cricket

മഴകാരണം കഷ്ടിച്ച് മൂന്ന് ദിവസം മാത്രമാണ് കളിനടന്നതെങ്കിലും ടെസ്റ്റ് ക്രിക്കറ്റിലെ പല റെക്കാഡുകളും കാൺപൂർ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ പിറന്നു. പ്രധാന റെക്കാഡുകൾ ഇവയാണ്...

1217

ഒരു ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കാലചക്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായി യശസ്വി ജയ്സ്വാൾ. 2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കാലഘട്ടത്തിൽ യശസ്വി 1217 റൺസാണ് സ്വന്തമാക്കിയത്. 2021-23 വർഷത്തിൽ 1159 റൺസ് നേടിയിരുന്ന അജിങ്ക്യ രഹാനെയുടെ റെക്കാഡാണ് തകർത്തത്. ആദ്യ ഇന്നിംഗ്സിൽ 51 പന്തിൽ നിന്ന് 12 ഫോറുകളുടേയും രണ്ട് സിക്‌സറുകളുടെയും പിന്തുണയോടെ 72 റൺസും രണ്ടാം ഇന്നിംഗ്സിൽ 45പന്തുകളിൽ നിന്ന് 51 റൺസുമാണ് യശസ്വി അടിച്ചെടുത്തത്.

31

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ അർദ്ധ സെഞ്ച്വറി നേടുന്ന ഇന്ത്യൻ ഓപ്പണർ എന്ന റെക്കാഡും യശസ്വി സ്വന്തംപേരിലാക്കി. 31 പന്തിലാണ് ബംഗ്ലാദേശിനെതിരെ യശസ്വി അർദ്ധ ശതകം കുറിച്ചത്. രണ്ടാം ഇന്നിംഗ്സിൽ 43 പന്തുകളിൽ അർദ്ധസെഞ്ച്വറിയിലെത്തി.

27,000

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 27,000 റൺസ് നേടുന്ന താരമായി വിരാട് കൊഹ്‌ലി. സച്ചിൻ ടെൻഡുക്കറുടെ റെക്കാഡാണ് മറികടന്നത്. ഈ നാഴികക്കല്ലുതാണ്ടുന്ന നാലാമത്തെ ബാറ്ററാണ്. 594 ഇന്നിംഗ്സുകളിൽനിന്നാണ് വിരാട് 27,000 റൺസ് കണ്ടെത്തിയത്. ഇത്രയും റൺസ് നേടാൻ സച്ചിന് 623 മത്സരങ്ങൾ വേണ്ടിവന്നു.

റിക്കി പോണ്ടിംഗ്, കുമാർ സംഗക്കാര എന്നിവരാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 27,000 റൺസ് തികച്ച മറ്റ് താരങ്ങൾ. സംഗക്കാരയ്ക്ക് 648 ഇന്നിംഗ്സുകളും പോണ്ടിംഗിന് 650 ഇന്നിംഗ്സുകളുമാണ് ഇതിനായി വേണ്ടിവന്നത്. 2023 ഫെബ്രുവരിയിൽ വിരാട് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 25,000 റൺസ് നേടുന്ന താരമായി മാറിയിരുന്നു. അതേവർഷം ഒക്ടോബറിൽ 26,000 റൺസും പൂർത്തിയാക്കി.

7.36

ഒരു ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിംഗ്സുകളിലുമായി ഏറ്റവും ഉയർന്ന റൺ റേറ്റിൽ ജയിച്ച ടീമെന്ന റെക്കാർഡ് ഈ മത്സരത്തിലൂടെ ഇന്ത്യയുടെ സ്വന്തമാക്കി. 7.36 റൺറേറ്റിലാണ് ഇന്ത്യ ഈ ടെസ്റ്റിൽ ബാറ്റ് ചെയ്തത്. സിംബാബ്‌വെയ്ക്കെതിരേ 6.80 റൺറേറ്റിൽ ബാറ്റ് ചെയ്ത് ജയിച്ച ദക്ഷിണാഫ്രിക്കയുടെ റെക്കാഡാണ് രോഹിതും കൂട്ടരും പഴങ്കഥയാക്കിയത്.

1040

കാൺപൂർ ടെസ്റ്റിൽ ആകെ എറിഞ്ഞത് 1040 പന്തുകളാണ്. ടെസ്റ്റ് ചരിത്രത്തിലെ കുറഞ്ഞ പന്തുകളിൽ മൂന്നാം സ്ഥാനത്താണ് ഈ മത്സരം. രണ്ട് ദിവസം പൂർണമായും നഷ്ടമായിട്ടും ടെസ്റ്റിൽ ഒരു ടീം വിജയം നേടുന്ന ചരിത്രത്തിലെ എട്ടാമത്തെ മത്സരം കൂടിയാണിത്. ഇന്ത്യ ഇത്തരത്തിൽ വിജയം നേടുന്നതും ഇതാദ്യം.

312

രണ്ട് ഇന്നിംഗ്സിലുമായി ഇന്ത്യ ആകെ നേരിട്ടത് 312 പന്തുകൾ. നാലും അഞ്ചു ദിവസങ്ങളിലായി വിജയത്തിലേക്ക് ഇന്ത്യയ്ക്ക് ബാറ്റ് ചെയ്യേണ്ടിവന്നത് വെറും 52 ഓവർ മാത്രം. ഏറ്റവും കുറവ് പന്തുകൾ ബാറ്റ് ചെയ്ത് നേടിയ ടെസ്റ്റ് വിജയങ്ങളിൽ നാലാം സ്ഥാനത്താണ് ഇന്ത്യയുടെ ഈ വിജയം.

18

നാട്ടിൽ ഇന്ത്യയുടെ തുടർച്ചയായ 18-ാം ടെസ്റ്റ് പരമ്പര വിജയമാണിത്. 2012ൽ ഇംഗ്ലണ്ടിനെതിരേ പരമ്പര തോറ്റ ഇന്ത്യ, പിന്നീടിതുവരെ തോൽവി അറിഞ്ഞിട്ടില്ല. സ്വന്തം നാട്ടിൽ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര തോറ്റിട്ട് 4306 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു.