icc-womens-cricket

വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് ആദ്യമത്സരം

എതിരാളികൾ ന്യൂസിലാൻഡ്, കളി രാത്രി 7.30 മുതൽ

ദുബായ് : കന്നിക്കിരീടമെന്ന മോഹവുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഇന്ന് ഐ.സി.സി ട്വന്റി-20 ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. ഇന്ന് രാത്രി 7.30മുതൽ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളികൾ. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ,പാ​കി​സ്ഥാ​ൻ,​ശ്രീ​ല​ങ്ക​ ​എന്നിവർക്കൊപ്പം എ ഗ്രൂപ്പിലാണ് ഇന്ത്യ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് മാത്രമാണ് സെമിയിലേക്ക് പ്രവേശനം എന്നതിനാൽ ഓ‌രോ മത്സരവും ഇന്ത്യയ്ക്ക് നിർണായകമാണ്.

പരിചയസമ്പന്നയായ ഹർമ്മൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീം യുവത്വവും പരിചയസമ്പത്തും ഒത്തിണങ്ങിയ സംഘമാണ്. നായിക ഹർമ്മൻപ്രീതിനൊപ്പം അന്താരാഷ്ട്ര തലത്തിൽ തിളങ്ങിയിട്ടുള്ള സ്മൃതി മന്ദാനയാണ് ടീമിലെ സൂപ്പർ താരം. ജമീമ റോഡ്രിഗസും ഷെഫാലി വെർമ്മയും ബാറ്റിംഗിലെ യുവരക്തമാണെങ്കിലും അന്താരാഷ്ട്ര തലത്തിൽ നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മദധളനിരയിൽ മികച്ച ഫിനിഷറായി മലയാളി താരം സജന സജീവനുണ്ട്. വിക്കറ്റ് കീപ്പർമാരായി റിച്ച ശർമ്മയും യസ്തിക ഭാട്യയുമാണ് സംഘത്തിലുള്ളത്. ഇരുവരും മികച്ച ബാറ്റർമാർ കൂടിയാണ്.

സ്പിന്നർമാരിലാണ് ഇന്ത്യയുടെ ബൗളിംഗ് പ്രതീക്ഷകൾ 34-ാം വയസിൽ ആദ്യ ലോകകപ്പ് കളിക്കാനൊരുങ്ങുന്ന മലയാളി ലെഗ്സ്പിന്നർ ആശ ശോഭന, 22കാരിയായ ഓഫ് സ്പിന്നർ ശ്രേയാങ്ക പാട്ടീൽ എന്നിവർക്കൊപ്പം പരിചയസമ്പന്നയായ രാധായാദവും ദീപ്തി ശർമ്മയുമുണ്ട്. അരുന്ധതി റെഡ്ഡി,രേണുക റെഡ്ഡി, പൂജ വസ്ത്രകാർ എന്നിവരാണ് പേസർമാർ. മുൻ ഇന്ത്യൻ താരം അമോൽ മസുംദാറാണ് ഇന്ത്യയുടെ പരിശീലകൻ.

ലോക വനിതാക്രിക്കറ്റിലെ മികച്ച ആൾറൗണ്ടർമാരിലൊരാളായ സോഫിയ ഡെവിനാണ് കിവീസിനെ നയിക്കുന്നത്. സൂസി ബേറ്റ്സ്, അമേലിയ ഖെർ,ഇസബെല്ല ഗേസ് തുടങ്ങിയ മികച്ച താരങ്ങളാണ് കിവീസ് നിരയിലുള്ളത്.

2020 ലോകകപ്പിൽ ഫൈനലിലെത്തിയതാണ് ടൂർണമെന്റിലെ ഇന്ത്യയുടെ ഇതിന് മുമ്പുള്ള മികച്ച പ്രകടനം.

13

ട്വന്റി-20 മത്സരങ്ങളിലാണ് ഇന്ത്യയും ന്യൂസിലാൻഡും മുമ്പ് ഏറ്റുമുട്ടിയത്.

09

മത്സരങ്ങളിലും വിജയിച്ചത് ന്യൂസിലാൻഡുകാരികളാണ്.

04

കളികളിൽ മാത്രമാണ് ഇന്ത്യൻ ജയം.

ഇ​ന്ത്യ​ൻ​ ​ടീം​ ​
ഹ​ർ​മ്മ​ൻ​പ്രീ​ത് ​കൗ​ർ​ ​(​ക്യാ​പ്ട​ൻ​),​സ്മൃ​തി​ ​മ​ന്ദാ​ന,​ജെ​മീ​മ​ ​റോ​ഡ്രി​ഗ​സ്,​ഷ​ഫാ​ലി​ ​വെ​ർ​മ്മ,​ഡി.​ഹേ​മ​ല​ത,​യ​സ്തി​ക​ ​ഭാ​ട്യ,​റി​ച്ച​ ​ഘോ​ഷ്,​സ​ജ​ന​ ​സ​ജീ​വ​ൻ,​ ​ദീ​പ്തി​ ​ശ​ർ​മ്മ,​ആ​ശ​ ​ശോ​ഭ​ന,​ശ്രേ​യാ​ങ്ക​ ​പാ​ട്ടീ​ൽ,​രാ​ധാ​ ​യാ​ദ​വ്,​അ​രു​ന്ധ​തി​ ​റെ​ഡ്ഡി,​രേ​ണു​ക​ ​സിം​ഗ്,​പൂ​ജ​ ​വ​സ്ത്ര​കാ​ർ.
കോ​ച്ച് ​:​ ​അ​മോ​ൽ​ ​മ​സും​ദാർ

ആശ കളിച്ചേക്കും

മലയാളി ലെഗ് സ്പിന്നർ ആശ ശോഭന ഇന്ന് പ്ളേയിംഗ് ഇലവനിലുണ്ടാകുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ വനിതാ ലോകകപ്പിൽ കളിക്കുന്ന ആദ്യ മലയാളിയായി ആശ മാറും. ലോകകപ്പിന് മുന്നോടിയായുള്ള രണ്ട് സന്നാഹമത്സരങ്ങളിലും ആശ കളിച്ചിരുന്നു. സജന സജീവന് സന്നാഹത്തിൽ അവസരം ലഭിച്ചിരുന്നില്ല.