
തിരുവനന്തപുരം: ക്രമസമാധാന ചുമതലയിൽ നിന്ന് എ.ഡി.ജി.പി അജിത്‌കുമാറിനെ മാറ്റണമെന്ന നിലപാട് ആവർത്തിച്ച് സി.പി.ഐ. മുഖ്യമന്ത്രി പിണറായി വിജയനുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ കൂടിക്കാഴ്ചയിലാണ് സി.പി,ഐ നിലപാട് വ്യക്തമാക്കിയത്. മറ്റന്നാൾ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി സി.പി.എമ്മിന്റെയും സി.പി.ഐയുടെയും നേതൃയോഗങ്ങൾ നാളെ ചേരാനിരിക്കെയാണ് മുഖ്യമന്ത്രിയുമായുള്ള ബിനോയ് വിശ്വത്തിന്റെ നിർണായക കൂടിക്കാഴ്ച. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഡി.ജി.പിയുടെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും റിപ്പോർട്ട് വന്ന ശേഷം തീരുമാനിക്കാം എന്നുമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് നാളെ ഡി.ജി.പി ദർവേഷ് സാഹിബ് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. അജിത്‌കുമാർ സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തിലും നാളെ അന്തിമ തീരുമാനം ഉണ്ടായേക്കും.
ആർ.എസ്.എസ് നേതാക്കളുമായി അജ്ത്കുമാർ കൂടിക്കാഴ്ച നടത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടിയാണ് എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സംഭവത്തിൽ എൽ.ഡി.എഫിലും വിമർശനം ഉയർന്നിരുന്നു. 2023 മേയ് 22നാണ് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത്. ജൂൺ 2ന് റാംമാധവുമായും എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ച വ്യക്തിപരമെന്നായിരുന്നു അജിത് കുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.