home

സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം മനുഷ്യസഹജമാണ്. അതിന് വേണ്ടിയാണ് കഷ്ടപ്പെട്ട് അധ്വാനിക്കുന്നതെന്ന് പറഞ്ഞാലും അതിശയോക്തിയില്ല. വീട് പണികഴിപ്പിക്കുമ്പോള്‍ സ്ഥിരമായി പറഞ്ഞ് കേള്‍ക്കുന്ന ഒന്നാണ് ധാരാലിത്തം കാണിക്കാതെ നമ്മുടെ ആവശ്യത്തിന് അനുസരിച്ചുള്ള രീതിയിലും വലുപ്പത്തിലും പണി കഴിപ്പിക്കാന്‍ ശ്രദ്ധിക്കണമെന്നത്. പൊതുവേ കേരളത്തില്‍ ഇപ്പോള്‍ കൂറ്റന്‍ വീടുകളോടുള്ള താത്പര്യം ആളുകള്‍ക്കിടയില്‍ കുറഞ്ഞുവരുന്നുണ്ടെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

ചെലവ് ചുരുക്കാനും വീട് പരിപാലിക്കാനും കൂടിയുള്ള എളുപ്പം നോക്കിയും കൂട്ടുകുടുംബം എന്ന സംവിധാനം അപ്രത്യക്ഷമായതും വലിയ ഭവനങ്ങളോടുള്ള താത്പര്യം കുറയുന്നതില്‍ നിര്‍ണായകമാണ്. വീട് നിര്‍മ്മിക്കാനുള്ള ചെലവില്‍ നല്ലൊരു തുക ലാഭിക്കാം എന്ന മറ്റൊരു നേട്ടവും ഇതിന് പിന്നിലുണ്ട്. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ കണ്ടുവരുന്ന മറ്റൊരു പ്രവണതയാണ് വിദേശ രാജ്യങ്ങളിലെ വീടുകളുടെ മാതൃകയില്‍ പണിയുകയെന്നത്.

ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാലുംവെള്ളത്തില്‍ കിട്ടുന്ന ഏര്‍പ്പാടാണ് വിദേശ രാജ്യങ്ങളിലെ വീടുകളുടെ മാതൃക സ്വീകരിക്കുന്നത്. അത്തരം സംഭവങ്ങള്‍ കേരളത്തിലെ പലയിടങ്ങളിലും വര്‍ദ്ധിച്ചുവരുന്നുവെന്നും ബില്‍ഡര്‍മാര്‍ പറയുന്നു. ഓരോ രാജ്യത്തിന്റേയും കാലാവസ്ഥാ ഭൂപ്രകൃതി എന്നിവകൂടി അടിസ്ഥാനപ്പെടുത്തിയാണ് വീടുകളുടെ ഡിസൈന്‍, ഏതൊക്കെ സാധനങ്ങള്‍ ഉപയോഗിക്കണം എന്നീ കാര്യങ്ങള്‍ നിശ്ചയിക്കപ്പെടുന്നത്. ഇക്കാര്യം മനസില്‍ കരുതി വേണം വീട് നിര്‍മിക്കാന്‍.

കേരളത്തിന്റെ കാര്യത്തിലേക്ക് വന്നാല്‍ വര്‍ഷത്തിന്റെ പകുതിയോളം സമയം പെരുമഴയും ബാക്കി പകുതി കൊടും ചൂടുമാണ്. ഈ രണ്ട് കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയില്‍ വീട് പണികഴിപ്പിച്ചില്ലെങ്കില്‍ മഴയത്ത് ചോര്‍ന്നൊലിക്കുകയും ചൂടുകാലത്ത് കിടന്നുറങ്ങാന്‍ പറ്റാത്ത അത്ര ചൂടും വീടിന് കേടുപാടും സംഭവിക്കുന്നതിലേക്ക് കാര്യങ്ങളെത്തും. താമസിക്കാന്‍ വേറേ സ്ഥലം നോക്കേണ്ട അവസ്ഥ വരും എന്ന് ചുരുക്കം.