
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ തർക്കം ചർച്ചചെയ്യാൻ പൊതുയോഗം വിളിച്ച് പ്രസിഡന്റ് പി.ടി ഉഷ
ന്യൂഡൽഹി : മാസങ്ങളോളമായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ (ഐ.ഒ.എ) അധികാരത്തർക്കം ചർച്ചചെയ്യാൻ പ്രത്യേക പൊതുയോഗം വിളിച്ച് പ്രസിഡന്റ് പി.ടി ഉഷ. ഈമാസം 25നാണ് ഡൽഹിയിലെ ഒളിമ്പിക് ഭവനിൽ യോഗം നടക്കുകയെന്ന് ഉഷ അറിയിച്ചു.
സംഘടനയ്ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഉഷയും എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും തമ്മിൽ തർക്കമായതോടെ ഐ.ഒ.എയിൽ ആരോപണ പ്രത്യാരോപണങ്ങൾ നിറഞ്ഞിരുന്നു. 2036ലെ ഒളിമ്പിക്സിന് വേദിയാകാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾക്ക് കൂടി വിഘാതമാകുന്ന രീതിയിലാണ് തർക്കത്തിന്റെ പോക്ക്. സി.ഇ.ഒ നിയമനത്തിൽ ഉഷയുടെ നോമിനിയെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗീകരിക്കാതിരുന്നതാണ് തർക്കത്തിന് തുടക്കമിട്ടത്. എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ഉഷയ്ക്ക് ഏറെക്കുറെ ഭൂരിപക്ഷം നഷ്ടമായ സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് ഉഷ പ്രത്യേക പൊതുയോഗം വിളിച്ചത്. ഈ യോഗത്തിൽ തനിക്ക് പിന്തുണ ലഭിക്കുമെന്നാണ് ഉഷയുടെ പ്രതീക്ഷ.
തർക്കവിഷയങ്ങൾ
1.സി.ഇ.ഒ പോസ്റ്റിലേക്കുള്ള ഉഷയുടെ നോമിനി രഘുറാം അയ്യരാണ്. ഇദ്ദേഹത്തിന് ലക്ഷങ്ങൾ ശമ്പളമായി നൽകാനുള്ള ഉഷയുടെ തീരുമാനമാണ് ആദ്യം തർക്കമായത്. ശമ്പളം കുറയ്ക്കാൻ തയ്യാറായെങ്കിലും അയ്യർ വേണ്ടെന്ന നിലപാടുമായി എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ പലരും രംഗത്തുവന്നു. ചിലർ ജോയിന്റ് സെക്രട്ടറിയും മുൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റുമായ കല്ല്യാൺ ചൗബേയെ സി.ഇ.ഒ ആക്കണമെന്ന് ആവശ്യപ്പെട്ടു.
2. നിലവിലെ ട്രഷറർ സഹദേവ് യാദവിനെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഉഷയ്ക്ക് എതിരെ നിലപാടുകൾ സ്വീകരിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന യാദവിനെതിരെ അന്വേഷണം വേണമെന്ന നിലപാടിലാണ് ഉഷ.
3. ഉഷയ്ക്ക് എതിരെ നിൽക്കുന്ന എക്സിക്യൂട്ടീവ് അംഗങ്ങളിൽ ചിലരെ സ്പോർട്സ് കോഡിലെ പ്രായപരിധിയുടെ പേരിൽ പുറത്താക്കാനുള്ള നീക്കങ്ങളോടും എതിർപ്പ് ശക്തമാണ്.
ഐ.ഒ.എ എക്സിക്യൂട്ടീവ് കമ്മറ്റി
പി.ടി ഉഷ, (പ്രസിഡന്റ് ), അജയ് എച്ച്.പട്ടേൽ ( സീനിയർ വൈസ് പ്രസിഡന്റ് ),രാജലക്ഷ്മി ദിയോ,ഗഗൻ നാരംഗ് (വൈസ് പ്രസിഡന്റുമാർ), സഹ്‌ദേവ് യാദവ് (ട്രഷററർ),അളകനന്ദ അശോക് ,കല്യാൺ ചൗബേ (ജോ. സെക്രട്ടറി), അമിതാഭ് ശർമ്മ,ഭൂപേന്ദർ സിംഗ് ബജ്‌വ, രോഹിത് രാജ്പാൽ, ഡോള ബാനർജി, യോഗേശ്വർ ദത്ത്, ത്തർപാൽ സിംഗ് (അംഗങ്ങൾ).