
ന്യൂഡൽഹി: തടവുകാർക്ക് ജാതി അടിസ്ഥാനത്തിൽ തൊഴിലുകൾ നൽകുന്നതും അവരെ വെവ്വേറെ വാർഡുകളിൽ പാർപ്പിക്കുന്നതും ഭരണഘടനയിലെ അനുച്ഛേദം 15ന് വിരുദ്ധമാണെന്ന് സുപ്രീംകോടതി.
ബൗദ്ധിക ജോലികൾ താണജാതിക്കാർക്ക് യോജിക്കില്ലെന്ന് സ്ഥാപിക്കുന്നതാണ് വിവേചനം. ആരും തോട്ടിപ്പണിക്കാരായി ജനിക്കുന്നില്ല. മാലിന്യ ടാങ്കുകൾ ശുചിയാക്കാൻ തടവുകാരെ നിയോഗിക്കരുത്. മാന്യമായ തൊഴിലിന് എല്ലാ തടവുകാർക്കും അവകാശമുണ്ട്. വിവേചനങ്ങൾക്കെതിരെ പൊലീസ് ജാഗ്രതപാലിക്കണം.
യു.പിയിൽ തോട്ടിപ്പണി തൊഴിലാക്കിയ വിഭാഗത്തിലെ തടവുകാർക്ക് ആ ജോലി, ബംഗാളിൽ ഉന്നത ജാതിക്കാർക്ക് പാചകവും താഴ്ന്ന ജാതിക്കാർക്ക് തൂപ്പ് ജോലി തുടങ്ങിയ വിവേചന വ്യവസ്ഥകൾ നിലനിൽക്കുന്നുണ്ട്. ഇതെല്ലാം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പറഞ്ഞു.
കോടതിയുടെ മാർഗരേഖ
1. 2016ലെ മാതൃകാ ജയിൽ മാന്വൽ കേന്ദ്രം പരിഷ്‌കരിക്കണം
2. ജയിൽ രജിസ്റ്ററിൽ ജാതിക്കോളം ഒഴിവാക്കണം
3. സ്ഥിരം കുറ്റവാളികളെ ജാതി അടിസ്ഥാനത്തിൽ നിർവചിക്കരുത്
4. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി ജയിലുകൾ സന്ദർശിക്കണം
''തടവുകാർക്ക് അന്തസ് നിഷേധിക്കുന്നത് കോളോണിയൽ ശേഷിപ്പാണ്. അവരോട് ക്രൂരമായി പെരുമാറരുത്. മനുഷ്യത്വം കാട്ടണം. ജാതിയുടെ മതിലുകൾ ഭരണഘടനയ്ക്ക് തകർക്കാൻ കഴിയാത്തതല്ല.
-സുപ്രീംകോടതി