ആലപ്പുഴ: പീഡനക്കേസിലെ പ്രതിയുമായി സ്റ്റേഷനിലേക്കുപോയ പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകർത്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. പുന്നപ്ര വലിയപറമ്പ് വീട്ടിൽ ഷിയാസ് (ഗപ്പി - 26) ആണ് നോർത്ത് പൊലീസിന്റെ പിടിയിലായത്. മറ്റൊരു പ്രതി ആലപ്പുഴ തോണ്ടൻകുളങ്ങര ഐക്യനാട് ശ്യാം (36) കഴിഞ്ഞദിവസം പിടിയിലായിരുന്നു. സക്കറിയാ ബസാറിലെ യുനാനി ചികിത്സാ കേന്ദ്രത്തിൽ നിന്ന് പീഡനക്കേസിൽ അറസ്റ്റുചെയ്ത പ്രതിയുമായി സ്റ്റേഷനിലേക്ക് പോകുമ്പോൾ തിങ്കളാഴ്ച മൂന്നോടെ ശവക്കോട്ടപ്പാലത്തിനു സമീപത്തുവെച്ചാണ് ബൈക്കിലെത്തിയ പ്രതികൾ ആക്രമണം നടത്തിയത്. വടികൊണ്ട് പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകർക്കുകയായിരുന്നു. പൊട്ടിയ ചില്ല് തെറിച്ചുവീണ് സി.പി.ഒമാരായ രാജീവ് മോഹൻ, ടി.എസ്.സുധീഷ് എന്നിവർക്ക് പരിക്കേറ്റിരുന്നു.