ambani

ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളാണ് മുകേഷ് അംബാനി. ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കുതിക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയാണെങ്കിലും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് വലിയ പ്രാധാന്യം നല്‍കുന്നവരാണ് മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. കൃത്യമായ ഡയറ്റ് പിന്തുടരുന്ന വ്യക്തി കൂടിയാണ് മുകേഷ് അംബാനി. മുംബയിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേകം ടീം തന്നെയുണ്ട്.

അപ്പോള്‍ ഒരു പാചകക്കാരന് എത്ര രൂപയായിരിക്കും മുകേഷ് അംബാനി ശമ്പളമായി നല്‍കുക. രാജ്യത്തെ മുന്‍നിര കമ്പനികളിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് ലഭിക്കുന്നതിന് തുല്യമായ തുകയാണ് അംബാനി തന്റെ വീട്ടിലെ പാചകക്കാരന് ശമ്പളമായി നല്‍കുന്നത്. പ്രതിമാസം രണ്ട് ലക്ഷം രൂപയാണ് ഈ തുക. അതായത് ഒരു വര്‍ഷത്തേക്ക് 24 ലക്ഷം രൂപ. ശമ്പളത്തിന് പുറമേ ആരോഗ്യ ഇന്‍ഷുറന്‍സും കുടുംബാംഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസച്ചെലവും അടക്കമുള്ള ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്.

ഡ്രൈവര്‍മാര്‍ അടക്കം പല ജീവനക്കാര്‍ക്കും ഇതേരീതിയിലാണ് ശമ്പള പാക്കേജ്. ഏകദേശം 600-ഓളം ജീവനക്കാരാണ് അംബാനിയുടെ 24 നിലയുള്ള ആഡംബര വസതിയില്‍ ജോലി ചെയ്യുന്നത്. ഭക്ഷണകാര്യത്തില്‍ കര്‍ശനമായ ഡയറ്റ് പിന്തുടരുന്ന അംബാനിക്ക് ദാല്‍, റൊട്ടി, ചോറ് എന്നിവയാണ് ഏറെ ഇഷ്ടമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വെജിറ്റേറിയന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന് ഞായറാഴ്ചകളില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇഡലിയും സാമ്പാറുമാണ് മെനു.

പാല്‍ വാങ്ങുന്ന ഫാമിന് പോലും പ്രത്യേകതകളുണ്ട്. പൂനെയിലെ ഭാഗ്യലക്ഷ്മി ഹൈ ടെക് ഡയറി ഫാം വളരെ പ്രസിദ്ധമാണ്. ലോകത്തിലെ തന്നെ ഏറ്റവും അധികം പാല്‍ ഉത്പാതിപ്പിക്കുന്ന ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ എന്ന പശുക്കളുടെ പാലാണ് ഈ ഡയറി ഫാമിന്റെ പ്രത്യേകത. മറ്റ് ഫാമുകളില്‍ ചെയ്യുന്നത് പോലെ പല കര്‍ഷകരില്‍ നിന്ന് പാല്‍ ശേഖരിക്കാതെ ഒറ്റ ഫാമില്‍ നിന്ന് തന്നെ ശേഖരിക്കുന്നപാലാണ് ഇവിടെ വില്‍പ്പന നടത്തുന്നത്.