rajamma

വാർദ്ധക്യമെന്നത് പ്രായത്തിന്റെ കണക്കിൽ മാത്രമാണെന്നാണ് രാജമ്മ അമ്മച്ചിയുടെ വിശ്വാസ പ്രമാണം. അറിയുന്ന കണക്ക് പ്രകാരം ഇപ്പോൾ 85 വയസുണ്ടെങ്കിലും കൈതമുക്ക് ജംഗ്ഷനിൽ തയ്യൽക്കടയും തുണിക്കടയും നടത്തുന്ന രാജമ്മയ്ക്ക് അതിന്റെ അവശതയൊന്നുമില്ല. നിലത്തിരുന്നാണ് അവരുടെ തുണിക്കച്ചവടം.

ആനയറ കുടവൂർ സ്വദേശിനിയാണ് ടി.രാജമ്മ. മകൾ ജയസിന്ധു കൂടെയുണ്ട്. ഭർത്താവായ കെ.എൻ.പുഷ്പാംഗദന്റെ കടയാണ് അദ്ദേഹത്തിന്റെ മരണശേഷം രാജപുഷ്പ ടെയ്ലർ ഷോപ്പ് എന്ന പേരിൽ നടത്തിപ്പോരുന്നത്. കൃത്യമായ പ്രായം രാജമ്മയ്ക്ക് അറിയില്ല. 85 ലധികം പ്രായം വരുമെന്നാണ് മകൾ പറയുന്നത്.

18 വർഷം മുമ്പ് സ്തനാർബുദത്തെ അതിജീവിച്ച വ്യക്തിയാണ് രാജമ്മ. രാവിലെ ആറിന് എഴുന്നേൽക്കും. കുളിച്ച് വസ്ത്രം മാറി അമ്പലത്തിൽ കൊടുക്കാനുള്ള നേരിയതും പൂക്കളുമായി രാവിലെ ഏഴിന് ഓട്ടോയിൽ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലും മുടങ്ങാതെ പോകും. അവിടെ നിന്ന് 8.30ഓടെ കടയിലെത്തി സമീപത്തെ വ്യാപാരികളുടെ സഹായത്തോടെ കട തുറക്കും.

അവധിയെന്നത് രാജമ്മയുടെ ജീവിതത്തിലില്ല. എല്ലാം ദിവസവും മുടങ്ങാതെ കടയിലെത്തും. പണ്ടെത്തെ ആളുകൾ സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരുന്ന വസ്ത്രക്കടയാണ് പഴമയുടെ തനിമയോടെയും ഗുണനിലവാരത്തോടെയും രാജമ്മ നടത്തി പോരുന്നത്. 80 വർഷത്തിലധികമായി കൈതമുക്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഈ തുണിക്കട അറിയപ്പെടുന്നത് അമ്മച്ചിക്കടയെന്നാണ്. കുട്ടികൾക്കുള്ള കുഞ്ഞുടുപ്പ്,​ ലെങ്കോട്ടി,​ തേയില പൈ,​ ​ട്രൗസർ,​ പ്രസവ ശുശ്രൂഷയ്ക്കായി ഉപയോഗിക്കുന്ന ബാന്റേജ്,​ ഇരുമുടി,​ റൗക്ക തുടങ്ങിയവ ഇവിടെ നിന്ന് ആവശ്യാനുസരണം തയ്ച്ച് നൽകും. ഇപ്പോൾ ഇതെല്ലാം തയ്ക്കുന്നത് മകൾ ജയസിന്ധുവാണ്.

അമ്മച്ചിയുടെ രീതി

നിലത്ത് വിരിച്ച പായയിൽ ഇരുന്ന് ആവശ്യക്കാർക്ക് സാധനങ്ങൾ എടുത്ത് നൽകുന്നതാണ് അമ്മച്ചിയുടെ രീതി. രാവിലെ 8.30 മുതൽ രാത്രി 7.30 വരെ അമ്മ ഇവിടെ തറയിലിരിക്കും. എന്നാൽ തനിക്ക് അരമണിക്കൂർ പോലും ഇത്തരത്തിൽ തറയിലിരിക്കാൻ സാധിക്കില്ലെന്ന് മകൾ പറയുന്നു.

അമ്മച്ചിക്കടയിൽ നിന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ബാൻഡേജ് വാങ്ങാനും കളരി ആശാന്മാർ ലെങ്കോട്ടി വാങ്ങാനും നിർദ്ദേശിക്കാറുണ്ട്. സംസ്ഥാനത്തിന്റെ പലയിടങ്ങളിൽ നിന്ന് ആളുകൾ അമ്മച്ചിക്കട അന്വേഷിച്ച് എത്തുന്നു. പലരുടെയും ഓർമ്മ പുതുക്കുന്ന കടയാണ് അമ്മച്ചിക്കട.