drtt

ശ്രീനഗർ: ജമ്മു കാശ്മീർ മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ സയ്യിദ് മുഷ്താഖ് ബുഖാരി (75) അന്തരിച്ചു. സുരൻകോട്ട് നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു. പൂഞ്ച് ജില്ലയിലെ പാമ്രോട്ട് സുരൻകോട്ട് ഏരിയയിലുള്ള വീട്ടിൽ ഇന്നലെ രാവിലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു. പട്ടികവർഗ സംവരണ മണ്ഡലമാണ് സുരൻകോട്ട്. രണ്ടു തവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെ വിശ്വസ്തനായിരുന്നു. ഫറൂഖ് അബ്ദുള്ളയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2022 ഫെബ്രുവരിയിൽ പാർട്ടിയിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേർന്നു. മൂന്ന് മക്കളുണ്ട്. പഹാരി സമൂഹത്തിൽ പീർ സാഹബ് എന്ന് വിളിക്കപ്പെട്ടു. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും (പി.ഡി.പി) മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ഉൾപ്പെടെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.