
''സമൂഹത്തിൽ വലിയ പദവികൾ അലങ്കരിക്കുന്നതും ഉന്നതസ്ഥാനങ്ങൾ വഹിക്കുന്നതുമായ വ്യക്തികൾക്ക്, അവർ ഉൾപ്പെടുന്ന സമൂഹത്തിൽ യാതൊരു സ്വീകാര്യതയുമില്ലയെന്നൊരു അവസ്ഥ അത്ര നിസാരമായി കാണേണ്ട കാര്യമല്ലയെന്നോർക്കണം! അല്ലെങ്കിൽ, അതൊക്കെ നിസാരകാര്യമെന്ന് കരുതുന്നത് വളരെ ശ്രദ്ധിച്ചു വേണം! എന്നാലും, അത്രയും വലിയ ബുദ്ധി മോശം' ഈ ഉന്നതർ" കാണിക്കാതിരിക്കാനാണ് ഇത്തരമൊരു ഓർമ്മപ്പെടുത്തൽ. തനിക്ക് ചുറ്റുമുള്ള സമൂഹം തനിക്കൊരു പ്രശ്നമല്ലെന്ന മനോഭാവത്തിലുള്ള കുറെ'ഹതഭാഗ്യർ" നമുക്കു ചുറ്റുമുണ്ടാകാം! അവരുടെ മനസിൽ സാധാരണക്കാർക്ക് നിസാര വിലപോലും കാണില്ലായിരിക്കാം! പക്ഷെ, സാധാരണക്കാർ നിസാരമെന്നു കരുതുന്ന കാര്യങ്ങളിൽ ഇക്കൂട്ടർ അനുഭവിക്കുന്ന മാനസിക സംഘർഷം കഠിനമാണെന്ന് അനുഭവിക്കുന്നവർക്കല്ലേ അറിയൂ! താൻ ഉൾപ്പെടുന്ന സമൂഹം നിസാരമാണെന്ന് ചിന്തിക്കുന്നത് തികഞ്ഞ ബുദ്ധിശൂന്യതയാണെന്ന് പറയേണ്ടിവരും! ഉന്നതനായാലും തന്റെ ചുറ്റുമുള്ളവരുമായി ബന്ധമില്ലെങ്കിൽ, ഒരു നിശബ്ദ ജീവിയെപോലെ കഴിഞ്ഞു കൂടാനല്ലേ ഭാഗ്യം ലഭിക്കു! അതൊക്കെ തനിക്കൊരു സഹനീയകാര്യമാണ് എന്ന് സമാധാനിക്കുന്നവർ നമ്മുടെ സംഭാഷണ വിഷയമല്ല എന്നുകൂടി പറയട്ടെ."" സദസിലെ പല പ്രമുഖരേയും നോക്കുന്നുണ്ടെന്ന ഭാവത്തിലായിരുന്നു പ്രഭാഷകൻ ഇത്രയും പറഞ്ഞതെങ്കിലും, തങ്ങളിൽ ആരെയെങ്കിലും ഉദ്ദേശിച്ചാണോ എന്നുള്ള അന്വേഷണത്തിൽ പരസ്പരം നോക്കുകയായിരുന്നു പല പ്രമുഖരും! സദസ്യരെ, എല്ലാവരേയും വാത്സല്യപൂർവ്വം നോക്കി പുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ ഇപ്രകാരം തുടർന്നു:
''ഒരു ഉന്നതന്റെ ഉറ്റബന്ധുവിന് അടിയന്തിര ശസ്ത്രക്രിയക്ക് നെഗറ്റീവ് ഗ്രൂപ്പ് ബ്ലഡ് ആവശ്യമുണ്ടെന്നു കരുതുക. ആശുപത്രിയിലെ ശേഖരത്തിൽ അതിന്റെ ദൗർലഭ്യമുള്ളതിനാൽ അതേ ബ്ലഡ് ഗ്രൂപ്പിൽപ്പെട്ട ആളിനെ അധികൃതർ ആവശ്യപ്പെടുന്ന ഒരു സാഹചര്യവുമുണ്ടായി എന്നിരിക്കട്ടെ. ഒരു സാധാരണക്കാരന് ഇതൊരു വലിയ പ്രശ്നമായിരിക്കില്ല, കാരണം സമൂഹത്തിലെ മറ്റു മനുഷ്യരുമായി ബന്ധമുണ്ടല്ലോ! എന്നാൽ, ഉന്നതന്റെ കൈവശം അളവില്ലാത്ത ധനവും അധികാരവുമുണ്ടെങ്കിലും, സൗഹൃദത്തിൽ ദാരിദ്ര്യം അനുഭവിക്കുന്ന ആ വ്യക്തി, എവിടെ നിന്നാണ് അത്തരം അപൂർവ ഗ്രൂപ്പ് ബ്ലഡ് സംഘടിപ്പിക്കുന്നത്? അദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്യുന്നവരെ പോലും അകറ്റി നിറുത്തുന്ന വ്യക്തിത്വമല്ലേ! അപ്പോളെന്തു ചെയ്യും?
സമൂഹത്തിന് പൊതുവിൽ ഒരു മൂല്യച്യുതി സംഭവിച്ചു എന്നത് ശരിയാണ്. എന്നാൽ അത് നമ്മുടെ സമൂഹത്തെ നമ്മൾ വെറുക്കുന്നതിന് മതിയായ ഒരു കാരണമായി കാണരുത്! കടലിൽ അൽപ്പം വിഷം കലർന്നു എന്ന ഒറ്റ കാരണത്താൽ, കടലാകെ വിഷമായിപ്പോയി എന്നു വിലപിക്കേണ്ട ആവശ്യമുണ്ടോ! സമൂഹജീവിയായ മനുഷ്യന് സമൂഹത്തിൽ ഒറ്റപ്പെട്ടൊരു സുഖകരമായ ജീവിതം സാദ്ധ്യമല്ലയെന്നോർക്കണം! കൂടുന്നിടം നോക്കി കൂടണമെന്നു പറയാം. എന്നാൽ, കൂടെ കുറച്ചു കൂട്ടരില്ലാതെ, 'വലിയ ഉന്നത"നായാലും, അത്ര എളുപ്പത്തിൽ എല്ലായിടത്തും ഓടിക്കയറാൻ കഴിയുന്ന ഒന്നല്ല നമ്മുടെ ജീവിതത്തിന്റെ താളമേളങ്ങൾ എന്നു കൂടി നമ്മൾ മനസിലാക്കിയിരിക്കണ്ടേ! പങ്കിട്ട ദുഃഖം പാതി ദുഃഖം, പങ്കിട്ട സുഖം ഇരട്ടി സുഖമെന്നുകേട്ടിട്ടില്ലേ? വലിയ കൊടികെട്ടി പറന്നാലും, അവസാനം സമ്മാനം വാങ്ങാൻ താഴെത്തന്നെ വരണമല്ലോ?"" ഇപ്രകാരം പ്രഭാഷകൻ പറഞ്ഞു നിറുത്തിയപ്പോൾ, സദസിലെ പല ഉന്നതരും, കൂട്ടത്തിലെ സാധാരണ മനുഷ്യരെ പ്രത്യേകം ശ്രദ്ധിക്കുന്നതു കണ്ടു.