കൽപ്പറ്റ: പുൽപ്പള്ളി മരക്കടവ്‌ചേലൂർ സ്വദേശിനി അതുല്യ (27) മരണപ്പെടാൻ ഇടയായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഡി.ജി.പിക്ക് പരാതി നൽകി. കിഴക്കഞ്ചേരി വിൽസൺ ഷൈനി ദമ്പതികളുടെ മകൾ അതുല്യയെ കഴിഞ്ഞമാസം മൂന്നിന് എറണാകുളത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് വിപിനും കൂട്ടാളികളുംചേർന്ന് നടത്തിയ വിസ തട്ടിപ്പും ചിലർ നടത്തിയ ശാരീരിക ഉപദ്രവമാണ് അതുല്യയുടെ മരണത്തിലേക്ക് എത്തിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു. തട്ടിപ്പു സംഘം ഇരകളിൽനിന്നു അതുല്യയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് മുഖേന പണം കൈപ്പറ്റിയിരുന്നു. അതുല്യയുടെ അക്കൗണ്ടിലെത്തുന്ന പണം തട്ടിപ്പുസംഘം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി. വിദേശജോലി വാഗ്ദാനം ചെയ്ത് വാങ്ങിയ പണത്തിന് അതുല്യയുടെ മരക്കടവ് വിലാസത്തിലാണ് കരാർ വച്ചിരുന്നത്. പണം നൽകിയവർ ജോലിയും അതിനാവശ്യമായരേഖകളും കിട്ടാതായപ്പോൾ അതുല്യയെ നിരന്തരംഫോണിൽ വിളിക്കാൻ തുടങ്ങി. ഇതേത്തുടർന്നുണ്ടായ മാനസിക സമ്മർദമാണ് അഞ്ച് വയസുള്ള പെൺകുഞ്ഞിന്റെ മാതാവുമായ അതുല്യയെ ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. സംഭവത്തിൽ വിശദാന്വേഷണം നടത്തിയ തട്ടിപ്പുസംഘത്തെ നിയമത്തിനു മുന്നിൽ നിർത്താനും ജോലിക്കുവേണ്ടി നൽകിയ പണം ബന്ധപ്പെട്ടവർക്ക് തിരികെ ലഭ്യമാക്കാനും നടപടി ആവശ്യപ്പെട്ട്‌ പൊലീസ് അധികാരികൾക്കു പരാതി നൽകിയതായി മാതാപിതാക്കൾ പറഞ്ഞു. മരക്കടവിൽ താമസിക്കുന്ന കാസർഗോഡ് സ്വദേശിയായ കൊച്ചുപുരയ്ക്കൽ വിപിനാണ് അതുല്യയുടെ ഭർത്താവ്. അതുല്യയുടെ ഉടമസ്ഥതയിൽ ബത്തേരിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം മറയാക്കിയാണ് തട്ടിപ്പുസംഘം വിദേശജോലി വാഗ്ദാനം ചെയ്ത് ആളുകളിൽനിന്നു പണം കൈപ്പറ്റിയിരുന്നത്. ഒരു വർഷം മുൻപ് ഈ സ്ഥാപനം പൂട്ടാൻ അതുല്യ നിർബന്ധിതയായി. ഒൻപത് മാസം മുൻപാണ് എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലിക്കു കയറിയത്. ജോലിക്കുവേണ്ടി പണം നൽകിയവരുടേതായി കണ്ണൂർ, എറണാകുളം, പാലക്കാട്, തൃശൂർ ഉൾപ്പെടെ പ്രദേശങ്ങളിൽനിന്നുഫോൺ വിളികൾ വരുന്നുണ്ട്. തട്ടിപ്പിന്റെ വ്യാപ്തിയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. പലരും പൊലീസിൽ പരാതി നൽകിയതായി വിവരമുണ്ട്. അതുല്യയുടെ അക്കൗണ്ടിൽ എത്തുകയും ട്രാൻസ്ഫർ ചെയ്യുകയും ചെയ്ത പണത്തിന്റെ വിവരം അറിയുന്നതിന് ബാങ്കിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. അക്കൗണ്ടിൽ 4,000 രൂപ ബാലൻസ് ഉണ്ടെന്ന വിവരം മാത്രമാണ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതെന്നും വിത്സനും ഷൈനിയും കൽപ്പറ്റയിൽ വാർത്ത സമ്മേളന പറഞ്ഞു. മകളെ ശാരീരികമായി ഉപദ്രവിച്ചവർക്കെതിരെയും നടപടിവേണമെന്നും പരാതിയിൽ പറയുന്നു.