
ഒരു കുട്ടിയും പൊലീസുകാരനും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ കോഴിയെ മോഷണം പോയെന്ന പരാതിയുമായി കൊച്ചുകുട്ടി പൊലീസുകാരനെ സമീപിക്കുകയും തുടർന്ന് ഇരുവരും തമ്മിലുള്ള സംസാരവുമാണ് വീഡിയോ വൈറലാകാൻ കാരണം. പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം.
പാകിസ്ഥാൻ പൊലീസ് ഉദ്യോഗസ്ഥൻ വാഹനത്തിലിരിക്കുകയാണ്. പൊലീസുകാരനോട് മോഷണത്തിന്റെ വിശദാംശങ്ങൾ പറയുകയാണ് കൊച്ചുകുട്ടി. ഉദ്യോഗസ്ഥൻ ഇത് ശ്രദ്ധയോടെ കേൾക്കുന്നു. സംശയിക്കപ്പെടുന്ന വ്യക്തിക്കെതിരെ എഫ് ഐ ആർ ഫയൽ ചെയ്യാൻ ഉദ്യോഗസ്ഥൻ അവനോട് പറയുന്നു.
നിഷ്‌കളങ്കനായ കുട്ടി 'ഒരു പരാതി ഫയൽ ചെയ്യാൻ എത്ര ചെലവാകും' എന്ന് ചോദിക്കുന്നു. നടപടിക്രമം തികച്ചും സൗജന്യമാണെന്ന് പറഞ്ഞുകൊണ്ട് ഉദ്യോഗസ്ഥൻ കുട്ടിയെ ആശ്വസിപ്പിക്കുകയാണ്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. പൊലീസിനെ സമീപിക്കാൻ കാണിച്ച അവന്റെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ടാണ് കൂടുതൽ കമന്റുകളും വരുന്നത്. 'കുട്ടി സുന്ദരനും ധീരനുമാണ്! ഉദ്യോഗസ്ഥനുമായി സംസാരിക്കുമ്പോൾ അവന്റെ നിഷ്‌കളങ്കത നമുക്ക് മനസിലാകും.'- എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്.
'അവന്റെ പ്രായത്തിലും, പൊലീസ് അഴിമതിക്കാരാണെന്ന് അവനറിയാം. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസുകാരൻ പറയുമ്പോൾ, 'അതിന് എത്ര ചെലവാകും എന്ന് ചോദിക്കുന്നതിൽ നിന്ന് തന്നെ അത് വ്യക്തമാണ്. ഇതാണ് പാകിസ്ഥാനെ സംബന്ധിച്ചുള്ള സങ്കടകരമായ സത്യം, അവിടെ അഴിമതി നിറഞ്ഞതാണെന്ന് കുട്ടികൾക്ക് പോലും അറിയാം.'- എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്.