suresh-gopi

തൃശൂര്‍: കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍ ആധുനിക സൗകര്യങ്ങളോടുകൂടി മോടിപിടിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. അമൃത് സ്‌റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നിരവധി സ്റ്റേഷനുകള്‍ വിമാനത്താവള മാതൃകയില്‍ വികസിപ്പിക്കുന്ന പദ്ധതിയില്‍ തൃശൂരും ഇടംപിടിച്ചിട്ടുണ്ട്. പദ്ധതിക്ക് നേരത്തെ തന്നെ അംഗീകാരം ലഭിച്ചുവെങ്കിലും സ്ഥലം എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി നിര്‍ദേശിച്ച ചില മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതുക്കിപ്പണിയുക.

കേന്ദ്രമന്ത്രിയുടെ മണ്ഡലമെന്ന നിലയില്‍ തൃശൂരിലെ പ്രധാന റെയില്‍വേ സ്റ്റേഷന്റെ രൂപമാറ്റം വേഗത്തില്‍ നടപ്പിലാക്കാനാണ് റെയില്‍വേയും ആലോചിക്കുന്നത്. സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥരും ജില്ലാ കളക്ടറും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ള സംഘം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഈ യോഗത്തിലാണ് പുതിയ ചില നിര്‍ദേശങ്ങള്‍ സുരേഷ് ഗോപി മുന്നോട്ടുവച്ചത്. കെട്ടിടത്തിന്റെ രൂപ രേഖയില്‍ തീരുമാനം ആയിരുന്നില്ല. പദ്ധതി പ്രകാരം റെയില്‍വേ സ്റ്റേഷന്റെ നവീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന.

തൃശ്ശൂരിന്റെ സാംസ്‌കാരിക തനിമയും പ്രൗഢിയും ഒട്ടും ചോരാത്ത തരത്തിലുള്ള വികസനമാണ് റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവരുന്നത്. 390.53 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവായി കണക്കാക്കിയിരിക്കുന്നത്. വിമാനത്താവളങ്ങളിലേതിന് സമാനമായ സൗകര്യങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കും. വിമാനത്താവള മാതൃകയില്‍ പുറപ്പെടല്‍, ആഗമനം എന്നിവയ്ക്ക് പ്രത്യേകം സോണുകള്‍ ഉണ്ടാകും. യാത്രികര്‍ക്ക് വരാനും പോകാനും വ്യത്യസ്ത കവാടങ്ങള്‍ ആകും റെയില്‍ വേ സ്റ്റേഷനില്‍ ഉണ്ടാകുക.

നിലവില്‍ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നാല് പ്ലാറ്റ്ഫോമുകളാണ് ഉള്ളത്. ഇത് അഞ്ചായി ഉയര്‍ത്തും. 100 വര്‍ഷത്തെ ആവശ്യങ്ങള്‍ മുന്‍പില്‍ കണ്ടുകൊണ്ടാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. മൂന്ന് നിലകളിലായിട്ടാകും റെയില്‍വേ സ്റ്റേഷന്റെ നിര്‍മ്മാണം. താഴത്തെ നിലയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. ടിക്കറ്റ് കൗണ്ടറും മറ്റ് സൗകര്യങ്ങളും രണ്ടാം നിലയില്‍ ആയിരിക്കും. റെയില്‍ വേ സ്റ്റേഷനോട് ചേര്‍ന്ന് താമസ സൗകര്യത്തിനായി ഹോട്ടല്‍ നിര്‍മ്മിക്കാനും ആലോചനയുണ്ട്.