിട്ട് ദശാബ്ദങ്ങൾ പിന്നിട്ടു. പല സംസ്ഥാനങ്ങളിലും കോളേജുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനു വേണ്ടിയുള്ള കോഴപ്പണം കൂടുതൽ വർദ്ധിച്ചു. നഴ്സറി സ്‌കൂളുകൾ മുതൽ പ്രവേശനത്തിന് കോഴ വാങ്ങുന്ന സംസ്ഥാനങ്ങളിലൊന്നാണ് നമ്മുടേത്. പ്രൈമറി സ്‌കൂളിൽ പ്രതിമാസം ഒരുലക്ഷം രൂപ ഫീസ് വാങ്ങുന്ന സ്വകാര്യ സ്‌കൂളുകൾ പോലുമുണ്ട്! വ്യവസായികളും ഫ്യൂഡൽ പ്രമാണിവർഗവും ഉന്നത ഉദ്യോഗസ്ഥ വിഭാഗവും, എന്തിന് പുത്തൻ പണക്കാർ വരെ ഇത്തരം സ്‌കൂളുകളിലാണ് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നത്.
കോളേജുകളിലെ വൻ അഡ്മിഷൻ കോഴയും പുതിയ സംഭവമല്ല. കർണ്ണാടകം, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര തുടങ്ങിയ ഇടങ്ങളിൽ പോയി ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികളും വലിയ തുകയാണ് അഡ്മിഷൻ കോഴയായി നൽകിവരുന്നത്. ഇന്ന് ഏറ്റവും കൂടുതൽ വരുമാനം ലഭ്യമാകുന്ന വ്യവസായമായി ഇന്ത്യയിലെ വിദ്യാഭ്യാസം മാറിയിരിക്കുന്നു. അമേരിക്ക ഉൾപ്പെടെ പല വൻകിട മുതലാളിത്ത രാജ്യങ്ങളിലും, ഗ്രീസ് പോലെ വിദ്യാഭ്യാസത്തിന് വലിയ പാരമ്പര്യമുള്ള രാജ്യങ്ങളിൽപ്പോലും വിദ്യാഭ്യാസം വെറും കച്ചവടച്ചരക്കായി മാറുന്നു. അമേരിക്കയിലും യൂറോപ്പിലെ പല രാജ്യങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ ദു:സ്ഥിതിക്കെതിരായി വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ജനങ്ങളുടെയും വലിയ പ്രക്ഷോഭങ്ങൾ നടന്നുവരികയുമാണ്. മുതലാളിത്ത ചൂഷണ വ്യവസ്ഥയുടെ അനിവാര്യ ഭാഗമായി മാറുകയാണ് വിവിധ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ മേഖല അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
കൊള്ളയ്ക്ക്
കുറുക്കുവഴി
മെരിറ്റ് അടിസ്ഥാനത്തിൽ മാത്രം അഡ്മിഷൻ നിർബന്ധമായ മെഡിക്കൽ കോളേജുകൾ, ദന്തൽ കോളേജുകൾ, നഴ്സിംഗ് കോളേജുകൾ, എൻജിനിയറിംഗ് കോളേജുകൾ തുടങ്ങിയവയിൽ ഈ മെരിറ്റ് സമ്പ്രദായത്തെ തുരങ്കം വയ്ക്കുന്നതിന്, മെരിറ്റ് ഇല്ലാത്ത വിദ്യാർത്ഥികൾക്ക് കുറുക്കുവഴിയിലൂടെ പ്രവേശനം നേടികൊടുക്കുന്നതാണ് എൻ.ആർ.ഐ ക്വാട്ട. മെരിറ്റിൽ അഡ്മിഷനുവേണ്ട മാർക്കിൽ മൂന്നിലൊന്നു പോലും ഇല്ലാത്ത വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ കോളേജുകളിൽ എൻ.ആർ.ഐ ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുകയാണെന്നാണ് സുപ്രീം കോടതി ഐതിഹാസികമായ വിധിയിൽ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള എൻ.ആർ.ഐ ക്വാട്ട പ്രവേശനം സമ്പൂർണ തട്ടിപ്പാണെന്നും, ഇത് നിറുത്തലാക്കേണ്ട സമയമായെന്നും സുപ്രീംകോടതി വിധിയിൽ എടുത്തു പറഞ്ഞിരിക്കുകയാണ്.
എൻ.ആർ.ഐകളുടെ ബന്ധുക്കൾക്ക് മെഡിക്കൽ പ്രവേശനത്തിന് ക്വാട്ട ബാധകമാക്കിയ പഞ്ചാബ് സർക്കാർ വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര, എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിധി ചോദ്യംചെയ്ത് സമർപ്പിച്ച മൂന്ന് ഹർജികളും സുപ്രീംകോടതി തള്ളി. പഞ്ചാബ് സർക്കാരിന്റെ വിജ്ഞാപനത്തിലൂടെ മൂന്നിരട്ടി മാർക്കുള്ള വിദ്യാർത്ഥികളുടെ അവസരം ഇല്ലാതാക്കിയാണ് പിൻവാതിലിലൂടെ എൻ.ആർ.ഐ ക്വാട്ടയിൽ പ്രവേശനം നടത്തിയത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകർക്കുന്ന നടപടിയാണിത്. പണം ഉണ്ടാക്കാനുള്ള സംസ്ഥാനത്തിന്റെയും, സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാരുടെയും തന്ത്രമല്ലാതെ ഇത് മറ്റൊന്നുമല്ല.
പഞ്ചാബിൽ എല്ലാവർക്കും എൻ.ആർ.ഐ ബന്ധു കാണും. നഗ്നമായ നിയമ ലംഘനത്തിനായി അധികാരം പ്രയോഗിക്കാൻ സുപ്രീംകോടതിക്കു കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പഞ്ചാബ് ഹൈക്കോടതി വിധി മികച്ചതാണെന്ന് സുപ്രീംകോടതി എടുത്തു പറഞ്ഞു. ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ്, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ എൻ.ആർ.ഐ പ്രവേശനം വിപുലപ്പെടുത്തിയിട്ടുണ്ടെന്ന ഹർജിക്കാരുടെ വാദവും കോടതി തള്ളി. കഴിഞ്ഞ ആഗസ്റ്റിലാണ് എൻ.ആർ.ഐ ക്വാട്ടയിൽ സർക്കാർ മെഡിക്കൽ കോളേജ് പ്രവേശനത്തിന് മാനദണ്ഡം വിപുലപ്പെടുത്തി പഞ്ചാബിൽ വിജ്ഞാപനം പുറത്തിറക്കിയത്.
ആശ്രിതരുടെ
നിർവചനം
പഞ്ചാബ് സർക്കാരിന്റെ വിജ്ഞാപനത്തെ സുപ്രീംകോടതി ശക്തമായ ഭാഷയിൽ വിമർശിച്ചു. അതിലെ വ്യാഖ്യാനം വഞ്ചനയാണ്. ആശ്രിതരായ കുട്ടികളെന്നതിന്റെ നിർവചനം എന്താണെന്ന് കോടതി ഹർജിക്കാരോട് ആരായുകയും ചെയ്തു. യോഗ്യതയുള്ള, മൂന്നിരട്ടിയോളം അധികം മാർക്കുള്ള കുട്ടികളെ മറികടന്നാണ് പിൻവാതിൽ പ്രവേശനത്തിന് സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. ഇത് വിദ്യാഭ്യാസ നിലവാരം തകർക്കും. യഥാർത്ഥ എൻ.ആർ.ഐക്കാരുടെ കുട്ടികൾക്കു മാത്രമാണ് ഈ ക്വാട്ടയുടെ പ്രയോജനം ലഭിക്കേണ്ടത്. നിയമവിരുദ്ധ നടപടിക്ക് ഒരിക്കലും ഈ ബെഞ്ച് കൂട്ടുനിൽക്കുകയില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ എൻ.ആർ.ഐ ക്വാട്ട വെറും തട്ടിപ്പാണെന്നും, ഇത് നിറുത്തലാക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തിനും വിദ്യാഭ്യാസ കച്ചവടക്കാർക്കും പണമുണ്ടാക്കാനുള്ള ഉപകരണം മാത്രമാണ് എൻ.ആർ.ഐ ക്വാട്ടകളെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് എടുത്തു പറഞ്ഞിട്ടുണ്ട്. കോളേജുകളിൽ 15 ശതമാനം സംവരണമുള്ള എൻ.ആർ.ഐ ക്വാട്ടകളിൽ ഇനി മുതൽ വിദേശത്തുള്ള ഇന്ത്യക്കാരുടെ അകന്ന ബന്ധുക്കൾക്കു പോലും പ്രവേശനം നൽകാമെന്നായിരുന്നു ഭേദഗതി വരുത്തിയുള്ള പുതിയ വിജ്ഞാപനത്തിൽ പഞ്ചാബിലെ ആം ആദ്മി സർക്കാർ വ്യക്തമാക്കിയത്. ഇതു റദ്ദാക്കിയ പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിധിയെ സുപ്രീംകോടതി ശരി വച്ചത് വിദ്യാഭ്യാസ കച്ചവടക്കാർക്ക് പ്രഹരം തന്നെയാണ്.
അർത്ഥം മാറുന്ന
ഉദ്ദേശ്യം
വിദേശത്തുള്ള ഇന്ത്യക്കാർക്കും മക്കൾക്കും ഇന്ത്യയിൽ വിദ്യാഭ്യാസം നേടുന്നതിന് സഹായിക്കുന്ന ക്വാട്ടയിൽ മറ്റു ബന്ധുക്കളെക്കൂടി ഉൾപ്പെടുത്തുന്നതിലൂടെ ഈ നയത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം അട്ടിമറിക്കപ്പെടുകയാണെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്തെ നിലവിലുള്ള 15 ശതമാനം എൻ.ആർ.ഐ ക്വാട്ട സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള മെഡിക്കൽ കോളേജുകൾ, ദന്തൽ കോളേജുകൾ അടക്കം എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്. മെരിറ്റ് അടിസ്ഥാനത്തിൽ പാവപ്പെട്ട കുട്ടികൾക്കു ലഭിക്കേണ്ട ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളാണ് എൻ.ആർ.ഐ ക്വാട്ടകളുടെ മറവിൽ വിദേശ ഇന്ത്യക്കാരുടെ ബന്ധുക്കൾ അടിച്ചെടുക്കുന്നത്. സർക്കാർ മെഡിക്കൽ കോളേജകളിലെ പുറംവാതിൽ അഡ്മിഷനും, സർക്കാർ ഇതര സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള ഒന്നായും എൻ.ആർ.ഐ ക്വാട്ട മാറിയിരിക്കുകയാണെന്ന സുപ്രീംകോടതി നിരീക്ഷണം ഏറെ ചർച്ചചെയ്യേണ്ട വിഷയമാണ്.
സുപ്രീംകോടതിയിലെ സീനിയൽ അഭിഭാഷകനായ അഭിമന്യു ഭണ്ഡാരി കോടതിയിൽ ചൂണ്ടിക്കാട്ടിയത്, മെഡിക്കൽ കോളേജുകളിൽ മെരിറ്റിൽ 630 മാർക്കുള്ള കുട്ടിക്ക് അഡ്മിഷൻ ലഭിക്കാതിരിക്കുമ്പോൾ എൻ.ആർ.ഐ ക്വാട്ടയിലെ 200 മാർക്കുള്ള കുട്ടിക്ക് പ്രവേശനം ലഭിക്കുന്നുവെന്നാണ്. യാതൊരു കാരണവശാലും നീതീകരിക്കാൻ കഴിയാത്തതാണ് ഇതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദേശ ഇന്ത്യക്കാരുടെ മക്കൾക്ക് രാജ്യത്തെ മെഡിക്കൽ കോളേജുകളടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭ്യമാക്കി അവരുടെ പ്രീതി പിടിച്ചുപറ്റുന്നതിനാണ് മുൻ സർക്കാർ എൻ.ആർ.ഐ ക്വാട്ട നടപ്പിലാക്കിയത്. വിദേശ ഇന്ത്യാക്കാരുടെ മക്കൾക്ക് അഡ്മിഷൻ നൽകുന്നതിന് ഒരു പരിധിവരെ നീതീകരണമുണ്ട്. എന്നാൽ ഈ ഉത്തരവിന്റെ മറവിൽ എൻ.ആർ.ഐകളുടെ അകന്ന ബന്ധുകൾക്കു പോലും, മെരിറ്റിൽ പ്രവേശനം കിട്ടേണ്ട പാവപ്പെട്ട കുട്ടികളുടെ സീറ്റുകൾ കവർന്നെടുത്ത് നൽകുന്നതിൽ എന്ത് നീതീകരണമാണുള്ളത്?