railway

പാറശാല/നാഗര്‍കോവില്‍: പാറശാലയില്‍ ട്രെയിനിന് മുന്നില്‍പ്പെട്ട വൃദ്ധനെ അദ്ഭുതകരമായി രക്ഷപ്പെടുത്തി ലോക്കോ പൈലറ്റ്. നെടുവാന്‍വിള സ്വദേശി സരോജന്‍ (62) ആണ് ജീവന്‍ തിരിച്ചുകിട്ടിയത്.

പാറശാല ഇലങ്കം ദേവീക്ഷേത്രത്തിനു സമീപം ഇക്കഴിഞ്ഞ ദിവസം വൈകിട്ട് 6.30നായിരുന്നു സംഭവം. കന്യാകുമാരി - പുനലൂര്‍ എക്സ്പ്രസ് പാറശാല റെയില്‍വേ സ്റ്റേഷനില്‍ നിറുത്തിയശേഷം മുന്നോട്ടെടുത്ത് ട്രാക്ക് മാറുന്നതിനിടെയാണ് വൃദ്ധന്‍ ട്രെയിനിനു നേര്‍ക്ക് നടന്നുവരുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

പലതവണ ഹോണ്‍ മുഴക്കിയെങ്കിലും ഇയാള്‍ ട്രാക്കില്‍ നിന്ന് മാറിയില്ല. തുടര്‍ന്നും ട്രെയിനിനു നേരെ നടക്കുന്നത് കണ്ടപ്പോള്‍ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിക്കുകയായിരുന്നു. ട്രെയിന്‍ നിന്നെങ്കിലും ഗ്രില്ലില്‍ തട്ടി സരോജന്‍ എന്‍ജിന്റെ അടിയിലേക്ക് വീണു. ട്രെയിനിലെ യാത്രക്കാരും ഉടന്‍ സ്ഥലത്തെത്തിയ റെയില്‍വേ പൊലീസും ചേര്‍ന്ന് പുറത്തെടുക്കുകയായിരുന്നു. പാറശാല ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നട്ടെല്ലിന് ക്ഷതമുണ്ട്.

സരോജന്‍ റെയില്‍വേ ട്രാക്കില്‍ എന്തിന് ചെന്നുവെന്ന് വ്യക്തമല്ല.റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുകയായിരുന്നെന്നാണ് ബന്ധുക്കളുടെ ഭാഷ്യം. പാറശാല റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.