gulf

കുവൈറ്റ് സിറ്റി: പ്രവാസി മലയാളികള്‍ക്ക് ഉള്‍പ്പെടെ ആശങ്കയുണ്ടാക്കുന്ന കണക്കുകളാണ് ഗള്‍ഫ് രാജ്യത്ത് നിന്ന് പുറത്തുവരുന്നത്. ആരോഗ്യ സംബന്ധമായ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചുള്ള കണക്കനുസരിച്ച് കഴിഞ്ഞ 15 മാസത്തിനിടെ ഹൃദയാഘാതം ബാധിച്ച് 7600 പേരാണ് കുവൈറ്റില്‍ മരണപ്പെട്ടത്. കുവൈറ്റ് ഹാര്‍ട്ട് അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

മരണപ്പെട്ടവരില്‍ 71 ശതമാനവും പ്രവാസികളാണ്. 29 ശതമാനം കുവൈറ്റ് പൗരന്മാരുമാണ്. ഇതില്‍ 82 ശതമാനം പുരുഷന്മാരും, 18 ശതമാനം സ്ത്രീകളുമാണെന്ന് സര്‍വേയില്‍ വ്യക്തമാകുന്നതായും ഹാര്‍ട്ട് അസോസിയേഷന്‍ അറിയിച്ചു. പഠനമനുസരിച്ച് ഹൃദയാഘാതം ബാധിച്ച രോഗികളില്‍ പകുതിയിലധികം പേര്‍ക്കും പ്രമേഹം കണ്ടെത്തിയാതായും ശരാശരി പ്രായം 56 വയസ്സാണെന്നും സര്‍വേ വ്യക്തമാക്കുന്നു. ജീവിത ശൈലിയാണ് രോഗത്തിലേക്ക് നയിക്കുന്നതിലെ പ്രധാന ഘടകം.

ലോക ഹൃദയാരോഗ്യദിനത്തോടനുബന്ധിച്ചായിരുന്നു ഹാര്‍ട്ട് അസോസിയേഷന്‍ 2023 മെയ് 15 മുതല്‍ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലെ കണക്കുകള്‍ പുറത്തുവിട്ടത്. മരണപ്പെടുന്നതില്‍ മൂന്നില്‍ രണ്ട് എന്നതാണ് പ്രവാസികളുടെ കണക്ക്. എന്നാല്‍ ഏതൊക്കെ രാജ്യത്തെ പ്രവാസികളാണ് മരണപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതെന്നോ എത്ര ഇന്ത്യക്കാരും മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നോ ഉള്ള വേര്‍തിരിച്ചുള്ള കണക്കുകള്‍ ലഭ്യമല്ല.

അതേസമയം, അടുത്തിടെയാണ് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്ന പ്രധാനമായ ഒരു തീരുമാനം കുവൈറ്റ് സ്വീകരിച്ചത്. പ്രവാസികളെ വിവിധ മേഖലകളിലെ ജോലിയില്‍ നിന്നും ദിവസങ്ങള്‍ക്കുള്ളില്‍ പിരിച്ചുവിടുമെന്ന് കുവൈറ്റ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനായാണ് കുവൈറ്റ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. പൊതുമരാമത്ത്, മുനിസിപ്പല്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി നൂറ അല്‍ മഷാന്‍ ആണ് പ്രവാസികളെ പിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കിയത്.

ഏകദേശം 4,83,200 പേരാണ് കുവൈറ്റ് പൊതുമേഖലയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 23 ശതമാനവും പ്രവാസികളാണ്. മാത്രമല്ല, 4.8 മില്യണ്‍ ജനസംഖ്യയുള്ള രാജ്യത്ത് 3.3 മില്യണ്‍ ജനങ്ങളും വിദേശികളാണ്. അതിനാല്‍, നിയമവിരുദ്ധമായി രാജ്യത്തെത്തുന്നവരെയും താമസിക്കുന്നവരെയും തടയാനായി കുവൈറ്റ് നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു.