
ഒരു മതിലിനപ്പുറത്തു നിന്നാണ് പ്രണയിച്ചതെങ്കിലും അവർ ഒരിക്കലും കണ്ടുമുട്ടിയില്ല. പാരതന്ത്ര്യത്തിന്റെ കോട്ടമതിലിനിപ്പുറം താനുണ്ടെന്ന് അറിയിക്കാൻ അവളൊരു മാർഗം കണ്ടെത്തി. ഉണങ്ങിയ ചുള്ളിക്കമ്പുകൾ ഉയരത്തിലേക്കെറിഞ്ഞു. അത് വീണ മണ്ണിൽ പ്രണയം നാമ്പിട്ടു. ബഷീറും നാരായണിയും പ്രണയിക്കുമ്പോൾ സാങ്കേതികവിദ്യ ഇത്രകണ്ട് വളർന്നിരുന്നില്ല. അഥവാ വളർന്നിരുന്നെങ്കിൽക്കൂടി തടവുപുള്ളികളെ പാർപ്പിക്കുന്ന ജയിൽ മതിലിനകത്ത് പ്രണയത്തിന്റെ ദൂതായി കല്പിക്കാൻ വൈക്കം മുഹമ്മദ് ബഷീറിന് ചുള്ളിക്കമ്പുകളോളം ശക്തിയുള്ളൊരു മാദ്ധ്യമം ലഭിക്കുമായിരുന്നില്ല.
കാലം മാറി. കത്തുകളുടെയും ടെലഗ്രാഫിന്റെയും ലാൻഡ് ഫോണുകളുടെയും തരംഗത്തിനുശേഷം മൊബൈലും മെസേജുകളും അരങ്ങുവാഴുന്നു. മനസിലെ ചിന്ത പോലും മറ്റൊരാളിലേക്ക് എത്തിക്കാൻ സാധിക്കുന്ന ന്യൂറാലിങ്ക് ചിപ്പുകൾ എലൻ മസ്കിന്റെ കമ്പനി വികസിപ്പിച്ചിരിക്കുമ്പോഴാണ് ലോകം ആ വാർത്ത കേൾക്കുന്നത്. ലബനനിൽ ഹിസ്ബുള്ള പ്രവർത്തകർ ഉപയോഗിച്ചിരുന്ന പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചു. കുട്ടികളെ ഉൾപ്പെടെ അതിദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഉത്തരവാദി ആരെന്നും എത്രപേർ കൊല്ലപ്പെട്ടുവെന്നും ചിന്തിക്കുന്നതിനിടയിൽ, ശാസ്ത്രം ഇത്ര പുരോഗമിച്ച കാലത്തും കാലഹരണപ്പെട്ട പേജറുകൾ ഉപയോഗിക്കുന്ന ഒരു വിഭാഗം ഉണ്ടല്ലോ എന്ന് ആശ്ചര്യപ്പെട്ടവരും ഉണ്ടാകും!
സൈന്യവും ചാരന്മാരും തങ്ങളെ നിരീക്ഷിക്കാതിരിക്കാനാണ് ഹിസ്ബുള്ള മൊബൈൽ ഫോണുകൾക്കു പകരം പേജറുകൾ ഉപയോഗിച്ചത്. റേഡിയോ തരംഗങ്ങൾ വഴി ഒരു സന്ദേശം അയയ്ക്കുമ്പോൾ പേജർ ഒരു പ്രത്യേക ബീപ് ശബ്ദം പുറപ്പെടുവിച്ച് ഉപഭോക്താവിന് മുന്നറിയിപ്പ് നൽകുന്നു. പേജറിലെ ചെറിയ സ്ക്രീനിലൂടെ ഹ്രസ്വ സന്ദേശങ്ങൾ വായിക്കാനുമാകും. പുകയിലൂടെയും ചിത്രങ്ങളിലൂടെയും സന്ദേശങ്ങൾ കൈമാറിയിരുന്ന ആദിമ മനുഷ്യരെക്കുറിച്ച് കേട്ടിട്ടില്ലേ? ആശയവിനിമയത്തിന് നമ്മൾ ചിന്തിക്കാത്ത മറ്റു മാർഗങ്ങളെ ആശ്രയിക്കുന്നവർ ഇപ്പോഴുമുണ്ടോ?
കസ്റ്റഡിയിലെ
പ്രാവുകൾ
വയർലെസ് ടെലിഫോൺ സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്താണ് ഒഡിഷ പൊലീസ് പ്രാവിനെ സന്ദേശവാഹകരായി അയച്ചത്. പുതിയ സംവിധാനങ്ങൾക്കിടയിലും ഒഡിഷ പൊലീസിന്റെ കണ്മണികളാണ് പ്രാവുകൾ. 1946-ലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ രീതി ആരംഭിച്ചത്. സന്ദേശം ചെറിയൊരു കടലാസിലെഴുതി പ്രാവിന്റെ കാലിൽ വച്ചുകൊടുക്കും. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെ വരെ അദ്ഭുതപ്പെടുത്തിയവരാണ് ഇവിടുത്തെ പ്രാവുകൾ!
1948-ൽ ഒഡിഷയിലെ സാമ്പൽപൂരിലെത്തിയ നെഹ്രുവിന് 265 കിലോമീറ്റർ അകലെയുള്ള കട്ടക്കിലെ പൊലീസിന് അടിയന്തരമായി ഒരു സന്ദേശമയയ്ക്കണം. കട്ടക്കിലെ പൊതുയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു ആ സന്ദേശം. പ്രാവുകളെ അയച്ച് സന്ദേശം കൈമാറാമെന്ന് പൊലീസ് അഭിപ്രായപ്പെട്ടെങ്കിലും ആ മാർഗം വിജയിക്കുമോ എന്ന് അദ്ദേഹത്തിന് സംശയമുണ്ടായിരുന്നു. കൃത്യം രാവിലെ ആറിന് സന്ദേശവുമായി പ്രാവ് പുറപ്പെട്ടു. 11.20ന് കട്ടക്കിലെത്തി സന്ദേശം കൈമാറി. അന്ന് കട്ടക്കിലെത്തിയ പ്രധാനമന്ത്രി, താൻ ഏല്പിച്ച ദൗത്യം ഭംഗിയായി പൂർത്തീകരിച്ച പ്രാവുകളെക്കണ്ട് അദ്ഭുതപ്പെട്ടു.
ഒരു മണിക്കൂറിൽ 55 കിലോമീറ്റർ വരെ പറക്കാൻ ഇവിടുത്തെ പ്രാവുകൾക്ക് സാധിച്ചിരുന്നു. 1982-ൽ ഒഡിഷയിലെ മഹാപ്രളയത്തിന്റെ സമയത്തും 1999-ൽ ചുഴലിക്കാറ്റ് വന്നപ്പോഴും പ്രാവുകൾ ആശയവിനിമയത്തിനു സഹായിച്ച് ഹീറോകളായി. ഉദ്യോഗസ്ഥരുടെ ശബ്ദം മനസിലാക്കാനും കുറ്റവാളികളെ കണ്ടെത്താനും ചില പ്രാവുകളെ പരിശീലിപ്പിച്ചിരുന്നു. 2008-ൽ ആശയവിനിമയത്തിന് മറ്റു സംവിധാനങ്ങൾ വന്നതോടെ ഒഡിഷയിലെ പലയിടങ്ങളിലും ഈ സംവിധാനം നിറുത്തലാക്കി. നിലവിൽ 150-ലധികം പ്രാവുകൾ പൊലീസ് 'കസ്റ്റഡി"യിലുണ്ട്. ഇവയ്ക്ക് ഭക്ഷണം നൽകി പരിപാലിക്കാൻ നാട്ടുകാർക്കും ഉത്സാഹമാണ്.
ചൂളമടിക്കും
ഗ്രാമം
അപരിചിതർക്ക് കേട്ടാൽ വെറും ചൂളംവിളികൾ. നീട്ടിയും നീട്ടാതെയും പല ടോണുകളിലുള്ള ചൂളംവിളികൾ മേഘാലയയിലെ ഒരു കൊച്ചു ഗ്രാമത്തിൽ പരസ്പരമുള്ള ആശയവിനിമയമാണ്. മേഘാലയയിലെ കോംഗ്തോംഗ് ഗ്രാമത്തിൽ 700 തരം ചൂളംവിളികളുണ്ടത്രേ. ഇന്ത്യയുടെ ചൂളമടി ഗ്രാമം (വിസിലിംഗ് വില്ലേജ്) എന്നാണ് കോംഗ്തോംഗിന്റെ വിശേഷണം.
ഓരോ ശബ്ദവും ഓരോ മനുഷ്യരുടെ പേരുകൾ സൂചിപ്പിക്കുന്നു. പേരുകൾക്കു പകരം ചൂളംവിളികളിലൂടെയാണത്രേ ഇവർ പരസ്പരം സംബോധന ചെയ്യുന്നത്. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം.
ഒരു കുഞ്ഞ് ജനിക്കുമ്പോൾത്തന്നെ അമ്മ അവനെ നോക്കി പ്രത്യേക ഈണത്തിൽ ചൂളം വിളിക്കും. ആ ചൂളംവിളിയാണ് പിന്നീട് അവന്റെ ജീവിതത്തിലെ പേര്. അമ്മയ്ക്കു മാത്രമാണ് പേരിടാനുള്ള അവകാശം. കോംഗ്തോംഗിൽ നിന്ന് ഈ സമ്പ്രദായം മറ്റു ഗ്രാമങ്ങളിലേക്കും ചേക്കേറിയിരുന്നു. 'ജിങ്ക്രവായ് ലാബീ" എന്നാണ് ഈ സമ്പ്രദായം അറിയപ്പെടുന്നത്. ആശയവിനിമയത്തിന് മറ്റു മാർഗങ്ങൾ ഇല്ലാത്തപ്പോഴും കാടുകളിൽ ഭക്ഷണം ശേഖരിക്കാൻ പോകുമ്പോഴും കുന്നിൻചെരിവുകളിലുമെല്ലാം ഈ ചൂളംവിളി ഇവരെ സഹായിക്കുന്നു. സന്ദേശം കേൾക്കുന്ന ആൾക്കു മാത്രമേ അതിന്റെ അർത്ഥം മനസിലാകൂ. പേരുകളെക്കാൾ ഇവിടുത്തെ ആളുകൾക്ക് ചൂളംവിളികളിലൂടെ അറിയപ്പെടുന്നതാണ് ഇഷ്ടം.
മിണ്ടാതെ
മിണ്ടും
മിണ്ടാതെ മിണ്ടുന്ന നിമിഷങ്ങളേ.... 'എന്റെ മാമ്മാട്ടിക്കുട്ടിയമ്മയ്ക്ക്" എന്ന ചിത്രത്തിലെ 'മൗനങ്ങളേ" എന്ന പാട്ടിലെ ഈ വരിയിൽ വലിയ അർത്ഥതലങ്ങളുള്ളതായി നിരൂപകന്മാർ വ്യാഖ്യാനിച്ചിട്ടുണ്ട്. അത്രമേൽ പ്രിയപ്പെട്ടവർ, ഒരു വാക്ക് മിണ്ടിയില്ലെങ്കിൽപ്പോലും അവരുടെ മനസ് നമുക്ക് വായിച്ചെടുക്കാനാവും. അതെ, മാദ്ധ്യമങ്ങളില്ലാതെയും ആശയവിനിമയം നടത്താം. പ്രത്യേകിച്ച് മാദ്ധ്യമങ്ങളൊന്നും ഉപയോഗിക്കാതെ തലച്ചോറിലൂടെ ആശയവിനിമയം നടത്തുന്ന രീതിയാണ് ടെലിപ്പതി.
ഇരട്ടസഹോദരങ്ങൾ തമ്മിൽ ഈ ബന്ധം ഉണ്ടെന്ന് ചിലർ പറയുന്നു. അതേസമയം, ടെലിപ്പതി കപടശാസ്ത്രമാണെന്നും അഭിപ്രായമുണ്ട്. മാർഗമെന്തായാലും സമൂഹജീവിയായ മനുഷ്യന് ആശയവിനിമയം നടത്താതെ ജീവിക്കാനാവില്ല. ആവശ്യങ്ങൾക്കനുസരിച്ച് മാർഗങ്ങൾ മാറുമ്പോഴും മനുഷ്യൻ മിണ്ടിക്കൊണ്ടേയിരിക്കും.