pooja

നവരാത്രിയിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് പൂജ വയ്പ്പ്. എല്ലാവർഷവും ഒമ്പത് ദിവസം മാത്രം നീണ്ടുനിൽക്കുന്ന നവരാത്രി മഹോത്സവം ഈ വർഷം 11 ദിവസമാണ് ഉണ്ടാകുക. പഠനോപകരണങ്ങൾ ആയുധങ്ങൾ സരസ്വതി ദേവിയ്ക്ക് മുന്നിൽ സമർപ്പിക്കുന്ന ചടങ്ങാണ് പൂജ വയ്പ്പ്. വിദ്യാർത്ഥികൾ പഠിക്കുന്ന പുസ്തകങ്ങൾ പൂജ വയ്ക്കുന്നത് പഠനത്തിന് നല്ലതാണെന്നാണ് വിശ്വാസം. സാധാരണയായി പലരും ക്ഷേത്രങ്ങളിലാണ് പൂജ വയ്ക്കുന്നത്. ഇതിന് കഴിയാത്തവർ വീട്ടിൽ തന്നെ പൂജ വയ്ക്കുന്നു. എന്നാൽ വീട്ടിൽ പൂജ വയ്ക്കുമ്പോൾ കുറച്ച് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

വീട്ടിൽ തന്നെ പൂജവയ്ക്കുമ്പോൾ ആദ്യം പൂജ മുറി തുടച്ച് വൃത്തിയാക്കുക. നിലവിളക്ക് കഴുകിത്തുടച്ച് വൃത്തിയാക്കി വയ്ക്കണം. അൽപം മഞ്ഞൾവെള്ളം പൂജ മുറിയിലും പുസ്തകങ്ങൾ പൂജ വയ്ക്കാൻ ഉദ്ദേശിക്കുന്ന ഭാഗത്തും തളിയ്ക്കുന്നത് നല്ലതാണ്. ശേഷം നിലത്ത് പുസ്തകം വയ്ക്കാം. പുസ്‌തകം പൂജവയ്ക്കുന്നിടത്ത് മൂന്ന് ദെെവങ്ങളുടെ ചിത്രങ്ങൾ ഉറപ്പായും ഉണ്ടായിരിക്കണം. ഗണപതി, സരസ്വതി, ലക്ഷ്മീ ദേവി എന്നിവരുടെ ചിത്രമാണ് വേണ്ടത്. വിളക്ക് തെളിച്ച് കഴിഞ്ഞ് സന്ധ്യ സമയത്ത് വേണം പൂജ വയ്ക്കേണ്ടത്. സരസ്വതി അല്ലെങ്കിൽ ദുർഗ്ഗ ദേവിയുടെ ചിത്രത്തിന് മുൻപിൽ പുസ്തകങ്ങൾ വയ്ക്കണം.

രണ്ട് ദിവസമാണ് പൂജ വയ്ക്കുക. പൂജവച്ചതിന്റെ അടുത്ത ദിവസം രാവിലെ കുളിച്ച് ശുദ്ധിയായി പൂജ നടത്തണം. പുസ്തകം പൂജയ്‌ക്ക് വയ്ക്കുമ്പോൾ കൊളുത്തിയ വിളക്ക് കെടാവിളക്കായി പൂജ കഴിയുന്നത് വരെ സൂക്ഷിക്കണം. കൂടാതെ പുസ്തകങ്ങളിൽ പുഷ്പങ്ങൾ അർപ്പിക്കണം. പൂജ എടുക്കുമ്പോൾ അരിയിലോ മണ്ണിലോ ഓം ഗം ഗണപതയേ നമഃ എന്നെഴുതിയ ശേഷം പൂജയ്ക്ക് വച്ച പുസ്തകത്തിലെ ഒരു വരിയെങ്കിലും വായിക്കുന്നത് ഉത്തമമാണ്.