
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ ലോറിയുടമ മനാഫ് ഇന്ന് പൊതുപരിപാടിയിൽ പങ്കെടുക്കും. കോഴിക്കോട് മുക്കത്തെ ഒരു സ്കൂളിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലാണ് മനാഫ് പങ്കെടുക്കുന്നത്. രാവിലെ പത്ത് മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അർജുന്റെ പേരിൽ ഫണ്ട് പിരിച്ചെന്നും തന്റെ യൂട്യൂബ് ചാനലിൽ കാഴ്ച്ചക്കാരെ കൂട്ടാൻ ലോറിയുടമ സഹതാപത്തിലൂടെ ശ്രമിച്ചെന്നുമാണ് കുടുംബം ആരോപിച്ചത്. പരിപാടിയിൽ മനാഫ് കൂടുതൽ പ്രതികരണങ്ങൾ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കോഴിക്കോട്ടെ വീട്ടിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് അർജുന്റെ കുടുംബം മനാഫിനെതിരെയും മുങ്ങൽവിദഗ്ദ്ധൻ ഈശ്വർ മാൽപെയ്ക്കെതിരെയും രംഗത്തെത്തിയത്. അർജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് പറഞ്ഞുപരത്തുന്നത് തെറ്റാണെന്ന് സഹോദരീഭർത്താവ് ജിതിൻ വ്യക്തമാക്കി. ചില വ്യക്തികൾ വൈകാരികമായി ചൂഷണം ചെയ്യുന്നുവെന്നും സൈബർ ആക്രമണം നേരിടുന്നുവെന്നും കുടുംബം അറിയിച്ചു.
കുടുംബത്തിന്റെ ആരോപണത്തിൽ പ്രതികരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്നും അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നുമാണ് ലോറിയുടമ പറഞ്ഞത്. കുടുംബം ഇത്തരത്തിൽ ആരോപിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും മനാഫ് പ്രതികരിച്ചു. 'എന്റെ കുടുംബമായിട്ട് അർജുന്റെ കുടുംബത്തെ കണ്ടതിൽ എന്താണ് തെറ്റ്?ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് മനസിലാകുന്നില്ല. അർജുന്റെ അമ്മ എന്റെയും അമ്മയാണ്. അവർ എന്നെ തളളിപ്പറഞ്ഞോട്ടെ. അവർക്കൊരു ആവശ്യം വന്നാൽ ഞാൻ അവരോടൊപ്പം ഉണ്ടാകും. യൂട്യൂബ് ചാനൽ തുടങ്ങുന്നത് തെറ്റാണോ? ഒരു അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടില്ല. ഞാൻ ഫേമസ് ആയിട്ടില്ല. അവന്റെ ചിത അടങ്ങിയിട്ടില്ല. എന്തിനാണ് എന്നെ ക്രൂശിക്കുന്നത്. ഞാൻ ചെയ്തത് നിലനിൽക്കും'- മനാഫ് വ്യക്തമാക്കി.
തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ പ്രതിരണവുമായി ഈശ്വർ മാൽപെയും രംഗത്തെത്തി. പണത്തിന് വേണ്ടിയല്ല താൻ സേവനം നടത്തുന്നതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 'തനിക്കെതിരെ കേസെന്നത് വ്യാജപ്രചാരണമാണ്. ഷിരൂർ തെരച്ചിൽ വിഷയത്തിൽ ഇനി ഒരു തരത്തിലും വിവാദത്തിനല്ല. യൂട്യൂബ് വരുമാനം താൻ നടത്തുന്ന ആംബുലൻസ് സർവീസിനാണ് കൊടുക്കുന്നത്'- ഈശ്വർ മാൽപെ പറഞ്ഞു.