
യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്,അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവർക്ക് തോൽവി
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ മുൻനിര ക്ളബുകളായ റയൽ മാഡ്രിഡ് , ബയേൺ മ്യൂണിക്ക്, അത്‌ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയവർക്ക് തോൽവി. നിലവിലെ ജേതാക്കളായ റയലിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഫ്രഞ്ച് ക്ളബ് ലിലെയാണ് കീഴടക്കിയത്. മുൻ ചാമ്പ്യന്മാരായ ബയേണിനെ ഇംഗ്ളീഷ് ക്ളബ് ആസ്റ്റൺ വില്ല 1-0ത്തിന് അട്ടിമറിച്ചപ്പോൾ സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിനെ പോർച്ചുഗീസ് ക്ളബ് ബെൻഫിക്ക മറുപടിയില്ലാത്ത നാലുഗോളുകൾക്കാണ് കീഴടക്കിയത്. അതേസമയം മറ്റ് മത്സരങ്ങളിൽ മുൻചാമ്പ്യന്മാരായ ലിവർപൂൾ 2-0ത്തിന് ഇറ്റാലിയൻ ക്ളബ് ബൊളോഞ്ഞയേയും യുവന്റസ് 3-2ന് ആർ,ബി ലെയ്പ്സിഗിനെയും തോൽപ്പിച്ചു.
സീസണിലെ രണ്ടാമത്തെ മത്സരത്തിൽതന്നെ തോൽവി ഏറ്റുവാങ്ങേണ്ടിവന്നത് റയൽ മാഡ്രിഡിനെ ഞെട്ടിച്ചിട്ടുണ്ട്.ലിലെയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ആക്രമണത്തിലും പന്തടക്കത്തിലും മുന്നിൽനിന്ന റയൽ മാഡ്രിഡിന് ഗോളടിക്കാൻ കഴിയാതിരുന്നതാണ് തിരിച്ചടിയായത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ പെനാൽറ്റിയിൽ നിന്ന് ജൊനാഥൻ ഡേവിഡ് നേടിയ ഗോളാണ് ലിലെയ്ക്ക് വിജയം നൽകിയത്. അതേസമയം ഏഴോളം തകർപ്പൻ സേവുകൾ നടത്തിയ അർജന്റീനിയൻ ഗോളി എമിലിയാനോ മാർട്ടിനെസാണ് ബയേണിനെതിരെ ആസ്റ്റൺ വില്ലയ്ക്ക് വിജയം സമ്മാനിച്ചത്. 79-ാം മിനിട്ടിൽ ജോൺ ദുരാനാണ് ബയേണിന്റെ വിജയഗോളടിച്ചത്. ഏൻജൽ ഡി മരിയ,അക്തുർകോഗ്ളു, അലക്സാണ്ടർ ബാ,ഓർകുൻ കൊക്ച്ചു എന്നിവർ നേടിയ ഗോളുകൾക്കാണ് ബെൻഫിക്ക അത്‌ലറ്റിക്കോയെ മറികടന്നത്. 11-ാം മിനിട്ടിൽ അലക്സിസ് മക് അലിസ്റ്ററും 75-ാം മിനിട്ടിൽ മുഹമ്മദ് സലായും നേടിയ ഗോളുകൾക്കാണ് ലിവർപൂൾ ബൊളോഞ്ഞയെ കീഴടക്കിയത്.
ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ആറുപോയിന്റ് വീതമുള്ള ബൊറൂഷ്യ ഡോർട്ട്മുണ്ട്,ബ്രെസ്റ്റ്,ബെൻഫിക്ക, ലെവർകൂസൻ, ലിവർപൂൾ,ആസ്റ്റൺ വില്ല,യുവന്റസ് എന്നീ ടീമുകളാണ് പോയിന്റ് പട്ടികയിൽ യഥാക്രമം ഒന്നുമുതൽ ഏഴുവരെ സ്ഥാനങ്ങളിൽ.
ഓരോ ജയവും സമനിലയുമായി നാലുപോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി,ഇന്റർ മിലാൻ,സ്പാർട്ട പ്രാഹ,അറ്റ്‌ലാന്റ,സ്പോർട്ടിംഗ്,ആഴ്സനൽ, മൊണാക്കോ എന്നിവർ യഥാക്രമം എട്ടുമുതൽ 14വരെ സ്ഥാനങ്ങളിൽ.
ഒരു വിജയവും ഒരു തോൽവിയുമായി ബയേൺ മ്യൂണിക്ക്,ബാഴ്സലോണ,റയൽ മാഡ്രിഡ്,ലിലെ,പി.സ്.ജി,കെൽറ്റിക്,ബ്രൂഗെ,ഫെയ്നൂർദ്,അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവർ 15 മുതൽ 23വരെ സ്ഥാനങ്ങളിൽ.
മത്സരഫലങ്ങൾ
ബെൻഫിക്ക 4- അത്‌ലറ്റിക്കോ മാഡ്രിഡ് 0
ലിവർപൂൾ 2- ബൊളോഞ്ഞ 0
യുവന്റസ് 3- ലെയ്പ്സിഗ് 2
ലിലെ 1- റയൽ മാഡ്രിഡ് 0
ബ്രൂഗെ 1- സ്റ്റംഗ്രാസ് 0
ആസ്റ്റൺ വില്ല 1- ബയേൺ മ്യൂണിക്ക് 0
ഡൈനമോ സാഗ്രബ് 2- മൊണാക്കോ 2