
ന്യൂയോർക്ക് : ലയണൽ മെസി കളിക്കുന്ന അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ളബ് ഇന്റർ മയാമിക്ക് സപ്പോർട്ടേഴ്സ് ഷീൽഡ് ട്രോഫി. മെസി ഇരട്ടഗോളടിച്ച മത്സരത്തിൽ കൊളംബസ് ക്രൂവിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇന്റർ മയാമി സപ്പോർട്ടേഴ്സ് ഷീൽഡ് നേടിയത്.
ആദ്യ പകുതിയുടെ അവസാനസമയത്ത് ഒരു മിനിട്ടിന്റെ വ്യത്യാസത്തിലാണ് മെസി രണ്ട് ഗോളുകളും നേടിയത്. തകർപ്പനൊരു ഫ്രീകിക്കിൽ നിന്നായിരുന്നു മെസിയുടെ രണ്ടാം ഗോൾ. 48–ാം മിനിട്ടിൽ ഉറുഗ്വേ താരം ലൂയി സുവാരേസിന്റെ വകയായിരുന്നു മൂന്നാം ഗോൾ.കൊളംബസിനായി ഡിഗോ റോസി (46-ാം മിനിട്ട്), കുചോ ഹെർണാണ്ടസ് (61) എന്നിവരാണ് തിരിച്ചടിച്ചത്. 63–ാം മിനിറ്റിൽ കൊളംബസ് താരം റൂഡി കമചോ ചുവപ്പുകാർഡ് കണ്ടു പുറത്തായി. 84-ാം മിനിട്ടിൽ ക്രൂവിന് കിട്ടിയ പെനാൽറ്റി തടുത്തിട്ട മയാമി ഗോളി ഡ്രേക്ക് കല്ലെൻഡറാണ് കിരീടമുറപ്പിച്ചത്.
1
ഇന്റർ മയാമി ആദ്യമായാണ് സപ്പോർട്ടേഴ്സ് ഷീൽഡ് വിജയിക്കുന്നത്.
2
മെസി ഇന്റർ മയാമിയിലെത്തിയ ശേഷം സ്വന്തമാക്കുന്ന രണ്ടാം കിരീടമാണിത്. കഴിഞ്ഞ വർഷം ലീഗ് കപ്പും നേടിയിരുന്നു.
46
തന്റെ ഫുട്ബാൾ കരിയറിലെ 46–ാം കിരീടമാണ് മെസി സ്വന്തമാക്കിയത്.
66
ഫ്രീകിക്കിൽ നിന്ന് മെസി നേടുന്ന 66-ാമത്തെ ഗോളാണിത്. 65 ഫ്രീകിക്ക് ഗോളുകൾ നേടിയ ഡേവിഡ് ബെക്കാമിന്റെ റെക്കാഡും മെസി മറികടന്നു.
മെസി വീണ്ടും അർജന്റീന ടീമിൽ
കോപ്പ അമേരിക്ക കിരീടവിജയത്തിന് ശേഷം വിട്ടുനിന്നിരുന്ന ലയണൽ മെസി വീണ്ടും അർജന്റീന ദേശീയ ടീമിലേക്ക് മടങ്ങിയെത്തി. വെനിസ്വേലയ്ക്കും ബൊളീവിയയ്ക്കും എതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിലേക്കാണ് നായകനായി 37കാരനായ മെസി തിരിച്ചെത്തിയിരിക്കുന്നത്. പൗളോ ഡിബാല, ലൗതാരോ മാർട്ടിനെസ്,നിക്കോളാസ് ഗോൺസാൽവസ്,ജൂലിയൻ അൽവാരേസ്,പരേഡേസ്,മക് അലിസ്റ്റർ, ഡിപോൾ,എൻസോ തുടങ്ങിയവരും ടീമിലുണ്ട്. കഴിഞ്ഞമാസം നടന്ന യോഗ്യതാ മത്സരത്തിൽ വിജയിച്ചശേഷം അതിരുവിട്ട ആഘോഷപ്രകടനം നടത്തിയ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് രണ്ട് മത്സരവിലക്കുള്ളതിനാൽ ടീമിലില്ല.