water

തിരുവനന്തപുരം: ആനയറ കിംസ് ആശുപത്രിക്കുസമീപത്തെ പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിനുള്ള പണി ഇന്ന് നടക്കും.600 എം.എം ഡി.എ പൈപ്പിലാണ് പണി നടക്കുന്നത്.ചോർച്ച പരിഹരിക്കുന്നതിനൊപ്പം വാൽവിലെ അറ്റകുറ്റപ്പണിയും ആവശ്യമെങ്കിൽ പുതിയ പൈപ്പ് ഘടിപ്പിക്കുന്നതുമായ പണികളാണ് നടത്തുന്നതെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.

സ്മാർട്ട് സിറ്റി റോഡ് നവീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കിടെയാണ് ലൈനിൽ ചോർച്ച കണ്ടെത്തിയത്. ഇന്ന് രാവിലെ 10 മുതൽ നാളെ രാവിലെ 10 വരെയാണ് പണി നടത്തുക.ഈ സമയത്തേക്ക് നഗരത്തിലെ ചില പ്രദേശങ്ങളിലെ ജലവിതരണം നിറുത്തിവക്കും.

അതേസമയം, സ്മാർട്ട് സിറ്റി നവീകരണവുമായി ബന്ധപ്പെട്ട് വഴുതക്കാട്,മേട്ടുക്കട എന്നിവിടങ്ങളിലെ ഇന്റർകണക്ഷൻ, ചോർച്ച പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും തൈക്കാട് റെയിൽവെപ്പാതയോട് ചേർന്നുള്ള അലൈൻമെന്റ് മാറ്റവും ബാക്കിയാണ്. ഇവയും വൈകാതെ പൂർത്തിയാക്കും.

ജലവിതരണം മുടങ്ങുന്ന പ്രദേശങ്ങൾ

തേക്കുംമൂട്, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, പൂന്തി റോഡ്, കണ്ണമൂല, നാലുമുക്ക്, അണമുഖം, ഒരുവാതിൽക്കോട്ട, ആനയറ, കടകംപള്ളി, കരിക്കകം, വെൺപാലവട്ടം, വെട്ടുകാട്, ശംഖുംമുഖം, വേളി, പൗണ്ട്കടവ്, സൗത്ത് തുമ്പ. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു